Enter your Email Address to subscribe to our newsletters

Wayanad , 31 ജൂലൈ (H.S.)
കാലിത്തീറ്റ വില ക്രമാതീതമായി ഉയർന്നതോടെ വയനാട്ടിലെ ക്ഷീരമേഖല കടുത്ത പ്രതിസന്ധിയിൽ. ഉത്പാദനച്ചെലവ് കുതിച്ചുയരുമ്പോഴും പാലിന് ആനുപാതികമായ വില ലഭിക്കാത്തത് കർഷകർക്ക് തിരിച്ചടിയാകുന്നു. പാൽ ഉത്പാദനം കുറയുകയും ചെറുകിട കർഷകർ മേഖല വിട്ടുപോകുകയും ചെയ്യുന്ന ആശങ്കാജനകമായ സാഹചര്യമാണിപ്പോൾ.
മാനന്തവാടി ഉൾപ്പെടെയുള്ള വയനാട് മേഖലയിൽ കാലിത്തീറ്റയുടെ വില തുടർച്ചയായി ഉയരുകയാണ്. ക്ഷീരകർഷകർ കൂടുതലായി ഉപയോഗിക്കുന്ന കെ.എസ് കാലിത്തീറ്റയുടെ 50 കിലോ ബാഗിന് കഴിഞ്ഞ വർഷം 1500 രൂപയായിരുന്നു വില. എന്നാൽ ഈ വർഷം ഏപ്രിലിൽ ഇത് 1515 രൂപയായി ഉയർന്നു. തുടർന്ന് ജൂലൈയോടെ 1615 രൂപയിലെത്തിയ വില ഇപ്പോൾ 1650 രൂപയായി വർധിച്ചിരിക്കുകയാണ്. ഓഗസ്റ്റ് ഒന്നുമുതൽ പുതിയ വില പ്രാബല്യത്തിൽ വരുമെന്ന് വിതരണക്കാർ വ്യക്തമാക്കുന്നു. ഇതോടൊപ്പം സൈലേജ് വില ആറു രൂപയിൽ നിന്ന് ഒൻപത് രൂപയായും, ചോളപ്പുല്ല് നാല് രൂപയിൽ നിന്ന് ആറു രൂപയായും വർധിച്ചിട്ടുണ്ട്. ഉത്പാദനച്ചെലവിൻ്റെ പ്രധാന ഘടകമായ കാലിത്തീറ്റയുടെ വില ഉയരുന്നത് ക്ഷീരകർഷകരെ വലിയ സാമ്പത്തിക സമ്മർദത്തിലാക്കുകയാണ്. ഒരു പശുവിനെ വളർത്താൻ പ്രതിദിനം വലിയ തുക ചെലവാക്കേണ്ടി വരുമ്പോഴും അതിനനുസരിച്ചുള്ള വരുമാനം കർഷകർക്ക് ലഭിക്കുന്നില്ല.
നാലുവർഷത്തെ ഇടവേളയ്ക്ക് ശേഷം ജൂണിൽ പാലിൻ്റെ വില ലിറ്ററിന് നാല് രൂപ മാത്രമാണ് വർധിപ്പിച്ചത്. 56 രൂപയിൽ നിന്ന് 60 രൂപയായാണ് പുതുക്കിയത്. എന്നാൽ കാലിത്തീറ്റ വിലയുടെ കുതിച്ചുയർച്ച ഈ വർധനയുടെ ഗുണം കർഷകർക്ക് ലഭിക്കാത്ത സാഹചര്യം സൃഷ്ടിച്ചിരിക്കുകയാണ്. കുളമ്പുരോഗം, ചർമമുഴ, മഴക്കാലത്ത് വ്യാപകമാകുന്ന അകിടുവീക്കം തുടങ്ങിയ രോഗങ്ങളും പാൽ ഉത്പാദനം കുറയാൻ കാരണമാകുന്നു. ഇതിന് പുറമേ കാലിത്തീറ്റ വില വർധന കൂടി ചേർന്നതോടെ ക്ഷീരമേഖല ഇരട്ട പ്രതിസന്ധിയിലായിരിക്കുകയാണ്. കാലാവസ്ഥാ വ്യതിയാനം കാരണം പച്ചപ്പുല്ല് ലഭിക്കാത്തതും കർഷകർക്ക് തിരിച്ചടിയാണ്.
ക്ഷീരമേഖല ഉപേക്ഷിച്ച് കർഷകർ
കാലിത്തീറ്റയുടെ വില ക്രമാതീതമായി ഉയർന്നതും, പശുക്കളെ ബാധിക്കുന്ന അസുഖങ്ങളും ഈ മേഖലയിൽ കർഷകർക്ക് വലിയ സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ടെന്നും അതു കാരണം ഭൂരിഭാഗം കർഷകരും മേഖല വിട്ടുപോകുന്നു എന്നും മാനന്തവാടി ക്ഷീരകർഷക സംഘം പ്രസിഡൻ്റ് സണ്ണി ജോർജ് പറഞ്ഞു. മാനന്തവാടി ക്ഷീരസംഘത്തിൽ ശരാശരി പ്രതിമാസം 22,000 ലിറ്റർ പാലാണ് ശേഖരിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ മാസം ഇത് 19,000 ലിറ്ററായി കുറഞ്ഞതായി കണക്കുകൾ വ്യക്തമാക്കുന്നു. ചെറുകിട കർഷകർ ഭൂരിഭാഗവും മേഖല വിട്ടുപോകാൻ തുടങ്ങിയതോടെ ഇപ്പോൾ ഫാമുകളാണ് ക്ഷീരസംഘങ്ങളെ നിലനിർത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കാലിത്തീറ്റ വിലയുടെ തുടർച്ചയായ വർധന വയനാട്ടിലെ ക്ഷീരമേഖലയെ ഗുരുതര പ്രതിസന്ധിയിലാക്കുകയാണ്. ഉത്പാദനച്ചെലവ് നിയന്ത്രിക്കാനും കർഷകർക്ക് ആശ്വാസം നൽകാനും സർക്കാർ തലത്തിൽ അടിയന്തര ഇടപെടൽ ആവശ്യമാണെന്ന ആവശ്യം ശക്തമായിട്ടുണ്ട്. സബ്സിഡി നിരക്കിൽ കാലിത്തീറ്റ ലഭ്യമാക്കാൻ നടപടി സ്വീകരിച്ചില്ലെങ്കിൽ ക്ഷീരമേഖല തന്നെ തകർച്ചയുടെ വക്കിലേക്കെത്തുമെന്ന ആശങ്ക കർഷകർക്കിടയിലുണ്ട്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR