Enter your Email Address to subscribe to our newsletters

Thiruvananthapuram, 31 ജൂലൈ (H.S.)
കാപ്പ കേസിൽ പ്രതിയായി ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർ ആർ. സുഗതൻ്റെ അയോഗ്യതയുമായി ബന്ധപ്പെട്ട വിഷയം തിരുവനന്തപുരം കോർപറേഷൻ്റെ ഇന്നത്തെ കൗൺസിൽ യോഗത്തിൽ ചർച്ചയാകും. മുൻകൂർ അനുമതിയില്ലാതെ തുടർച്ചയായി മൂന്ന് യോഗങ്ങളിൽ പങ്കെടുക്കാത്ത സാഹചര്യത്തിൽ വാഴോട്ടുകോണം കൗൺസിലറായ സുഗതനെ അയോഗ്യനാക്കണമെന്ന ആവശ്യവുമായി എൽഡിഎഫും യുഡിഎഫും രംഗത്തെത്തിയതോടെ യോഗം പ്രക്ഷുബ്ധമാകാനാണ് സാധ്യത.
1994ലെ കേരള മുനിസിപ്പാലിറ്റി നിയമത്തിലെ 91-ാം വകുപ്പ് പ്രകാരം അനുമതിയില്ലാതെ തുടർച്ചയായി മൂന്ന് കൗൺസിൽ യോഗങ്ങളിൽ പങ്കെടുക്കാതിരുന്നാൽ അംഗത്തിന് അയോഗ്യത കൽപിക്കാൻ വ്യവസ്ഥയുണ്ട്. ഈ നിയമം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ഇന്നത്തെ യോഗത്തിൽ സുഗതൻ പങ്കെടുത്തില്ലെങ്കിൽ അദ്ദേഹത്തെ അയോഗ്യനാക്കി കോർപറേഷൻ സെക്രട്ടറി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന് റിപ്പോർട്ട് നൽകേണ്ടി വരും.
എന്നാൽ അയോഗ്യത ഒഴിവാക്കുന്നതിനായി കഴിഞ്ഞ ആറ് മാസമായി അവധി ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷ സുഗതൻ നൽകിയിട്ടുണ്ട്. ഈ അവധി അപേക്ഷ ഇന്നത്തെ കൗൺസിൽ യോഗത്തിൽ മേയർ അവതരിപ്പിക്കും. കൗൺസിലിന് അവധി അപേക്ഷ അംഗീകരിക്കാൻ അധികാരമുണ്ടെങ്കിലും തുടർന്നുള്ള പരാതികളിൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ്റെ തീരുമാനമാകും നിർണായകം. പരാതിയുമായി ആരെങ്കിലും കമ്മിഷനെ സമീപിച്ചാൽ ഏതു സാഹചര്യത്തിലാണ് അവധി അംഗീകരിച്ചതെന്ന് ബോധ്യപ്പെടുത്തണം. ബന്ധപ്പെട്ട കക്ഷികളുടെ ഭാഗം കേട്ട് കമ്മിഷനാണ് അന്തിമ തീരുമാനം എടുക്കേണ്ടത്.
ക്രിമിനൽ പശ്ചാത്തലമുള്ളവരെ കാപ്പ ചുമത്തി ജയിലിലടയ്ക്കുന്ന നടപടിയുടെ ഭാഗമായാണ് സുഗതനെതിരെ പൊലീസ് കേസെടുത്തത്. ഒരു ജനപ്രതിനിധി ഇത്തരം കേസിൽ ഉൾപ്പെട്ട് ജയിലിലാകുന്നത് കോർപറേഷൻ്റെ ചരിത്രത്തിൽ തന്നെ അപൂർവ സംഭവമായതിനാൽ വിഷയം രാഷ്ട്രീയ ആയുധമാക്കാനാണ് ഭരണപക്ഷത്തിൻ്റെ തീരുമാനം. സുഗതന് അവധി അനുവദിക്കുന്നതിനെ ശക്തമായി എതിർക്കാൻ എൽഡിഎഫും യുഡിഎഫും തീരുമാനിച്ചിട്ടുണ്ട്. കോർപറേഷനിൽ ഇരുമുന്നണികൾക്കും ഒരു സ്വതന്ത്രനുമുൾപ്പെടെ 50ൽ അധികം അംഗങ്ങളുടെ പിന്തുണയുള്ളതിനാൽ ബിജെപിയുടെ നീക്കം എളുപ്പമാകില്ല.
സുഗതനെ അയോഗ്യനാക്കാനുള്ള ശിപാർശ തിരഞ്ഞെടുപ്പ് കമ്മിഷന് കൈമാറാൻ കോർപറേഷൻ സെക്രട്ടറിക്ക് മേൽ കടുത്ത സമ്മർദം ചെലുത്താനാണ് തീരുമാനം. തിരുവനന്തപുരം കോർപറേഷനിൽ മികച്ച മുന്നേറ്റം നടത്തിയ ബിജെപിക്ക് ഒരു അംഗത്തെ നഷ്ടപ്പെടുന്നത് വലിയ തിരിച്ചടിയാകും. അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ ബിജെപി അംഗങ്ങൾ കൗൺസിലിൽ ശക്തമായ പ്രതിഷേധം ഉയർത്തും. അയോഗ്യനാക്കപ്പെടുന്നത് വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ പ്രതിച്ഛായയെ ബാധിക്കുമെന്നതിനാൽ കൗൺസിലർ സ്ഥാനം നിലനിർത്താനുള്ള പ്രതിരോധ തന്ത്രങ്ങളാണ് ബിജെപി ക്യാമ്പിൽ ഒരുങ്ങുന്നത്.
പാലക്കാട് മോഡലും നിയമപോരാട്ടവും
സമാനമായ സംഭവം അടുത്തിടെ പാലക്കാട് നഗരസഭയിലും നടന്നിരുന്നു. അവിടെ തുടർച്ചയായി യോഗങ്ങളിൽ പങ്കെടുക്കാതിരുന്ന കോൺഗ്രസ് കൗൺസിലറെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തിയതോടെ നഗരസഭ സെക്രട്ടറി വിഷയം തിരഞ്ഞെടുപ്പ് കമ്മിഷൻ്റെ പരിഗണനയ്ക്ക് വിട്ടു. ഈ വിഷയം ചൂണ്ടിക്കാട്ടിയാണ് തിരുവനന്തപുരം കോർപറേഷനിലും എൽഡിഎഫും യുഡിഎഫും രംഗത്തെത്തിയിരിക്കുന്നത്. പാലക്കാട് നഗരസഭയിലെ നടപടിക്രമങ്ങൾ തിരുവനന്തപുരത്തും ആവർത്തിക്കണമെന്ന് ശബരിനാഥ്, ദീപക് തുടങ്ങിയ പ്രതിപക്ഷ നേതാക്കൾ ഇന്നലെ തന്നെ രേഖാമൂലം ആവശ്യപ്പെട്ടിട്ടുണ്ട്. നിയമപരമായ പോരാട്ടത്തിലൂടെ സുഗതനെ പുറത്താക്കാനാണ് ഇവരുടെ നീക്കം. അതേസമയം കൗൺസിൽ യോഗത്തിൽ എന്ത് തീരുമാനമുണ്ടായാലും വിഷയം കോടതി കയറാനാണ് സാധ്യത. അവധി അപേക്ഷ തള്ളുകയോ അയോഗ്യത കൽപിക്കുകയോ ചെയ്താൽ ബിജെപിയും സുഗതനും നിയമനടപടികളുമായി മുന്നോട്ട് പോകും.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR