Enter your Email Address to subscribe to our newsletters

Thiruvanathapuram, 30 ജൂലൈ (H.S.)
മുഖ്യമന്ത്രി വിഡി സതീശനെതിരെയുള്ള കേസില്‍ വിജിലന്‍സ് ക്ലീന്‍ചിറ്റ് നല്‍കിയതില്‍ വിമര്‍ശനവുമായി സിപിഎം. നിയമവിരുദ്ധമായി ലണ്ടനില്‍ ഫണ്ട് പിരിവു നടത്തിയെന്നുള്ള കേസ് അവസാനിപ്പിച്ചത് മുഖ്യമന്ത്രി രക്ഷിക്കാനാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ ആരോപിച്ചു. രാഷ്ട്രീയപ്രേരിതമായ നടപടിയാണ് ആഭ്യന്തരവകുപ്പ് കൈക്കൊണ്ടത്. പ്രളയത്തിനുശേഷം വിദേശത്തു നിന്നും ഫണ്ട് പിരിക്കാന്‍ മുഖ്യമന്ത്രിക്ക് ഉള്‍പ്പെടെ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ലായിരുന്നു.
അപ്പോള്‍ അത് നിയമവിരുദ്ധമാണെന്നാണ് കണക്കാക്കുന്നത്. മുഖ്യമന്ത്രി വിഡി സതീശന് അതിനുള്ള അനുമതി നിയമസഭ സെക്രട്ടറിയേറ്റില്‍ നിന്നോ, ആഭ്യന്തര വകുപ്പില്‍ നിന്ന് ഫണ്ട് പിരിവിനോ, വിദേശയാത്രക്കോ അനുമതി ലഭിച്ചിട്ടില്ല. വിദേശഫണ്ട് വാങ്ങാന്‍ പ്രത്യേക അനുമതി വേണം. അതില്ലാതെയാണ് വിഡി സതീശന്‍ അതിന് ശ്രമിച്ചതെന്നും എംവി ഗോവിന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
''ഓരോരുത്തരും 500 പൗണ്ടെങ്കിലും നല്‍കണമെന്നാണ് ലണ്ടനില്‍ അദ്ദേഹം ആവശ്യപ്പെട്ടത്. 22,500 പൗണ്ട് സമാഹരിച്ചതായാണ് കണക്കുകള്‍. അത് വിശദമാക്കണ്ടേ. പണമെത്തിയത് മണപ്പാട്ട് ഫൗണ്ടേഷന്റെ അക്കൗണ്ടിലാണെന്നും വിഡി സതീശന്‍ തന്നെ അറിയിച്ചിട്ടുണ്ട്,'' എംവി ഗോവിന്ദന്‍ പറഞ്ഞു.
ഈ കേസാണ് ആഭ്യന്തരവകുപ്പ് എഴുതിത്തള്ളിയത്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനം നടത്തി വിഡി സതീശന് ക്ലീന്‍ചിറ്റ് നല്‍കുകയാണ് ചെയ്തത്. ഗൗരവപൂര്‍ണമായ ഒരു പ്രശ്നം തേച്ചുമാച്ചുകളയുന്നത് വിഡി സതീശനെ രക്ഷിക്കാനാണ്. വിഡി സതീശനെതിരെ ശക്തമായ തെളിവുകളുണ്ട്. ഇത് തെറ്റാണെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. ഫണ്ട് അഭ്യര്‍ഥിക്കുന്ന വിഡി സതീശന്റെ വീഡിയോ പ്രദര്‍ശിപ്പിച്ചു കൊണ്ടാണ് വാര്‍ത്താസമ്മേളനം നടത്തിയത്.
ചൂരല്‍മല ദുരന്തം രണ്ടാം വാര്‍ഷികമാചരിക്കുന്ന ഈ ഘട്ടത്തില്‍ ഭവന നിര്‍മ്മാണത്തിന് പണം പിരിച്ചശേഷം ചെലവാക്കാത്ത കോണ്‍ഗ്രസ് ജനങ്ങളോട് മാപ്പു പറയണമെന്നും എംവി ഗോവിന്ദന്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് പ്രത്യേകം ഫണ്ട് പിരിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റായിരുന്ന കെ സുധാകരന്‍ പറഞ്ഞിരുന്നു. ആ ഫണ്ട് കട്ടുമുടിക്കുകയാണെന്ന ആരോപണം അപ്പോള്‍ തന്നെ ഉയര്‍ന്നിരുന്നു. ഉടന്‍തന്നെ ഭവന നിര്‍മ്മാണം ആരംഭിക്കുമെന്നാണ് അതിനു മറുപടിയായി കോണ്‍ഗ്രസ് പറഞ്ഞത്.
എന്നാല്‍, കല്ലിടല്‍ മാത്രമേ നടന്നുള്ളൂ. അല്ലാതെ മറ്റൊന്നും ഇതുവരെ നടന്നിട്ടില്ല. ഇതേവരെ ഒരു പൈസയും ചെലവാക്കാതെ ജനങ്ങളെ വഞ്ചിച്ച കോണ്‍ഗ്രസ് ജനങ്ങളോട് മാപ്പു പറഞ്ഞ് കാര്യങ്ങള്‍ വിശദീകരിക്കണം. ഭരണം മാറിയപ്പോള്‍ പൊലീസ് അസോസിയേഷനില്‍ നിലവിലുണ്ടായിരുന്ന മൂന്ന് സംഘടനകളില്‍ രണ്ടെണ്ണത്തെ ഒന്നാക്കാന്‍ തീരുമാനിച്ചു. യാതൊരു മാനദണ്ഡവുമില്ലാതെയാണ് യുഡിഎഫ് സര്‍ക്കാര്‍ നടപടികള്‍ എടുക്കുന്നത്. പിഎം ശ്രീ വിഷയത്തില്‍ ഉള്‍പ്പെടെ ബിജെപി നിലപാടാണ് യുഡിഎഫ് സര്‍ക്കാര്‍ കൈക്കൊള്ളുന്നതെന്നും എംവി ഗോവിന്ദന്‍ ആരോപിച്ചു.
---------------
Hindusthan Samachar / Sreejith S