Enter your Email Address to subscribe to our newsletters

New delhi, 30 ജൂലൈ (H.S.)
നീറ്റ് ക്രമക്കേടില്‍ ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ജന്തര്‍ മന്തറില്‍ പതിഷേധത്തിനിടെ തന്നെയും കുടുംബത്തെയും ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി അഭിജീത് ദിപ്കെ. ഭീഷണിപ്പെടുത്തി തന്നെ ബിജെപിയില്‍ ചേര്‍ക്കാനാണ് ശ്രമം നടന്നത്. ഛത്രപതി സംഭാജിനഗറില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് വിദ്യാര്‍ത്ഥി പ്രതിഷേധങ്ങള്‍ക്കിടെ തനിക്ക് തുടര്‍ച്ചയായ ഭീഷണികള്‍ കോക്രോച്ച് ജനതാ പാര്‍ട്ടിസ്ഥാപകന്‍ അഭിജീത് ദിപ്കെ വെളിപ്പെടുത്തിയത്.
സമാധാനപരമായി സമരം ചെയ്ത വിദ്യാര്‍ത്ഥികള്‍ക്കെതിരെ മാരകായുധങ്ങള്‍ ഉപയോഗിച്ച് പോലീസ് അടിച്ചമര്‍ത്തല്‍ നടത്തിയതായി ആരോപിച്ച ദിപ്കെ, ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കുന്നതിനായി താന്‍ പോരാട്ടം തുടരുമെന്നും വ്യക്തമാക്കി. പുതിയ വിദ്യാഭ്യാസമന്ത്രിയുടെ തെരഞ്ഞെടുപ്പും അദ്ദേഹത്തിന്റെ നിലപാടുകളും രാജ്യത്തിന് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ബാബാ രാംദേവിനെപ്പോലെയുള്ളവര്‍ രാഷ്ട്രീയം പറയുന്നതിന് പകരം സ്വന്തം ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരത്തില്‍ ശ്രദ്ധിക്കണമെന്ന് പരിഹസിച്ച ദിപ്കെ, കേന്ദ്രസര്‍ക്കാര്‍ കുറ്റവാളികളെയും ബലാത്സംഗം ചെയ്യുന്നവരെയും സംരക്ഷിക്കുകയാണെന്നും കുറ്റപ്പെടുത്തി. ജന്തര്‍ മന്തറിലെ പ്രതിഷേധ സമയത്ത് താന്‍ കടുത്ത സമ്മര്‍ദ്ദത്തിലായിരുന്നുവെന്നും ദിപ്കെ മാധ്യമങ്ങളോട് പറഞ്ഞു. 'ബിജെപിയില്‍ ചേരാത്ത പക്ഷം അത് എന്റെ കുടുംബത്തിന് ദോഷകരമായി ബാധിക്കുമെന്ന് അവര്‍ എന്നോട് പറഞ്ഞു.' ദിപകെയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
തന്നെപ്പോലൊരു വിദ്യാര്‍ത്ഥിയെ രാജ്യത്തെ ഉന്നത പദവികള്‍ വഹിക്കുന്നവര്‍ ഭീഷണിപ്പെടുത്തുന്നത് ലജ്ജാകരമാണെന്നും യുവാക്കളെ ഭീഷണിപ്പെടുത്താനാണ് ഉപയോഗിക്കുന്നതെങ്കില്‍ ഇത്തരം പദവികള്‍ക്ക് എന്ത് വിലയാണുള്ളതെന്നും അദ്ദേഹം ചോദിച്ചു. ദിപ്കെ യുവതലമുറയെ വഴിതെറ്റിക്കുകയാണെന്ന ആരോപണങ്ങള്‍ക്ക്, 'ഞങ്ങളെക്കുറിച്ചല്ല, ഗുണനിലവാരമില്ലാത്ത പതഞ്ജലി ഉല്‍പ്പന്നങ്ങളെക്കുറിച്ച് വേവലാതിപ്പെടൂ' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
സര്‍ക്കാരിനെ ചോദ്യം ചെയ്യുന്നതും ജനാധിപത്യത്തിനും വിദ്യാഭ്യാസത്തിനും വിദ്യാര്‍ത്ഥികളുടെ ഭാവിക്കും വേണ്ടി പോരാടുന്നതും സമൂഹത്തെ നശിപ്പിക്കലല്ലെന്ന് ദിപ്കെ ഊന്നിപ്പറഞ്ഞു. 'ജനാധിപത്യം സംരക്ഷിക്കാന്‍ പോരാടുന്നതും, സര്‍ക്കാരിനെ ചോദ്യം ചെയ്യുന്നതും, ഒരാളുടെ ഭാവിക്കും വിദ്യാഭ്യാസത്തിനുള്ള അവകാശത്തിനും വേണ്ടി പോരാടുന്നതും സംസ്‌കാരത്തെ നശിപ്പിക്കുന്നതാണെങ്കില്‍, ഞാന്‍ ആ പോരാട്ടം തുടരും.' അദ്ദേഹം പറഞ്ഞു.
യോഗാ ഗുരു ബാബ രാംദേവിനെയും ദിപ്കെ വെറുതെവിട്ടില്ല. രാഷ്ട്രീയത്തെക്കുറിച്ച് അഭിപ്രായം പറയുന്നതിന് പകരം പതഞ്ജലി ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിലാണ് അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് അദ്ദേഹം പരിഹസിച്ചു.
'നിങ്ങള്‍ നിര്‍മ്മിക്കുന്ന പതഞ്ജലി ഉല്‍പ്പന്നങ്ങള്‍ നോക്കൂ, അതില്‍ തട്ടിപ്പുണ്ടെന്നാണ് സുപ്രീം കോടതി പോലും പറഞ്ഞത്. അതില്‍ ശ്രദ്ധ കേന്ദ്രീകരിക്കൂ. സംസ്‌കാരവും ജനാധിപത്യവും രാജ്യവും കൈകാര്യം ചെയ്യാന്‍ 'ജെന്‍ സീ' തലമുറയ്ക്ക് നന്നായി അറിയാമെന്ന് ഞാന്‍ കരുതുന്നു. നിങ്ങള്‍ നിങ്ങളുടെ തകരാറുള്ള പതഞ്ജലി ഉല്‍പ്പന്നങ്ങളെക്കുറിച്ച് വേവലാതിപ്പെടൂ, അല്ലെങ്കില്‍ പതഞ്ജലി പൂട്ടിപ്പോയേക്കാം.' അദ്ദേഹം പരിഹസിച്ചു.
വിദ്യാര്‍ത്ഥി പ്രതിഷേധങ്ങള്‍ക്കിടെ നടന്ന പോലീസ് നടപടിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ഉത്തരവാദിയെന്ന് താന്‍ വിശ്വസിക്കുന്നതായും ദിപ്കെ പറഞ്ഞു. പോലീസിനെ നിയന്ത്രിക്കുന്നത് കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണെന്ന് അദ്ദേഹം വാദിച്ചു. വെടിവെപ്പ് നടന്ന സംഭവം ബിജെപി നിഷേധിച്ചെങ്കിലും, ബിഹാറിലെ ആശുപത്രികളില്‍വെച്ച് പരിക്കേറ്റ വിദ്യാര്‍ത്ഥികളെ നേരിട്ട് കണ്ടതായി ദിപ്കെ അവകാശപ്പെട്ടു.
'ബെല്‍റ്റ് ഗണ്ണുകളും എകെ-47 കളും പോലുള്ള ആയുധങ്ങള്‍ ഉപയോഗിച്ചു... തീവ്രവാദികള്‍ക്കെതിരെ ഉപയോഗിക്കേണ്ട ആയുധങ്ങളാണ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ പ്രയോഗിച്ചത്.' അദ്ദേഹം ആരോപിച്ചു. നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റതായും ചിലര്‍ക്ക് കാഴ്ച നഷ്ടപ്പെട്ടതായും അദ്ദേഹം പറഞ്ഞു. ജനാധിപത്യം സംരക്ഷിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
സിജെപി പ്രതിഷേധത്തിന് വിദേശ ഫണ്ടിങ് ലഭിച്ചിരുന്നു എന്ന ആരോപണങ്ങളോട് പ്രതികരിച്ച അദ്ദേഹം, അത്തരത്തില്‍ ഫണ്ടിങ് ലഭിച്ചിട്ടുണ്ടെങ്കില്‍ അത് രാജ്യത്തെ സുരക്ഷാ സംവിധാനങ്ങളുടെ പരാജയമാണെന്നും അതിന് ആഭ്യന്തര മന്ത്രിയാണ് ഉത്തരവാദിത്വം പറയേണ്ടതെന്നും കൂട്ടിച്ചേര്‍ത്തു.
പുതിയ വിദ്യാഭ്യാസ മന്ത്രിയുടെ നിയമനത്തെ രൂക്ഷമായി വിമര്‍ശിച്ച ദിപ്കെ, കേന്ദ്ര സര്‍ക്കാര്‍ 'ബലാത്സംഗം ചെയ്തവരെ പിന്തുണയ്ക്കുന്നു' എന്നും ബിജെപി കുറ്റവാളികളെ പിന്തുണയ്ക്കുന്ന പാര്‍ട്ടിയാണെന്നും അഭിപ്രായപ്പെട്ടു.
'രാജ്യത്തെ വിദ്യാഭ്യാസ മന്ത്രി ബലാത്സംഗം ചെയ്തവരെ സ്വാഗതം ചെയ്യുകയും പ്രശംസിക്കുകയും ചെയ്യുന്നുവെങ്കില്‍, ഏത് തരത്തിലുള്ള വ്യക്തിയെയാണ് പ്രധാനമന്ത്രി ചുമതലപ്പെടുത്തിയിരിക്കുന്നത് എന്നാണ് അത് വ്യക്തമാക്കുന്നത്. നിങ്ങള്‍ രാജ്യത്തിന് എന്ത് സന്ദേശമാണ് നല്‍കുന്നത്? ബലാത്സംഗം ചെയ്തവരെ പിന്തുണയ്ക്കുകയും സ്വാഗതം ചെയ്യുകയും ചെയ്യുന്ന ഒരു വിദ്യാഭ്യാസ മന്ത്രി. ഇതില്‍ കൂടുതല്‍ എന്ത് പ്രതീക്ഷിക്കാനാണ്? അവരുടെ പാര്‍ട്ടിയില്‍ മറ്റാരാണുള്ളത്? അത്തരം ആളുകളെക്കൊണ്ട് നിറഞ്ഞതാണത് ബിജെപി. കുല്‍ദീപ് സെംഗാറിന്റെ കാര്യമോ? അവരുടെ ഭരണത്തില്‍ രാം റഹീമിനെപ്പോലുള്ളവര്‍ പരോളില്‍ പുറത്തിറങ്ങി നടക്കുകയാണ്. ഇത് കുറ്റവാളികളെയും ബലാത്സംഗം ചെയ്തവരെയും പിന്തുണയ്ക്കുന്ന സര്‍ക്കാരാണ്.' ദിപ്കെ പറഞ്ഞു.
ഡോ. ബി.ആര്‍. അംബേദ്കര്‍ തയ്യാറാക്കിയ ഭരണഘടനയിലും മഹാത്മാഗാന്ധിയുടെ ആദര്‍ശങ്ങളിലും തനിക്ക് പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും ജനാധിപത്യപരമായ രീതിയിലൂടെ സമരം തുടരുമെന്നും ദിപ്കെ പറഞ്ഞു. മഹാരാഷ്ട്രയിലെ പേപ്പര്‍ ചോര്‍ച്ച കേസുകള്‍ കൈകാര്യം ചെയ്യുന്നതിനെയും വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്ന മോശം സൗകര്യങ്ങളെയും അദ്ദേഹം വിമര്‍ശിച്ചു. തിരഞ്ഞെടുപ്പ് സമയത്ത് പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താറുണ്ടെങ്കിലും, പരീക്ഷകള്‍ക്കായി യാത്ര ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ പലപ്പോഴും തെരുവോരങ്ങളില്‍ ഭക്ഷണം പോലും ലഭിക്കാതെ ഉറങ്ങേണ്ടി വരികയാണെന്ന് അദ്ദേഹം ആരോപിച്ചു.
---------------
Hindusthan Samachar / Sreejith S