Enter your Email Address to subscribe to our newsletters

Kochi, 30 ജൂലൈ (H.S.)
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിന്റെ വിചാരണാ വിവരങ്ങളും രേഖകളും മാധ്യമങ്ങളിലൂടെ പുറത്തുവന്നതിനെതിരെയുള്ള ദിലീപിന്റെ പരാതിയില്‍ അന്വേഷണം വൈകുന്നതില്‍ ഹൈക്കോടതിയുടെ ശക്തമായ വിമര്‍ശനം. അന്വേഷണത്തില്‍ ഉണ്ടായ കാലതാമസം വളരെ ഗൗരവമായാണ് കാണുന്നതെന്ന് കോടതി വ്യക്തമാക്കി. അന്വേഷണത്തിന്റെ പുരോഗതി അറിയിക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം നല്‍കി.
രണ്ട് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ കോടതി നിര്‍ദ്ദേശിച്ചിരുന്നുവെങ്കിലും ഇത് പാലിക്കപ്പെട്ടിട്ടില്ല. ആകെ നാല് കേസുകളില്‍ ഇതുവരെ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ലെന്ന് ദിലീപ് കോടതിയെ അറിയിച്ചു.
2017-ലെ നടിയെ ആക്രമിച്ച കേസിന്റെ വിചാരണ എറണാകുളം പ്രത്യേക കോടതിയില്‍ നടക്കവെയാണ് സംഭവം. കോടതിയിലെ രഹസ്യ നടപടികള്‍, ഔദ്യോഗിക രേഖകള്‍, സാക്ഷിമൊഴികള്‍ എന്നിവയുള്‍പ്പെടെയുള്ള നിര്‍ണായക വിവരങ്ങള്‍ ചില മാധ്യമങ്ങളിലൂടെ പുറത്തുവരുന്നു എന്നായിരുന്നു ദിലീപിന്റെ പ്രധാന പരാതി.
ക്രിമിനല്‍ കേസ് വിചാരണയിലിരിക്കെ ഇത്തരത്തിലുള്ള വിവരങ്ങള്‍ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത് ന്യായമായ വിചാരണയെയും കോടതിയുടെ രഹസ്യാത്മകതയെയും സാരമായി ബാധിക്കുമെന്നും, ഇത് പ്രതിയുടെ അവകാശങ്ങളെയും വിചാരണയുടെ വിശ്വാസ്യതയെയും ചോദ്യം ചെയ്യുന്നതാണെന്നും ദിലീപ് ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.
നടിയെ ആക്രമിച്ച കേസിലെ ശിക്ഷാവിധി മരവിപ്പിക്കണമെന്ന പ്രതികളായ പള്‍സര്‍ സുനിയുടെയും അഞ്ചാം പ്രതി വടിവാള്‍ സലിമിന്റെയും ആറാം പ്രതി പ്രദീപിന്റെയും ഇടക്കാല ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു. വിചാരണക്കോടതിയുടെ വിധിയില്‍ എന്തെങ്കിലും തരത്തിലുള്ള അപാകതകളോ നിയമവിരുദ്ധതയോ ഉള്ളതായി ചൂണ്ടിക്കാണിക്കാന്‍ ഹര്‍ജിക്കാരന് കഴിഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി പ്രതികളുടെ ഇടക്കാല ആവശ്യം തള്ളിയത്.
കുറ്റകൃത്യത്തിന്റെ ഗൗരവം, അത് നടപ്പിലാക്കിയ രീതി, പൊതുതാത്പ്പര്യം എന്നിവ കണക്കിലെടുക്കുമ്പോള്‍ ശിക്ഷ മരവിപ്പിക്കാന്‍ തക്കതായ കാരണങ്ങളോ അസാധാരണ സാഹചര്യങ്ങളോ ഹര്‍ജിക്കാരന് ചൂണ്ടിക്കാണിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് രാജ വിജയരാഘവന്‍ വി, ജസ്റ്റിസ് കെ വി ജയകുമാര്‍ എന്നിവരടങ്ങിയ ബെഞ്ച് ഹര്‍ജി തള്ളിയത്.
ശിക്ഷാവിധി മരവിപ്പിച്ച് പ്രതിക്ക് ജാമ്യം അനുവദിക്കുന്നതിനെ പ്രോസിക്യൂഷനും ഇരയായ നടിയും ശക്തമായി എതിര്‍ത്തിരുന്നു. ഹീനമായ കുറ്റകൃത്യമാണ് നടന്നിട്ടുള്ളതെന്നും ഇത്തരം സാഹചര്യത്തില്‍ ശിക്ഷ മരവിപ്പിച്ച് പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നത് കുറ്റകൃത്യത്തിന്റെ ഗൗരവം കുറയ്ക്കാന്‍ ഇടയാക്കുമെന്നുമാണ് നടി കോടതിയെ അറിയിച്ചത്.
2017 ഫെബ്രുവരി 17-നാണ് കേരളത്തെ നടുക്കിയ സംഭവം അരങ്ങേറുന്നത്. തൃശൂര്‍ നഗരത്തില്‍ നിന്നും എറണാകുളത്തേക്കുള്ള യാത്രാമധ്യേയാണ് പ്രമുഖ നടി സഞ്ചരിച്ച വാഹനത്തില്‍ അതിക്രമിച്ചു കയറിയ പ്രതികള്‍ നടിയെ ക്രൂരമായ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയത്.
വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ 2025 ഡിസംബറിലാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഈ കേസില്‍ നിര്‍ണായക വിധി പ്രസ്താവിച്ചത്. ഒന്നാം പ്രതി പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ള 6 പ്രതികളെ കുറ്റക്കാരായി കണ്ടെത്തിയ കോടതി ഇവര്‍ക്ക് ജീവപര്യന്തം തടവുശിക്ഷ വിധിക്കുകയായിരുന്നു.
നടിയെ ആക്രമിക്കുന്നതിനായി വാടകഗുണ്ടകളെ ഏര്‍പ്പാടാക്കിയെന്നും, ഗൂഢാലോചനയില്‍ പങ്കാളിയായ ദിലീപ് ലൈംഗിക അതിക്രമം ഉള്‍പ്പെടെയുള്ള അതീവ ഗുരുതരമായ കുറ്റങ്ങളാണ് ചെയ്തതെന്നുമായിരുന്നു പ്രോസിക്യൂഷന്‍ പ്രധാനമായും ഉന്നയിച്ചിരുന്നത്.
എന്നാല്‍, ദിലീപിനെതിരെയുള്ള ഈ കുറ്റങ്ങള്‍ സംശയാതീതമായി തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കണ്ടെത്തിയ വിചാരണക്കോടതി ദിലീപ് ഉള്‍പ്പെടെ നാല് പേരെ കേസില്‍ നിന്നും വെറുതെ വിട്ടിരുന്നു.
---------------
Hindusthan Samachar / Sreejith S