സംസ്ഥാനത്ത് കനത്ത മഴ; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് നാളെ അവധി
Thiruvanathapuram, 30 ജൂലൈ (H.S.) സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത. കനത്ത മഴയും ശക്തമായ കാറ്റും തുടരുന്ന സാഹചര്യത്തില്‍ എറണാകുളം, കാസര്‍കോട്, വയനാട് ജില്ലകളിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (ജൂലൈ 3
Rain Alert


Thiruvanathapuram, 30 ജൂലൈ (H.S.)

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത. കനത്ത മഴയും ശക്തമായ കാറ്റും തുടരുന്ന സാഹചര്യത്തില്‍ എറണാകുളം, കാസര്‍കോട്, വയനാട് ജില്ലകളിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (ജൂലൈ 31, വെള്ളിയാഴ്ച) അവധി പ്രഖ്യാപിച്ചു. കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടിയായാണ് ജില്ലാ കലക്ടര്‍മാര്‍ ഉത്തരവിറക്കിയത്. എറണാകുളത്ത് ജില്ലാ കലക്ടര്‍ ജി. പ്രിയങ്കയും കാസര്‍കോട് ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ഐഎഎസും വയനാട്ടില്‍ ജില്ലാ കലക്ടര്‍ മേഖശ്രീയും ആണ് അവധി പ്രഖ്യാപിച്ചത്.

അങ്കണവാടികള്‍, ട്യൂഷന്‍ സെന്ററുകള്‍, സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, മദ്രസകള്‍ ഉള്‍പ്പെടെയുള്ള മതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെയല്ലാം അവധി ബാധകമാണ്. എന്നാല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്ക് അവധി ബാധകമായിരിക്കില്ല. മുന്‍കൂട്ടി നിശ്ചയിച്ച സര്‍വകലാശാല/പൊതു പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റമുണ്ടാകില്ലെന്നും കലക്ടര്‍മാര്‍ അറിയിച്ചു.

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ കനത്ത മഴയക്ക് സാധ്യതയെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നാളെ 11 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് കാലാവസ്ഥാ വകുപ്പിന്റെ ജാഗ്രത നിര്‍ദേശം.

ഓഗസ്റ്റ് ഒന്നിന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ഓറഞ്ച് അലര്‍ട്ടാണ്. മറ്റു ജില്ലകളില്‍ മഞ്ഞ അലര്‍ട്ടാണ്.ഓഗസ്റ്റ് രണ്ടാം തീയതി പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും മഞ്ഞ അലര്‍ട്ട് ആണ്.

ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ അധികൃതരുടെ നിര്‍ദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം. നദിക്കരകള്‍, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ താമസിക്കുന്നവരും അപകടസാധ്യത മുന്‍കൂട്ടി കണ്ട് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കേണ്ടതാണ്.ദുരന്തസാധ്യത പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ നിര്‍ബന്ധമായും തങ്ങളുടെ പ്രദേശത്ത് ക്യാമ്പുകള്‍ തുറന്നിട്ടുണ്ടെന്ന് ഉറപ്പാക്കേണ്ടതും പകല്‍ സമയത്ത് തന്നെ അങ്ങോട്ട് മാറി താമസിക്കേണ്ടതുമാണ്. ഇതിനായി തദ്ദേശ സ്ഥാപന, റവന്യൂ അധികാരികളുമായി ബന്ധപ്പെടാവുന്നതാണ്.

ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. അപകടാവസ്ഥ മുന്നില്‍ കാണുന്നവര്‍ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം.കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും പോസ്റ്റുകള്‍ തകര്‍ന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്. ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ഒരു കാരണവശാലും നദികള്‍ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീന്‍പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങാന്‍ പാടുള്ളതല്ല.

---------------

Hindusthan Samachar / Sreejith S


Latest News