മനുഷ്യ- വന്യജീവി സംഘർഷം ലഘൂകരിക്കാൻ ഇത്തവണ ദീർഘകാല സമീപനവുമായി വനം വകുപ്പ്.
Thiruvananthapuram, 30 ജൂലൈ (H.S.) കാലങ്ങളായി തുടരുന്ന മനുഷ്യ- വന്യജീവി സംഘർഷം ലഘൂകരിക്കാൻ ഇത്തവണ ദീർഘകാല സമീപനവുമായി വനം വകുപ്പ്. ഇതിനായി വിഷൻ 2031 രൂപപ്പെടുത്തിയിട്ടുണ്ട്. സുരക്ഷിതമായ മനുഷ്യ വന്യജീവി സഹവർത്തിത്വം ഉറപ്പാക്കാൻ ഇതിൽ ഉൾപ്പെടുത്തി സേ
WILDLIFE MANAGEMENT KERALA


Thiruvananthapuram, 30 ജൂലൈ (H.S.)

കാലങ്ങളായി തുടരുന്ന മനുഷ്യ- വന്യജീവി സംഘർഷം ലഘൂകരിക്കാൻ ഇത്തവണ ദീർഘകാല സമീപനവുമായി വനം വകുപ്പ്. ഇതിനായി വിഷൻ 2031 രൂപപ്പെടുത്തിയിട്ടുണ്ട്. സുരക്ഷിതമായ മനുഷ്യ വന്യജീവി സഹവർത്തിത്വം ഉറപ്പാക്കാൻ ഇതിൽ ഉൾപ്പെടുത്തി സേഫ് എന്നൊരു പദ്ധതിയും വനം വകുപ്പ് മുന്നോട്ട് വെയ്ക്കുന്നു. ജനങ്ങൾക്ക് മുൻഗണന നൽകുന്ന ശാസ്ത്രീയമായ മനുഷ്യ വന്യജീവി സഹവർത്തിത്വ മാതൃകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.

സേഫ് പദ്ധതി (SAFE- Secure Habitats, Alert Communities,Fast Response, Equitable Relief)

സുരക്ഷിതമായ ആവാസവ്യവസ്ഥ, ജാഗ്രതയുള്ള സമൂഹങ്ങൾ, വേഗത്തിലുള്ള പ്രതികരണം, നീതിപൂർവമായ പരിഹാരം എന്നിങ്ങനെ നാല് കാര്യങ്ങളാണ് സേഫ് പദ്ധതിയിൽ ഉൾപ്പെടുന്നത്. ഇതിനായി വനം വകുപ്പ് ശ്രദ്ധ വെയ്ക്കുന്നത് മൂന്ന് കാര്യങ്ങളിലാണ്. വനത്തിന് പുറത്തേക്കുള്ള വന്യജീവികളുടെ വ്യാപനം ഇല്ലാതാക്കുകയും അവയെ വനത്തിനുള്ളിൽ ഒതുക്കി നിർത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യുക, ഇനി വന്യജീവികൾ മനുഷ്യരുടെ ആവാസ വ്യവസ്ഥയിലേക്ക് കടന്നു കയറുമ്പോൾ ഉണ്ടാകുന്ന സംഘഷം ലഘൂകരിക്കലാണ് അടുത്ത നടപടി. ഇതിന് പുറമേ മനുഷ്യ- വന്യജീവി സംഘർഷങ്ങളിൽ പരിക്കേൽക്കുന്നവർക്കും മരണമടയുന്നവർക്കും കാലതാമസമില്ലാതെ അർഹമായ നഷ്ടപരിഹാരം നൽകുന്നത് ഉറപ്പാക്കുക എന്നതാണ് മറ്റൊരു കാര്യം.

വന്യജീവികളുടെ വ്യാപന നിയന്ത്രണം

വന്യജീവികൾ വനത്തിൽ നിന്നും പുറത്തിറങ്ങുന്നത് തടയുന്നതിനായി ഓരോ പ്രദേശത്തിനും അനുയോജ്യമായ സൗരോർജവേലികളും പ്രതിരോധ സംവിധാനങ്ങളും ഒരുക്കും. ആവാസവ്യവസ്ഥ മെച്ചപ്പെടുത്തുന്നതും, വന്യജീവി ഇടനാഴികളുടെയും വനാതിർത്തികളുടെയും സംരക്ഷണം കൃത്യമായി നടപ്പാക്കാനും വകുപ്പ് ഒരുക്കങ്ങൾ നടത്തുകയാണ്. പ്രശ്നബാധിത പ്രദേശങ്ങളിൽ ദ്രുത കർമ സേനയുടെ (ആർആർടി) സാന്നിധ്യവും തത്സമയ മുന്നറിയിപ്പുകൾ നൽകുന്നതിനുള്ള സംവിധാനവും ഉറപ്പാക്കുകയും ചെയ്യും. മനുഷ്യവാസമുള്ള വനാതിർത്തികളിൽ വനം വെട്ടിത്തെളിച്ച് വിസ്താ ക്ലിയറൻസ് (Vista Clearance) നടത്തും. ഇതിന് പുറമേ സുസ്ഥിരമായ ഭൂവിനിയോഗ രീതികളും അവലംബിക്കാനാണ് വനം വകുപ്പ് നൽകുന്ന നിർദേശം.

മനുഷ്യ- വന്യജീവി സംഘർഷ ലഘൂകരണം

മനുഷ്യ- വന്യജീവി സംഘർഷ ലഘൂകരണത്തിൻ്റെ ഭാഗമായി നിർമിത ബുദ്ധി (AI), ഡ്രോൺ സാങ്കേതിക വിദ്യ, ഇൻ്റർനെറ്റ് ഓഫ് തിങ്ങ്സ് - ഐ.ഒ.ടി (loT) എന്നിവ അടിസ്ഥാനമാക്കിയുള്ള മുന്നറിയിപ്പുകൾ ജനങ്ങൾക്ക് വേഗത്തിൽ ലഭ്യമാക്കും. പ്രാഥമിക പ്രതികരണ സേനകളുടെയും (PRT), ജനജാഗ്രതാ സമിതികളുടെയും സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുകയും ഉപയോഗപ്പെടുത്തുകയും ചെയ്യും. ഗോത്ര-പ്രാദേശിക അറിവുകൾ കൂടി ഉൾപ്പെടുത്തി കൂടുതൽ കാര്യക്ഷമതയോടെയുള്ള മനുഷ്യ വന്യജീവി സംഘർഷ ലഘൂകരണ നടപടികൾ സ്വീകരിക്കും. ഓരോ മൃഗത്തിനും അനുയോജ്യമായ സംഘർഷ ലഘൂകരണ പ്രോട്ടോക്കോളുകൾ - നിയമസാധുതയോടെ രൂപപ്പെടുത്തുകയും വന്യജീവികളുടെ ആവാസവ്യവസ്ഥയിലെ ഭക്ഷ്യ-ജല ലഭ്യത മെച്ചപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യും.

കൃത്യതയോടെ നഷ്ടപരിഹാരം

മനുഷ്യവന്യജീവി സംഘർഷത്തിൽ ജീവഹാനിക്കുള്ള നഷ്ടപരിഹാരത്തിൽ 50% വർധനവാണ് നിലവിൽ ഉദ്ദേശിക്കുന്നത്. ഏഴു ദിവസത്തിനകം നഷ്ട പരിഹാരത്തുക നൽകുന്നതിനുള്ള പ്രോട്ടോക്കോൾ നടപ്പിലാക്കുന്നതിനുള്ള സാധ്യതകളും പരിശോധിക്കുന്നുണ്ട്. നഷ്ടപരിഹാര ക്ലെയിമുകൾക്കായി എംഎസിടി (MACT) മാതൃകയിലുള്ള ട്രൈബ്യൂണൽ നടപ്പിലാക്കുന്നതിനുള്ള സാദ്ധ്യതകളും പരിശോധിക്കും. വന്യജീവി ആക്രമണത്തിൽ ഉണ്ടാവുന്ന വിളനാശ ഇൻഷുറൻസും ഹോട്ട്സ്പോട്ടുകളിൽ ജനങ്ങൾക്ക് ആജീവനാന്ത ഇൻഷൂറൻസ് കവറേജും ഏർപ്പെടുത്താനും ആലോചനയുണ്ട്. വന്യജീവി ഇടനാഴികളിൽ താമസിക്കുന്നവർക്കായി സ്വയം സന്നദ്ധ പുനരധിവാസ പദ്ധതിയും വനം വകുപ്പ് തയാറാക്കും.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News