കുണ്ടറ കസ്റ്റഡി മരണം: ഒരു പോലീസ് ഉദ്യോഗസ്ഥന് സസ്പെന്ഷന്
Kollam, 30 ജൂലൈ (H.S.) കൊല്ലം കുണ്ടറയില്‍ പോലീസ് കസ്റ്റഡിയില്‍ മര്‍ദ്ധനമേറ്റ യുവാവ് മരണപ്പെട്ട സംഭവത്തില്‍ ഉദ്യോഗസ്ഥനെതിരെ പ്രാഥമിക നടപടി. കേസില്‍ ആരോപണവിധേയനായ സി.പി.ഒ എസ്. ശ്രീജിത്തിനെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തു. കൊല്ലം റൂറല്‍ എസ്.പിയാ
custody desth


Kollam, 30 ജൂലൈ (H.S.)

കൊല്ലം കുണ്ടറയില്‍ പോലീസ് കസ്റ്റഡിയില്‍ മര്‍ദ്ധനമേറ്റ യുവാവ് മരണപ്പെട്ട സംഭവത്തില്‍ ഉദ്യോഗസ്ഥനെതിരെ പ്രാഥമിക നടപടി. കേസില്‍ ആരോപണവിധേയനായ സി.പി.ഒ എസ്. ശ്രീജിത്തിനെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തു. കൊല്ലം റൂറല്‍ എസ്.പിയാണ് സസ്‌പെന്‍ഷന്‍ ഉത്തരവ് പുറപ്പെടുവിച്ചത്.

മരിച്ച സിയാദിനെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുന്ന സമയത്തും തുടര്‍ന്നുള്ള നടപടിക്രമങ്ങളിലും ഗുരുതരമായ വീഴ്ച സംഭവിച്ചതായി ഉത്തരവില്‍ വ്യക്തമാക്കുന്നു. സിയാദിനെ പൊലീസ് വാഹനത്തില്‍ വെച്ച് ശ്രീജിത്ത് ക്രൂരമായി ദേഹോപദ്രവം ഏല്‍പ്പിച്ചതായി ബന്ധുക്കളും പ്രദേശവാസികളും വലിയ തോതില്‍ ആരോപണം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വകുപ്പുതല നടപടി ഉണ്ടായിരിക്കുന്നത്.

കുണ്ടറ സ്വദേശിയായ സിയാദിനെ 13 വയസുകാരനെ കാണാതായ സംഭവത്തിലാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. എന്നാല്‍ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ യുവാവ് മരണപ്പെടുകയായിരുന്നു. സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്ന വഴി ജീപ്പില്‍ വെച്ച് ഉദ്യോഗസ്ഥര്‍ സിയാദിനെ മര്‍ദ്ദിച്ചതാണ് മരണത്തിന് കാരണമായതെന്നാണ് കുടുംബത്തിന്റെ പ്രധാന ആരോപണം.

ആരോപണം ശക്തമായതോടെ സംഭവം വിവാദമാകുകയും പൊലീസിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നുവരികയും ചെയ്തു. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് കസ്റ്റഡിയിലെടുക്കല്‍ നടപടികളില്‍ പൊലീസ് ഭാഗത്തുനിന്നും വീഴ്ച പറ്റിയിട്ടുണ്ടെന്ന് കണ്ടെത്തിയത്.

സംഭവത്തിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാന്‍ ഉന്നതതല അന്വേഷണം പുരോഗമിക്കുകയാണ്. സിയാദിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവരുന്നതോടെ മരണത്തിന്റെ കൃത്യമായ കാരണം വ്യക്തമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കസ്റ്റഡി മരണത്തില്‍ കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടോ എന്നും സമഗ്രമായി പരിശോധിച്ചുവരികയാണ്. ജനങ്ങള്‍ക്ക് പൊലീസിലുള്ള വിശ്വാസ്യത നിലനിര്‍ത്താന്‍ സുതാര്യമായ അന്വേഷണം ഉറപ്പാക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

കുണ്ടറ പെരുമ്പുഴ സ്വദേശിയായ സിയാദിന്റെ മരണത്തിന് പിന്നാലെ, ആരോപണവിധേയനായ പൊലീസ് ഉദ്യോഗസ്ഥന്‍ ശ്രീജിത്തിനെ ഫോണില്‍ വിളിച്ച് മകള്‍ പൊട്ടിക്കരഞ്ഞുകൊണ്ട് നടത്തിയ സംഭാഷണം പുറത്തു വന്നിരുന്നു. സിയാദിനെ കസ്റ്റഡിയിലെടുത്ത അന്ന് രാത്രി മുതല്‍ ഭാര്യയും മകളും സ്റ്റേഷന് മുന്നില്‍ കാത്തുനില്‍ക്കുകയായിരുന്നു. അസുഖബാധിതനായതിനാല്‍ അദ്ദേഹത്തെ ഉപദ്രവിക്കരുതെന്ന് അവര്‍ പൊലീസുകാരോട് അപേക്ഷിച്ചിരുന്നു. എന്നാല്‍ ഇതൊന്നും വകവെയ്ക്കാതെ സി.പി.ഒ ശ്രീജിത്തിന്റെ നേതൃത്വത്തില്‍ പൊലീസ് ജീപ്പില്‍ വെച്ചും പിന്നീട് സ്റ്റേഷനില്‍ വെച്ചും സിയാദിനെ ക്രൂരമായി മര്‍ദ്ദിച്ചെന്നാണ് കുടുംബത്തിന്റെ പരാതി. കസ്റ്റഡി മര്‍ദ്ദനം നേരില്‍ കണ്ടതായി കാണാതായ കുട്ടിയുടെ സഹോദരി തന്നെ പിന്നീട് മാധ്യമങ്ങളോട് സാക്ഷ്യപ്പെടുത്തിയതും പൊലീസിനെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്നു.

പൊലീസ് വിട്ടയച്ചതിന് പിന്നാലെ കടുത്ത ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ച സിയാദിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ വെച്ച് നടത്തിയ പരിശോധനയിലാണ് സിയാദിന്റെ വാരിയെല്ല് പൊട്ടിയതായും നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ് പഴുപ്പ് ബാധിച്ചതായും ഡോക്ടര്‍മാര്‍ കണ്ടെത്തിയത്. 'ആരാണ് ഇത്ര ക്രൂരമായി ഉപദ്രവിച്ചത്?' എന്ന് ഡോക്ടര്‍മാര്‍ ചോദിച്ചപ്പോള്‍, തന്നെ മര്‍ദ്ദിച്ച പൊലീസുകാരുടെ പേരുകള്‍ സിയാദ് കൃത്യമായി വെളിപ്പെടുത്തിയിരുന്നതായി മകള്‍ പറഞ്ഞിരുന്നു.

---------------

Hindusthan Samachar / Sreejith S


Latest News