Enter your Email Address to subscribe to our newsletters

Mumbai , 31 ജൂലൈ (H.S.)
മഹാരാഷ്ട്രയിലെ ഭിവണ്ടിയിൽ കനത്ത മഴയെത്തുടർന്ന് നാല് നില കെട്ടിടം തകർന്നുവീണ് ഒമ്പത് പേര് മരിച്ചു. അപകടത്തിൽ നിരവധി പേർ കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. വ്യാഴാഴ്ച രാത്രി 11.30ഓടെ ബാലാജി നഗറിലെ കോഹിനൂർ കെട്ടിടമാണ് തകർന്നത്.
കെട്ടിടത്തിൻ്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ഷമീം എന്നയാളുടെ മൃതദേഹം കണ്ടെടുത്തത്. ഇന്ന് രാവിലെ 6.45ഓടെയാണ് മൃതദേഹം പുറത്തെടുത്തത്. അതേസമയം മറ്റുള്ളവരെ തിരിച്ചറിഞ്ഞിട്ടില്ല. അപകടത്തിൽ പരിക്കേറ്റ ഒരു ആൺകുട്ടിയെ രക്ഷപ്പെടുത്തി അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭിവണ്ടി നിസാംപുർ സിറ്റി മുൻസിപ്പൽ കോർപറേഷൻ (ബിഎൻസിഎംസി) നേരത്തെ തന്നെ ഈ കെട്ടിടം അപകടാവസ്ഥയിലാണെന്ന് കണ്ടെത്തിയിരുന്നു.
അപകടാവസ്ഥയിലുള്ള കെട്ടിടംകോർപറേഷൻ്റെ പരിശോധനയിൽ 'കാറ്റഗറി സി' വിഭാഗത്തിലാണ് ഈ കെട്ടിടം ഉൾപ്പെടുത്തിയിരുന്നത്. തികച്ചും ശോചനീയാവസ്ഥയിലായിരുന്ന കെട്ടിടം എത്രയും വേഗം ഒഴിയണമെന്ന് അധികൃതർ നിർദേശം നൽകിയിരുന്നു. ഓരോ നിലയിലും 12 മുറികൾ വീതം ആകെ 48 മുറികളാണ് ഈ കെട്ടിടത്തിൽ ഉണ്ടായിരുന്നത്. കോർപറേഷൻ്റെ മുന്നറിയിപ്പിനെ തുടർന്ന് മിക്ക താമസക്കാരും കെട്ടിടം ഒഴിഞ്ഞിരുന്നു. എന്നാൽ ഒരു കുടുംബം മാത്രം ഇവിടെ തുടർന്നു. ഇതിനിടെ കെട്ടിടത്തിൽ അറ്റകുറ്റപ്പണികൾ നടക്കുകയായിരുന്നു. ഈ സമയം ജോലിയിലുണ്ടായിരുന്ന തൊഴിലാളികളും അപകടം നടക്കുമ്പോൾ കെട്ടിടത്തിനുള്ളിൽ ഉണ്ടായിരുന്നു.
യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനംഅപകടവിവരം അറിഞ്ഞയുടൻ തന്നെ ഭിവണ്ടി ഫയർ ബ്രിഗേഡ്, പ്രാദേശിക പൊലീസ്, ദേശീയ ദുരന്തനിവാരണ സേന (എൻഡിആർഎഫ്) എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. യുദ്ധകാലാടിസ്ഥാനത്തിലാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ കണ്ടെത്താനായി പ്രത്യേക പരിശീലനം ലഭിച്ച ഡോഗ് സ്ക്വാഡിനെയും സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. ഇതിനുപുറമെ നാല് ഫയർ എൻജിനുകൾ, രണ്ട് ആംബുലൻസുകൾ, മണ്ണുമാന്തി യന്ത്രങ്ങൾ എന്നിവയും രക്ഷാപ്രവർത്തനത്തിനായി ഉപയോഗിക്കുന്നുണ്ട്.
കെട്ടിടത്തിൻ്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ഒരാളുടെ മൃതദേഹം പുറത്തെടുത്തതായും പരിക്കേറ്റ കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റിയതായും ഭിവണ്ടി നിസാംപുർ മുൻസിപ്പൽ കോർപറേഷൻ ഫയർ ഓഫിസർ വിജയ് ജാദവ് മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി. ഏഴ് മുതൽ എട്ട് വരെ ആളുകൾ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നുണ്ടെന്നും ഇവർക്കായുള്ള തിരച്ചിൽ ഊർജിതമായി തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ കുറച്ചുദിവസങ്ങളായി കനത്ത മഴയാണ് അനുഭവപ്പെടുന്നത്. മഴ ശക്തമായതോടെ പലയിടങ്ങളിലും സമാനമായ അപകടങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. കാലപ്പഴക്കം ചെന്ന കെട്ടിടങ്ങൾ മഴക്കാലത്ത് തകർന്നുവീഴുന്നത് മുംബൈയിലും പരിസര പ്രദേശങ്ങളിലും പതിവായിരിക്കുകയാണ്. ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ അപകടാവസ്ഥയിലുള്ള കെട്ടിടങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുന്ന നടപടികൾ സർക്കാർ കർശനമാക്കിയിട്ടുണ്ട്. എന്നിരുന്നാലും പലരും മുന്നറിയിപ്പുകൾ അവഗണിച്ച് ഇത്തരം കെട്ടിടങ്ങളിൽ തുടരുന്നത് ദുരന്തത്തിൻ്റെ വ്യാപ്തി വർധിപ്പിക്കുന്നു.
നിലവിൽ ഭിവണ്ടിയിലെ അപകടസ്ഥലത്ത് കൂടുതൽ സേനയെ വിന്യസിച്ച് രക്ഷാപ്രവർത്തനം വേഗത്തിലാക്കാനാണ് അധികൃതർ ശ്രമിക്കുന്നത്. രാത്രി വൈകിയും പെയ്യുന്ന കനത്ത മഴ രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടെങ്കിലും, കുടുങ്ങിക്കിടക്കുന്ന മുഴുവൻ ആളുകളെയും സുരക്ഷിതമായി പുറത്തെത്തിക്കാനുള്ള തീവ്രശ്രമത്തിലാണ് ദുരന്തനിവാരണ സേന. പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിച്ചാണ് നിലവിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR