സംസ്ഥാനത്ത് മനുഷ്യ വന്യജീവി സംഘർഷം കുറയ്ക്കാൻ സർക്കാരിൻ്റെ ആദ്യ നൂറുദിന കർമ്മപദ്ധതിയിൽ 13 പദ്ധതികൾ ഉൾപ്പെടുത്തി വനം വകുപ്പ്.
Thiruvananthapuram, 31 ജൂലൈ (H.S.) സംസ്ഥാനത്ത് മനുഷ്യ വന്യജീവി സംഘർഷം കുറയ്ക്കാൻ സർക്കാരിൻ്റെ ആദ്യ നൂറുദിന കർമ്മപദ്ധതിയിൽ 13 പദ്ധതികൾ ഉൾപ്പെടുത്തി വനം വകുപ്പ്. മനുഷ്യ വന്യജീവി സംഘർഷ ലഘൂകരണ പ്രതിരോധ നപടികളടക്കമുള്ള പദ്ധതികളാണ് വനം വകുപ്പ് മുന്നോട്ട
FOREST DEPARTMENT KERALA


Thiruvananthapuram, 31 ജൂലൈ (H.S.)

സംസ്ഥാനത്ത് മനുഷ്യ വന്യജീവി സംഘർഷം കുറയ്ക്കാൻ സർക്കാരിൻ്റെ ആദ്യ നൂറുദിന കർമ്മപദ്ധതിയിൽ 13 പദ്ധതികൾ ഉൾപ്പെടുത്തി വനം വകുപ്പ്. മനുഷ്യ വന്യജീവി സംഘർഷ ലഘൂകരണ പ്രതിരോധ നപടികളടക്കമുള്ള പദ്ധതികളാണ് വനം വകുപ്പ് മുന്നോട്ട് വച്ചിരിക്കുന്നത്. ദ്രുതകർമ്മ സേനകളുടെ ശാക്തീകരണവും വനപുനരുദ്ധാരണവും ജൈവവൈവിധ്യ സംരക്ഷണവും നാട്ടാന പരിപാലനവുമടക്കമുള്ള കാര്യങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വരുന്ന നൂറു ദിവസം കൊണ്ട് ഇക്കാര്യങ്ങൾ ചെയ്ത് തീർക്കാനുള്ള ശ്രമമാണ് വകുപ്പ് നടത്തുന്നത്.

ദ്രുതകർമ്മ സേനകളുടെ (RRT) ശാക്തീകരണം

കാട്ടാനകളുടെ സാന്നിദ്ധ്യം പതിവായി അനുഭവപ്പെടുന്ന ഹോട്ട്സ്പോട്ടുകളിൽ അഞ്ചുപേർ വീതമുള്ള 100 ബാച്ചുകളായി സ്പെഷ്യൽ റിസർവ് ഫോഴ്സ് യൂണിറ്റുകൾ രൂപീകരിക്കും. വന്യമൃഗ സംഘർഷ സാധ്യത കൂടുതലുള്ള നിയോജക മണ്ഡലങ്ങളിൽ പുതിയ ദ്രുതകർമ്മ സേനകൾ രൂപീകരിക്കുന്നതാണ്. ആദ്യഘട്ടത്തിൽ 25 പുതിയ ആർആർടികൾ രൂപീകരിക്കും. വാഹനങ്ങൾ, ട്രാങ്ക്വിലൈസിംഗ് ഉപകരണങ്ങൾ, ആധുനിക സുരക്ഷാ സാമഗ്രികൾ എന്നിവ ലഭ്യമാക്കും. ഇക്കാര്യത്തിൽ ജന ജാഗ്രത സമിതിയുടെ പങ്കാളിത്തം കൂടി ഉറപ്പുവരുത്തും. നഗരപ്രദേശങ്ങളിൽ മനുഷ്യ-വന്യജീവി സംഘർഷ സാഹചര്യങ്ങളിൽ ത്വരിത നിവാരണത്തിനായി മെട്രോ റെസ്പോൺസ് ടീമുകൾ (MRT) രൂപീകരിക്കും.

വന്യജീവി മുന്നറിയിപ്പ് സംവിധാനം ശക്തിപ്പെടുത്തൽ

മുന്നറിയിപ്പ് സംവിധാനങ്ങൾ ശക്തിപ്പെടുത്താൻ ഡ്രോൺ സ്ക്വാഡുകൾ രൂപീകരിക്കും. നിർമ്മിത ബുദ്ധി അടിസ്ഥാനമാക്കിയ റിയൽ ടൈം മുന്നറിയിപ്പ് സംവിധാനത്തിൻ്റെ ആദ്യഘട്ടം ആരംഭിക്കും. വന്യജീവി ശല്യം രൂക്ഷമായ പ്രദേശങ്ങളിൽ ക്യാമറ ട്രാപ്പുകൾ സ്ഥാപിച്ച് നിരീക്ഷണ സംവിധാനം ശക്തിപ്പെടുത്തും.

വനപുനരുദ്ധാരണവും ജൈവവൈവിധ്യ സംരക്ഷണവും

പുൽമേടുകളുടെ പുനരുദ്ധാരണത്തിനുള്ള കർമ്മപദ്ധതി തയ്യാറാക്കൽ, അധിനിവേശ സസ്യങ്ങളുടെ നിർമ്മാർജന പ്രക്രിയ എന്നിവ ഊർജ്ജമാക്കും. പരിസ്ഥിതി പുനഃസ്ഥാപന പദ്ധതികളുടെ നടപ്പാക്കൽ ത്വരിതപ്പെടുത്തും.

നഷ്ടപരിഹാര പരിഷ്കരണം: 50 ശതമാനം വർധന

നഷ്ടപരിഹാരം സമയബന്ധിതമായും കാര്യക്ഷമമായും വിതരണം ചെയ്യുന്നതിനുള്ള നടപടികളുടെ ഭാഗമായി പ്രത്യേക അദാലത്തുകൾ സംഘടിപ്പിക്കും. വന്യജീവി ആക്രമണത്തിൽ ജീവൻ നഷ്ടപ്പെടുന്നവർക്കും പരിക്കുപറ്റുന്നവർക്കും അർഹമായ നഷ്ടപരിഹാരം തിട്ടപ്പെടുത്തി ലഭ്യമാക്കുന്നതിന് ആവശ്യമായ മാർഗ്ഗരേഖ തയ്യാറാക്കാൻ ഒരു വിദഗ്ദ്ധസമിതി രൂപീകരിക്കും.

വന്യജീവി സംഘർഷത്തിൽ മരണപ്പെടുന്നവരുടെ ആശ്രിതർക്ക് ലഭിക്കുന്ന നഷ്ട പരിഹാരം നിലവിലുള്ള 14 ലക്ഷം രൂപയിൽ നിന്നും 50% വർധിപ്പിച്ച് 21 ലക്ഷം രൂപയാക്കുന്നതിനുള്ള നടപടി സ്വീകരിക്കും. കൃഷിനാശം മൂലമുണ്ടാകുന്ന നഷ്ടങ്ങൾക്കും പരിഹാരത്തുക വർധിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കും. വന്യജീവി സംഘർഷത്തിൽ അംഗവൈകല്യം സംഭവിക്കുന്നവർക്ക് നഷ്ടപരിഹാരമായി 10 ലക്ഷം രൂപ നൽകുന്നതിനും ചികിത്സാ ചെലവ് പൂർണമായും സർക്കാർ വഹിക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കും.

കാട്ടുപന്നി നിയന്ത്രണ പ്രവർത്തനങ്ങൾ

കാട്ടുപന്നികളെ ഇല്ലാതാക്കാൻ പഞ്ചായത്ത് തലത്തിൽ എംപാനൽഡ് ഷൂട്ടർമാരുടെ പട്ടിക തയ്യാറാക്കും. കാട്ടുപന്നി നിയന്ത്രണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് നിലവിലുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ കുറയ്ക്കുന്നതിനായി നിലവിലെ മാർഗ്ഗനിർദ്ദേശങ്ങൾ പരിഷ്കരിക്കും.

പഞ്ചായത്ത് തല പ്രാദേശിക റെസ്പോൺസ് ടീം

കുരങ്ങ്, മയിൽ തുടങ്ങിയ വന്യജീവികളുടെ ശല്യം നിയന്ത്രിക്കുന്നതിനായി പഞ്ചായത്ത് തല പ്രാദേശിക റെസ്പോൺസ് ടീമുകൾ രൂപീകരിച്ച് പരിശീലനം നൽകും. ഏകോപനത്തിനായി പഞ്ചായത്ത് തലത്തിൽ ഫോറസ്റ്റ് ലെയ്സൺ ഓഫീസർമാരെ നിയോഗിക്കും. ജനജാഗ്രത സമിതികളുടെ പ്രവർത്തനം ശക്തിപ്പെടുത്തും.

മനുഷ്യ-വന്യജീവി സംഘർഷം: ഫലപ്രദമായി നേരിടാൻ നിയമഭേദഗതി

കാട്ടുപന്നികളെ 1972 ലെ വന്യജീവി (സംരക്ഷണ) നിയമം സെക്ഷൻ 62 പ്രകാരം ക്ഷുദ്രജീവിയായി (vermin) പ്രഖ്യാപിക്കുന്നതിനുള്ള പുതുക്കിയ പ്രൊപ്പോസൽ കേന്ദ്ര സർക്കാരിന് സമർപ്പിക്കും. നാടൻ കുരങ്ങുകളെ (Bonnet macaque) വന്യജീവി സംരക്ഷണ നിയമത്തിൻ്റെ ഒന്നാം പട്ടികയിൽ നിന്നും രണ്ടാം പട്ടികയിലേക്ക് മാറ്റുന്നതിനുള്ള പുതുക്കിയ പ്രൊപ്പോസൽ കേന്ദ്ര സർക്കാരിന് സമർപ്പിക്കും. മനുഷ്യ-വന്യജീവി സംഘർഷം നേരിടുന്നതിനുള്ള നിയമ തടസ്സങ്ങൾ നീക്കുവാൻ വേണ്ട ഭേദഗതികൾ ആവശ്യപ്പെടും.

സംഘർഷ ലഘൂകരണ പ്രതിരോധ നടപടികൾ

അതിരൂക്ഷ മനുഷ്യ-വന്യജീവി സംഘർഷ മേഖലകളിൽ 250 കി.മീ പുതിയ സൗരോർജ്ജ വേലി നിർമ്മിക്കും. നിലവിലുള്ള 2000 കി.മീ സൗരോർജ്ജ വേലികളുടെ അറ്റകുറ്റ പണികൾ പൂർത്തിയാക്കും. അതിരൂക്ഷ സംഘർഷ മേഖലകളിൽ നിർമ്മിതബുദ്ധി ഉപയോഗിച്ചുകൊണ്ടുള്ള ത്രിതല സ്മാർട്ട് ഫെൻസ് സംവിധാനം ഒരുക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും.

പ്രധാന റോഡുകളുടെയും ഉന്നതികളിലേയ്ക്ക് പോകുന്ന റോഡുകളുടെയും ഇരുവശങ്ങളിലെ കാടുപിടിച്ചു കിടക്കുന്ന സ്ഥലങ്ങളിൽ 10 മുതൽ 20 മീറ്റർ വരെ വിസ്താ ക്ലിയറൻസ് പൊതുമരാമത്ത്, തദ്ദേശസ്വയംഭരണം എന്നീ വകുപ്പുകളുടെ സഹകരണത്തോടെ സാധ്യമാക്കും. വന അതിർത്തി പ്രദേശങ്ങളിലെ വന്യജീവി സംഘർഷ സാധ്യതയുള്ള മേഖലകളുടെ മാപ്പിംഗ് നടത്തും.

സംഘർഷ ലഘൂകരണ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ ഉപദേശക സമിതി

മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണ പ്രവർത്തനങ്ങൾ കാര്യക്ഷമവും ഫലപ്രദവുമാക്കുന്നതിനും പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുന്നതിനും കർഷക പ്രതിനിധികൾ, വനാശ്രിത സമൂഹപ്രതിനിധികൾ, വിഷയവിദഗ്ധർ എന്നിവരെ ഉൾപ്പെടുത്തി സംസ്ഥാന തല ഉപദേശക സമിതി രൂപീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. മൃഗങ്ങൾ നാട്ടിലേക്കിറങ്ങി വരുന്നതിൽ ചക്ക ഒരു പ്രധാന കാരണമായി ചൂണ്ടിക്കാട്ടാറുണ്ട്. അതുകൊണ്ട് വനാതിർത്തി പങ്കിടുന്ന പഞ്ചായത്തുകളിൽ തദ്ദേശ സ്വയംഭരണ വകുപ്പും കൃഷി വകുപ്പുമായി സഹകരിച്ച് യഥാസമയം ഇടിച്ചക്ക ശേഖരിക്കാൻ സംയുക്ത പദ്ധതി രൂപീകരിക്കും.

സംഘർഷ ലഘൂകരണം: പ്രത്യേക പാക്കേജുകൾ

അതിരൂക്ഷമായി സംഘർഷം അനുഭവപ്പെടുന്ന വയനാട്, കോതമംഗലം, മൂന്നാർ മേഖലകൾക്കായി പ്രത്യേക പാക്കേജ് രൂപീകരിക്കും. വനത്തിലെ കേസുകൾ സമയബന്ധിതമായി തീർപ്പാക്കുന്നതിനും വനസംരക്ഷണ പ്രവർത്തനങ്ങൾക്കുമായി ഡിവിഷൻ തല അദാലത്തുകൾ സംഘടിപ്പിക്കും. വനാതിർത്തി പങ്കിടുന്ന സ്വകാര്യ വ്യക്തികൾക്ക് എൻഒസിക്ക് വേണ്ടി സമർപ്പിക്കുന്ന അപേക്ഷകളിൽ, നിയമപരമായ തടസങ്ങൾ ഒന്നും ഇല്ലാത്ത പക്ഷം അപേക്ഷ ലഭിച്ച് മൂന്ന് മാസത്തിനുള്ളിൽ എൻഒസി നൽകുന്നതിനും മറ്റു കേസുകളിൽ ഇടക്കാല മറുപടി അപേക്ഷകന് നൽകുന്നതിനും, ആറ് മാസത്തിനുള്ളിൽ അപേക്ഷ തീർപ്പാക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും.

വന്യജീവികളുടെ വാഹക ശേഷി നിർണ്ണയം

ദേശീയ തലത്തിൽ പ്രാഗത്ഭ്യമുള്ള ശാസ്ത്ര സ്ഥാപനത്തിൻ്റെ സഹായത്തോടെ സംസ്ഥാനത്തെ കാടുകളിൽ വന്യജീവി സംബന്ധമായ വാഹകശേഷി പഠനം നടത്തുന്നതിനുള്ള പ്രാരംഭ നടപടി സ്വീകരിക്കും. നാട്ടാന പരിപാലന ചട്ടങ്ങൾ പരിഷ്കരിക്കും. വെറ്ററിനറി ഡോക്ടർമാർ, ആനയുടമസ്ഥർ/കൈവശക്കാർ, പാപ്പാന്മാർ എന്നിവർക്ക് ആവശ്യമായ പരിശീലനം ലഭ്യമാക്കും.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News