Enter your Email Address to subscribe to our newsletters

Thiruvanathapuram, 30 ജൂലൈ (H.S.)
ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 58 കേസുകളിലായി 62 പേര്‍ കൂടി അറസ്റ്റിലായി. ഇതോടെ ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 8215 ആയി ഉയര്‍ന്നു. ആകെ 8835 അറസ്റ്റുകളാണ് ഇതുവരെ നടന്നത്. ഇതുവരെ 6675 ഗ്രാം എം.ഡി.എം.എ.യും 754 കി.ഗ്രാം കഞ്ചാവും 295.057 ഗ്രാം ഹെറോയിനും പിടിച്ചെടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ സ്മാള്‍ ക്വാണ്ടിറ്റി കൈവശം വച്ചതിന് 10 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വച്ചതിന് 4 കേസുകളും കൊമേഴ്ഷ്യല്‍ ക്വാണ്ടിറ്റി കൈവശം വച്ചതിന് ഒരു കേസും 27 എന്‍.ഡി.പി.എസ് ആക്ട് പ്രകാരം 43 കേസുകളും കോട്പ പ്രകാരം 23 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരില്‍ നിന്ന് 17.490 ഗ്രാം എം.ഡി.എം.എയും 10.335 കി.ഗ്രാം കഞ്ചാവും 218 ഗ്രാം ഹെറോയിനും പിടിച്ചെടുത്തു.
ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി ഇന്നലെ മാത്രം സംസ്ഥാനത്തുടനീളം കേരള പോലീസ് 65 ബോധവത്ക്കരണ ക്ലാസുകള്‍ നടത്തി. ഇതുവരെ നടത്തിയ ആകെ ബോധവത്ക്കരണ ക്ലാസ്സുകളുടെ എണ്ണം 8203 ഉം കൗണ്‍സിലിങ്ങുകളുടെ എണ്ണം 472 ഉം ആണ്. സ്കൂള്‍, കോളേജ് പ്രൊട്ടക്ഷന്‍ ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ ആകെ 6050 ബോധവത്ക്കരണ പരിപാടികളും നടത്തി.
ലഹരി വിപണനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് നേരിട്ടും (9497979794, 9497927797) വാട്സ്ആപ്പ് (9995966666) മുഖേനയും പോലീസിനെ അറിയിക്കാം. ഈ നമ്പറുകളിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും.
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും ലഹരി വില്‍പ്പനക്കാര്‍ അറസ്റ്റിലായി. മാതൃ ശിശു സംരക്ഷണ കേന്ദ്രത്തില്‍ നടത്തിയ പരിശോധനയിലാണ് ഹാഷിഷ് ഓയലുമായി യുവതി പിടിയിലായത്. വയനാട് മേപ്പാടി സ്വദേശിനിയും നിലവില്‍ കാസര്‍ഗോഡ് താമസക്കാരിയുമായ അശ്വതി ആണ് കോഴിക്കോട് മെഡിക്കല്‍ കോളജ് എസ്‌ഐ തുളസിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍
പിടിയിലായത്. ഇന്ന് ഉച്ചക്ക് ഒരു മണിയോടെയാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് മാതൃശിശു സംരക്ഷണകേന്ദ്രത്തില്‍ എത്തുന്നത്. തുടര്‍ന്ന് അശ്വതിയെ കസ്റ്റഡിയിലെടുത്ത് പരിശോധന നടത്തി. ഹാഷിഷ് ഓയില്‍ കണ്ടെത്തി. തുടര്‍ന്ന് നടപടിക്രമങ്ങള്‍ക്ക് ശേഷം ഇവരെ മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. പൊലീസിന്റെ പിടിയിലായ അശ്വതി നേരത്തെയും നിരവധി കേസുകളില്‍ ഉള്‍പ്പെട്ടതായി മെഡിക്കല്‍ കോളജ് പൊലീസ് അറിയിച്ചു. പ്രാഥമിക ചോദ്യം ചെയ്യലില്‍ ജയിലില്‍ കഴിയുന്ന ഭര്‍ത്താവിന് കൈമാറുന്നതിനു വേണ്ടിയാണ് ഹാഷിഷ് ഓയില്‍ കൊണ്ടുവന്നതെന്ന വിവരമാണ് ഇവര്‍ പൊലീസിന് നല്‍കിയത്
---------------
Hindusthan Samachar / Sreejith S