ഉന്നതവിദ്യാഭ്യാസ രംഗത്തെ നയപരിഷ്കാരങ്ങൾ ജനകീയ ക്യാമ്പയിൻ വരുന്നു, ആഗസ്റ്റ് 1-ന് ശില്പശാല
Thiruvanathapuram, 30 ജൂലൈ (H.S.) തിരുവനന്തപുരം: ദേശീയ വിദ്യാഭ്യാസ നയം (NEP–2020), വികസിത് ഭാരത് ശിക്ഷാ അധിഷ്ഠാൻ (VBSA) ബിൽ, കേരളത്തിലെ നാലുവർഷ ബിരുദപഠന (FYUGP) സമ്പ്രദായം എന്നിവ ഉന്നതവിദ്യാഭ്യാസ രംഗത്ത് സൃഷ്ടിക്കുന്ന ഘടനാപരവും അക്കാദമികവുമായ മാറ്
Kerala university


Thiruvanathapuram, 30 ജൂലൈ (H.S.)

തിരുവനന്തപുരം: ദേശീയ വിദ്യാഭ്യാസ നയം (NEP–2020), വികസിത് ഭാരത് ശിക്ഷാ അധിഷ്ഠാൻ (VBSA) ബിൽ, കേരളത്തിലെ നാലുവർഷ ബിരുദപഠന (FYUGP) സമ്പ്രദായം എന്നിവ ഉന്നതവിദ്യാഭ്യാസ രംഗത്ത് സൃഷ്ടിക്കുന്ന ഘടനാപരവും അക്കാദമികവുമായ മാറ്റങ്ങൾ വിശദമായി വിലയിരുത്തുന്നതിനായി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് വിവിധ അധ്യാപക സംഘടനകളുടെയും സാമൂഹ്യ സംഘടനകളുടെയും സഹകരണത്തോടെ ആഗസ്റ്റ് 1-ന് തിരുവനന്തപുരത്ത് സംസ്ഥാനതല അക്കാദമിക ശില്പശാല സംഘടിപ്പിക്കുന്നു.

സർവകലാശാലാ സ്വയംഭരണം, ഫെഡറലിസം, പൊതുവിദ്യാഭ്യാസം, അക്കാദമിക സ്വാതന്ത്ര്യം, ഗുണനിലവാര നിർണയം, കേന്ദ്രീകരണം, സ്വകാര്യവൽക്കരണം, മതേതരത്വം തുടങ്ങിയ വിഷയങ്ങളിൽ ശാസ്ത്രീയവും ജനാധിപത്യപരവുമായ സംവാദത്തിന് വേദിയൊരുക്കുന്നതാണ് ശില്പശാല.

ശില്പശാല കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസിഡന്റ് ഡോ. സി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.

ഉന്നതവിദ്യാഭ്യാസ വിഷയസമിതി ചെയർമാൻ ഡോ. സി. പത്മനാഭൻ അധ്യക്ഷത വഹിക്കും.

ശില്പശാലയിലെ മുഖ്യപ്രഭാഷണം പ്രമുഖ ചരിത്രകാരനും വിദ്യാഭ്യാസ ചിന്തകനുമായ ഡോ. കെ. എൻ. ഗണേഷ് അവതരിപ്പിക്കും.

വികസിത് ഭാരത് ശിക്ഷാ അധിഷ്ഠാൻ (VBSA) ബിൽ: ഇന്ത്യൻ ഉന്നതവിദ്യാഭ്യാസത്തിന്റെ ഘടന, സർവകലാശാലാ സ്വയംഭരണം, സംസ്ഥാനങ്ങളുടെ അധികാരങ്ങൾ – ഒരു വിമർശനാത്മക വായന എന്ന വിഷയത്തിലാണ് അദ്ദേഹത്തിന്റെ പ്രബന്ധം. ഇതോടൊപ്പം അൽ അമീൻ കോളേജ്, ആലുവയിലെ ഡോ. ശ്രീജ എസ്. കേരളത്തിലെ നാലുവർഷ ബിരുദപഠനം (FYUGP): അനുഭവങ്ങൾ, സാധ്യതകൾ, വെല്ലുവിളികൾ എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിക്കും. തുടർന്ന് അധ്യാപകർ, ഗവേഷകർ, വിദ്യാഭ്യാസ പ്രവർത്തകർ, വിദ്യാർത്ഥികൾ എന്നിവരുടെ പങ്കാളിത്തത്തോടെ ചർച്ചയും ക്രോഡീകരണവും നടത്തി ജനകീയ വിദ്യാഭ്യാസ ക്യാമ്പയിന്റെ പ്രവർത്തനരേഖയ്ക്ക് രൂപം നൽകും.

ഡൽഹിയിൽ വിദ്യാർത്ഥികൾ നടത്തുന്ന സമരത്തിന്റെ പശ്ചാത്തലത്തിലും ഉന്നതവിദ്യാഭ്യാസ മേഖലയിലെ അനിശ്ചിതാവസ്ഥയുടെയും സാഹചര്യത്തിലാണ് സംസ്ഥാനവ്യാപക ജനകീയ വിദ്യാഭ്യാസ ക്യാമ്പയിന് തുടക്കമിടുന്നത്. ഇതിന്റെ ഭാഗമായി ആഗസ്റ്റ് 15-ന് കോഴിക്കോട് രണ്ടാമത് സംസ്ഥാനതല അക്കാദമിക ശില്പശാല സംഘടിപ്പിക്കും.

തുടർന്ന് ആഗസ്റ്റ് 15 മുതൽ 31 വരെ 14 ജില്ലാ ശില്പശാലകളും, സെപ്റ്റംബർ മാസത്തിൽ സംസ്ഥാനത്താകെ 150 ജനകീയ സംവാദ സദസ്സുകളും സംഘടിപ്പിച്ച് ഉന്നതവിദ്യാഭ്യാസ നയപരിഷ്കാരങ്ങളെക്കുറിച്ച് സമൂഹവ്യാപക ചർച്ച ഉയർത്തും.

വിദ്യാഭ്യാസവിദഗ്ധർ, സർവകലാശാല-കോളേജ് അധ്യാപകർ, ഗവേഷകർ, അധ്യാപകസംഘടനാ പ്രതിനിധികൾ, വിദ്യാർത്ഥികൾ, വിദ്യാഭ്യാസ പ്രവർത്തകർ, പൊതുസമൂഹം എന്നിവർ ശില്പശാലയിലും തുടർപരിപാടികളിലും സജീവമായി പങ്കെടുക്കണമെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് അഭ്യർത്ഥിച്ചു. ഇതിൻറെ ഭാഗമായി ഉന്നത വിദ്യാഭ്യാസം പരിഷ്കാരങ്ങളും പ്രതിരോധങ്ങളും എന്ന പേരിൽ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഒരു പുസ്തകം പ്രകാശനം ചെയ്തിട്ടുണ്ട്

---------------

Hindusthan Samachar / Sreejith S


Latest News