Enter your Email Address to subscribe to our newsletters

Thiruvanathapuram, 30 ജൂലൈ (H.S.)
തിരുവനന്തപുരം : കർക്കടകവാവു ബലിയ്ക്ക് വിവിധ കേന്ദ്രങ്ങളിലെത്തുന്ന ഭക്തർക്ക് സുഗമമായി ബലിതർപ്പണം നടത്താൻ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അധികൃതർ അറിയിച്ചു. കഴിഞ്ഞ വർഷം കൊല്ലം തിരുമുല്ലാവാരത്ത് ഉണ്ടായ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി. കർക്കടകവാവു ബലി ഒരുക്കങ്ങൾ വിലയിരുത്താൻ ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ.മുരളീധരന്റെ നിർദ്ദേശപ്രകാരം വിളിച്ചു ചേർത്ത അവലോകന യോഗത്തിലാണ് ദേവസ്വംബോർഡ് അധികൃതർ മുന്നൊരുക്കങ്ങൾ വിശദീകരിച്ചത്.
തൈക്കാട് ഗസ്റ്റ് ഹൗസിൽ നടന്ന യോഗത്തിൽ തൊഴിൽ -വനിതാശിശു വികസന മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ബിന്ദുകൃഷ്ണ അദ്ധ്യക്ഷത വഹിച്ചു. കഴിഞ്ഞ വർഷം കൊല്ലം തിരുമുല്ലാവാരത്ത് മതിയായ ക്രമീകരണങ്ങളില്ലാത്തതിനാൽ ബലിതർപ്പണത്തിനെത്തിയവർക്കുണ്ടായ ബുദ്ധിമുട്ടും ആളുകൾ ബാരിക്കേഡ് മറികടക്കാനുണ്ടായ സാഹചര്യവും മന്ത്രി യോഗത്തിൽ ചൂണ്ടിക്കാട്ടി. ഈ സാഹചര്യങ്ങൾ മുന്നിൽ കണ്ട് തിരുവല്ലം,ശംഖുമുഖം,അരുവിക്കര, ആലുവ തുടങ്ങിയ വിവിധ കേന്ദ്രങ്ങളിൽ തയ്യാറെടുപ്പുകൾ നടത്തിയിട്ടുണ്ടെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ അറിയിച്ചു. തിരുവല്ലത്ത് പുതുതായി വാങ്ങിയ ഒന്നര ഏക്കർ സ്ഥലത്ത് നാല് വിശാലമായ ബലിമണ്ഡപങ്ങൾ സജ്ജമാക്കുമെന്നും തിരക്ക് നിയന്ത്രിക്കുമെന്നും ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ പറഞ്ഞു.
ബലിതർപ്പണ കേന്ദ്രങ്ങളിൽ ആവശ്യമായ എണ്ണം പുരോഹിതരെ ഉൾപ്പെടെ നിയോഗിക്കാനും യോഗത്തിൽ തീരുമാനിച്ചു.
മേയർ വി.വി.രാജേഷ്, ജി.സ്റ്റീഫൻ എം.എൽ.എ, ദേവസ്വം ബോർഡ് അംഗങ്ങളായ കെ. രാജു, അഡ്വ. പി.ഡി.സന്തോഷ്, ദേവസ്വം വകുപ്പ് സെക്രട്ടറി ഡോ. എം. ജി രാജമാണിക്യം, തിരുവിതാംകൂർ ദേവസ്വം കമ്മീഷണർ സുനിൽ എന്നിവരും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
---------------
Hindusthan Samachar / Sreejith S