Enter your Email Address to subscribe to our newsletters

Thiruvanathapuram, 30 ജൂലൈ (H.S.)
ഉന്നത വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട സുപ്രധാന വിഷയങ്ങളിൽ വിദ്യാർഥി സംഘടനകളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും സർക്കാർ ഗൗരവമായി പരിഗണിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ പറഞ്ഞു.സെക്രട്ടേറിയറ്റിൽ വിവിധ വിദ്യാർഥി സംഘടനാ പ്രതിനിധികളുമായി നടത്തിയ യോഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
നാല് വർഷ ബിരുദ കോഴ്‌സ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ആശങ്കകളും നിർദേശങ്ങളും വിശദമായി സമർപ്പിക്കാൻ വിദ്യാർഥി സംഘടനകളോട് മന്ത്രി ആവശ്യപ്പെട്ടു. ഇയർബാക്ക് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ബോർഡ് ഓഫ് ഗവേണൻസ് പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കും.സിഇടി കോൺസ്റ്റുവൻ്റ് പദവി, കീം ഉൾപ്പടെയുള്ള എല്ലാ കാര്യങ്ങളിലും ബന്ധപ്പെട്ട എല്ലാവരുമായും ചർച്ച നടത്തിയ ശേഷമേ നടപടി സ്വീകരിക്കുകയെന്ന് മന്ത്രി യോഗത്തിൽ അറിയിച്ചു.ക്യാമ്പസുകളിലെ വിദ്യാർഥി യൂണിയനുകളെ കൂടുതൽ ക്രിയാത്മകമാക്കുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിക്കും. അക്കാദമിക, സാംസ്കാരിക, സാമൂഹിക മേഖലകളിൽ ക്യാമ്പസുകളുടെ വൈവിധ്യം ശക്തിപ്പെടുത്തി കേരളത്തെ രാജ്യത്തിന് മാതൃകയാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി റോജി.എം.ജോൺ പറഞ്ഞു.
ഉന്നത വിദ്യാഭ്യാസ മേഖലയിൽ സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള എല്ലാ പദ്ധതികളും സമയബന്ധിതമായി നടപ്പിലാക്കുമെന്നും മന്ത്രി യോഗത്തിൽ വ്യക്തമാക്കി.വിവിധ വിദ്യാർഥി സംഘടനകളുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്ത് ഉന്നത വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നിർദേശങ്ങളും അഭിപ്രായങ്ങളും അവതരിപ്പിച്ചു.
ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൾ സെക്രട്ടറി ബി.അശോക് ഐഎഎസ്, ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ഡോ.അച്യുത് ശങ്കർ എന്നിവരും യോഗത്തിൽ പങ്കെടുത്തു
---------------
Hindusthan Samachar / Sreejith S