സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം കൂട്ടാന് കേന്ദ്രസര്ക്കാര്; ബില് ഇന്ന് ലോക്സഭയില് അവതരിപ്പിക്കും
New delhi, 30 ജൂലൈ (H.S.) സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ബില്‍ ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിക്കും. രാജ്യസഭയില്‍ പരീക്ഷാ ക്രമക്കേടുകള്‍ തടയുന്നതിനുള്ള ബില്ലും പരിഗണനയ്ക്ക് എത്തുന്നുണ്ട്. ഇതുള്‍പ്പെടെ സുപ്രധാന ബില
Loksabha


New delhi, 30 ജൂലൈ (H.S.)

സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ബില്‍ ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിക്കും. രാജ്യസഭയില്‍ പരീക്ഷാ ക്രമക്കേടുകള്‍ തടയുന്നതിനുള്ള ബില്ലും പരിഗണനയ്ക്ക് എത്തുന്നുണ്ട്. ഇതുള്‍പ്പെടെ സുപ്രധാന ബില്ലുകളാണ് ഇന്ന കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിക്കുക.

രാവിലെ 11ന് ചോദ്യോത്തര വേളയോടെയാണ് ലോക്സഭ നടപടികള്‍ ആരംഭിക്കുക. തുടര്‍ന്ന് ഭവന, നഗരകാര്യ മന്ത്രാലയം, സിവില്‍ ഏവിയേഷന്‍ മന്ത്രാലയം എന്നിവയുടെ ചുമതലയുള്ള മന്ത്രിമാര്‍ വിവിധ രേഖകള്‍ സഭയുടെ മേശപ്പുറത്തുവയ്ക്കും. വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ രണ്ട് സുപ്രധാന റിപ്പോര്‍ട്ടുകളും ഇന്ന് സഭയില്‍ അവതരിപ്പിക്കും. ആര്‍ട്ടിക്, അന്റാര്‍ട്ടിക് മേഖലകളിലെ ഇന്ത്യയുടെ സാന്നിധ്യവും പങ്കും വ്യക്തമാക്കുന്ന റിപ്പോര്‍ട്ടും, ഇന്ത്യ-ബംഗ്ലാദേശ് ബന്ധത്തിന്റെ ഭാവി സംബന്ധിച്ച ശുപാര്‍ശകളില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളുടെ റിപ്പോര്‍ട്ടുമാണ് ഇതില്‍ ഉള്‍പ്പെടുന്നത്.

ചട്ടം 377 പ്രകാരമുള്ള വിഷയങ്ങള്‍ ഉന്നയിച്ചതിന് ശേഷമാകും സുപ്രീം കോടതി (ജഡ്ജിമാരുടെ എണ്ണം) ഭേദഗതി ബില്‍ 2026 സഭ പരിഗണിക്കുക. 1956ലെ സുപ്രീം കോടതി നിയമത്തില്‍ ഭേദഗതി വരുത്തുന്നതാണ് ഈ ബില്‍. ഇതിന് മുന്നോടിയായി സുപ്രീം കോടതി ഭേദഗതി ഓര്‍ഡിനന്‍സിനെതിരെ പ്രതിപക്ഷ അംഗങ്ങളായ എന്‍.കെ പ്രേമചന്ദ്രന്‍, ഡീന്‍ കുര്യാക്കോസ്, സൗഗത റോയ് എന്നിവര്‍ കൊണ്ടുവന്ന പ്രമേയം സഭ ചര്‍ച്ച ചെയ്യും. രാജ്യത്തെ പരമോന്നത കോടതിയില്‍ കെട്ടിക്കിടക്കുന്ന കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിനായി ജഡ്ജിമാരുടെ എണ്ണം വര്‍ധിപ്പിക്കേണ്ടത് അനിവാര്യമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ പുതിയ ബില്‍ കൊണ്ടുവന്നിരിക്കുന്നത്.

രാജ്യസഭയിലും ഇന്ന് നിര്‍ണായക ബില്ലുകള്‍ അവതരിപ്പിക്കും. സാംസ്‌കാരികം, ഭൗമശാസ്ത്രം, വാര്‍ത്താവിനിമയം, തൊഴില്‍, പരിസ്ഥിതി-വനം-കാലാവസ്ഥ വ്യതിയാനം, വിദേശകാര്യം എന്നീ മന്ത്രാലയങ്ങളുടെ രേഖകള്‍ മന്ത്രിമാര്‍ സഭയില്‍ സമര്‍പ്പിക്കും. വിദേശകാര്യ വകുപ്പുമായി ബന്ധപ്പെട്ട പാര്‍ലമെന്ററി സമിതിയുടെ റിപ്പോര്‍ട്ടുകള്‍ രാജ്യസഭയിലും അവതരിപ്പിക്കുന്നുണ്ട്. ഇതിന് പുറമെ പാര്‍ലമെന്ററി സമിതിയുടെ ശുപാര്‍ശകള്‍ നടപ്പിലാക്കുന്നത് സംബന്ധിച്ച് കേന്ദ്ര മന്ത്രിമാരായ ജിതേന്ദ്ര സിങ്, ഗജേന്ദ്ര സിങ് ഷെഖാവത്ത് എന്നിവര്‍ സഭയില്‍ പ്രസ്താവന നടത്തും.

പൊതുപരീക്ഷകളിലെ ക്രമക്കേടുകള്‍ തടയുന്നതിനുള്ള 2026ലെ ഭേദഗതി ബില്ലാണ് രാജ്യസഭ ഇന്ന് പരിഗണിക്കുന്ന മറ്റൊരു പ്രധാന വിഷയം. ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുക, പിഴത്തുക വര്‍ധിപ്പിക്കുക, പരീക്ഷാ തട്ടിപ്പുകള്‍ അന്വേഷിക്കാന്‍ പ്രത്യേക ദൗത്യസേനയെ നിയോഗിക്കുക, സമയബന്ധിതമായി വിചാരണ പൂര്‍ത്തിയാക്കാന്‍ പ്രത്യേക അതിവേഗ കോടതികള്‍ സ്ഥാപിക്കുക തുടങ്ങിയ കര്‍ശന വ്യവസ്ഥകള്‍ ഉള്‍പ്പെടുന്നതാണ് ഈ ബില്‍. രാജ്യത്ത് അടുത്തിടെ നടന്ന വിവിധ പരീക്ഷാ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് നിയമം കൂടുതല്‍ കര്‍ശനമാക്കുന്നത്. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ വികസനം ലക്ഷ്യമിട്ടുള്ള എം.എസ്.എം.ഇ വികസന (ഭേദഗതി) ബില്‍ 2026 ഉം ഇന്ന് രാജ്യസഭയുടെ പരിഗണനയ്ക്ക് വരും. 2006ലെ നിയമത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നതാണ് പുതിയ ബില്‍.

---------------

Hindusthan Samachar / Sreejith S


Latest News