Enter your Email Address to subscribe to our newsletters

New delhi, 30 ജൂലൈ (H.S.)
മൂന്ന് സംസ്ഥാനങ്ങളിലെ നിയമസഭയിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന്റെ വോട്ടിങ്ങ് തുടങ്ങി. ബിഹാറിലെ ബാങ്കിപ്പൂര്‍, മധ്യപ്രദേശിലെ ദതിയ, ഗുജറാത്തിലെ മഞ്ചല്‍പൂര്‍ എന്നീ നിയമസഭ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴിനാണ് വോട്ടെടുപ്പ് തുടങ്ങിയത്. സ്വതന്ത്രവും സമാധാനപരവുമായ വോട്ടെടുപ്പ് ഉറപ്പാക്കാന്‍ വിപുലമായ സജ്ജീകരണങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഒരുക്കിയിട്ടുള്ളത്. കനത്ത സുരക്ഷയും സജ്ജമാക്കിയിട്ടുണ്ട്.
ബിഹാറിലെ ബാങ്കിപ്പൂര്‍ മണ്ഡലത്തില്‍ 26 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. ജന്‍ സുരാജ് പാര്‍ട്ടി സ്ഥാപകന്‍ പ്രശാന്ത് കിഷോര്‍ ആദ്യമായി ജനവിധി തേടുന്നു എന്നതാണ് ഈ ഉപതെരഞ്ഞെടുപ്പിന്റെ ഏറ്റവും വലിയ പ്രത്യേകത. 3.80 ലക്ഷം വോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളത്. വൈകിട്ട് ആറുവരെയാണ് പോളിങ് നടക്കുകയെന്നും ഓഗസ്റ്റ് മൂന്നിന് വോട്ടെണ്ണല്‍ നടക്കുമെന്നും സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ അറിയിച്ചു. ബിജെപിയുടെ ഉറച്ച കോട്ടയായ ബാങ്കിപ്പൂരില്‍ പ്രശാന്ത് കിഷോര്‍ എത്തുന്നതോടെ ശക്തമായ മത്സരത്തിനാണ് കളമൊരുങ്ങിയിരിക്കുന്നത്.
ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്‍ ഏപ്രിലില്‍ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. കഴിഞ്ഞ നവംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ആര്‍ജെഡിയുടെ രേഖാ ഗുപ്തയെ 50,000ത്തിലധികം വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി നിതിന്‍ നബിന്‍ തുടര്‍ച്ചയായ അഞ്ചാം തവണയും മണ്ഡലം നിലനിര്‍ത്തിയിരുന്നു. ഇത്തവണ യുവമോര്‍ച്ച നേതാവ് നീരജ് കുമാര്‍ സിന്‍ഹയെയാണ് ബിജെപി കളത്തിലിറക്കിയിരിക്കുന്നത്. 1995ല്‍ പട്‌ന വെസ്റ്റ് എന്നറിയപ്പെട്ടിരുന്ന കാലം മുതല്‍ ബിജെപി ഒരിക്കല്‍പ്പോലും പരാജയമറിയാത്ത മണ്ഡലമാണിത്. മണ്ഡലത്തിലെ 422 പോളിങ് ബൂത്തുകളും നഗരപ്രദേശങ്ങളിലാണെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
ബാങ്കിപ്പൂരില്‍ 26 സ്ഥാനാര്‍ഥികള്‍ മത്സരരംഗത്തുണ്ടെങ്കിലും പ്രശാന്ത് കിഷോറും ബിജെപിയുടെ നീരജ് കുമാര്‍ സിന്‍ഹയും തമ്മിലാണ് പ്രധാന പോരാട്ടം. പൊലീസിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന വീഴ്ചകള്‍ തുറന്നുകാണിക്കാനാണ് താന്‍ സ്റ്റേഷനില്‍ ഇരിക്കുന്നതെന്ന് പ്രശാന്ത് കിഷോര്‍ വ്യക്തമാക്കി. മദ്യനിരോധന നിയമപ്രകാരം തന്റെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കുമെന്ന് എസ്എച്ച്ഒ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ സമ്മര്‍ദം ചെലുത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
മധ്യപ്രദേശിലെ ദതിയ നിയമസഭ മണ്ഡലത്തില്‍ ബിജെപിക്കായി അശുതോഷ് തിവാരിയാണ് മത്സരിക്കുന്നത്. അദ്ദേഹത്തിന്റെ ആദ്യ തെരഞ്ഞെടുപ്പാണിത്. അതേസമയം മുതിര്‍ന്ന നേതാവ് കുന്‍വര്‍ ഘനശ്യാം സിങ്ങിനെയാണ് കോണ്‍ഗ്രസ് വീണ്ടും സ്ഥാനാര്‍ഥിയാക്കിയിരിക്കുന്നത്. അദ്ദേഹം ഏഴാം തവണയാണ് ഈ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുന്നത്. ബാങ്ക് തട്ടിപ്പ് കേസില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് എംഎല്‍എ രാജേന്ദ്ര ഭാരതിയെ അയോഗ്യനാക്കിയതോടെയാണ് ദതിയയില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.
ഗുജറാത്തിലെ മഞ്ചല്‍പൂര്‍ മണ്ഡലത്തിലും വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. മുതിര്‍ന്ന ബിജെപി എംഎല്‍എ യോഗേഷ് പട്ടേലിന്റെ നിര്യാണത്തെ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. സതീഷ് പട്ടേലിനെയാണ് ബിജെപി ഇവിടെ സ്ഥാനാര്‍ഥിയാക്കിയിരിക്കുന്നത്. മുന്‍ മന്ത്രി ഭിഖാഭായ് റബാരിയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. ഇരുപാര്‍ട്ടികളും തമ്മിലുള്ള നേരിട്ടുള്ള പോരാട്ടത്തിനാണ് മഞ്ചല്‍പൂര്‍ സാക്ഷ്യം വഹിക്കുന്നത്. മൂന്നിടത്തും കനത്ത സുരക്ഷയിലാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത്.
---------------
Hindusthan Samachar / Sreejith S