Enter your Email Address to subscribe to our newsletters

Kasaragod , 31 ജൂലൈ (H.S.)
സംസ്ഥാനത്ത് വരും ദിവസങ്ങളിലും അതിതീവ്ര മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. മഴ കനക്കുന്ന സാഹചര്യത്തിൽ ഇന്ന് 11 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. അഞ്ച് ജില്ലകളിലെയും കോഴിക്കോട് ജില്ലയിലെ രണ്ട് താലൂക്കുകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി നൽകിയിട്ടുണ്ട്.
തെക്കൻ ഗുജറാത്ത് മുതൽ വടക്കൻ കേരളം വരെ തീരദേശ ന്യൂനമർദ പാത്തി രൂപപ്പെട്ടതിൻ്റെ സ്വാധീനഫലമായാണ് മഴ ശക്തമായത്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം പടിഞ്ഞാറോട്ട് നീങ്ങി ഗുജറാത്തിനോട് അടുക്കുകയാണ്. ഇതിൻ്റെ സ്വാധീനത്തിൽ ഗുജറാത്ത് മുതൽ കേരളം വരെയുള്ള ന്യൂനമർദപ്പാത്തി കൂടുതൽ ശക്തി പ്രാപിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മേധാവി നീത കെ ഗോപാൽ വ്യക്തമാക്കി. മലയോര മേഖലകളിലാണ് കൂടുതൽ മഴ പ്രതീക്ഷിക്കുന്നത്. ഓഗസ്റ്റ് രണ്ട് വരെ മഴ തുടരുമെന്നും അതിനുശേഷം കുറയുമെന്നും അവർ കൂട്ടിച്ചേർത്തു.
വിവിധ ജില്ലകളിലെ അലർട്ടുകൾ
ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. മഴ കനത്താൽ റെഡ് അലർട്ടിലേക്ക് മാറാനും സാധ്യതയുണ്ട്. തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. ഓഗസ്റ്റ് ഒന്നിന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടും നൽകിയിട്ടുണ്ട്.
ഓഗസ്റ്റ് രണ്ടിന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടായിരിക്കും. 24 മണിക്കൂറിൽ 115.6 മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യമാണ് ഓറഞ്ച് അലർട്ട് കൊണ്ട് അർഥമാക്കുന്നത്. 64.5 മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്നതാണ് യെല്ലോ അലർട്ട്.
മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം
കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. മോശം കാലാവസ്ഥ തുടരുന്നതിനാൽ കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ ഓഗസ്റ്റ് രണ്ട് വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കർശന നിർദേശമുണ്ട്.
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
മഴ കനക്കുന്ന സാഹചര്യത്തിൽ കാസർകോട്, വയനാട്, എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് കലക്ടർമാർ അവധി പ്രഖ്യാപിച്ചു. എറണാകുളത്ത് ജില്ല കലക്ടർ ജി പ്രിയങ്ക, കാസർകോട് ജില്ല കലക്ടർ അർജുൻ പാണ്ഡ്യൻ, വയനാട്ടിൽ ജില്ല കലക്ടർ മേഖശ്രീ എന്നിവരാണ് ഉത്തരവിറക്കിയത്. കോഴിക്കോട് ജില്ലയിലെ വടകര, താമരശ്ശേരി താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്. അങ്കണവാടികൾ, ട്യൂഷൻ സെൻ്ററുകൾ, ഐസിഎസ്ഇ, സിബിഎസ്ഇ സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, മദ്രസകൾ ഉൾപ്പെടെയുള്ള മതവിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്കും അവധി ബാധകമാണ്. എന്നാൽ റസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ല. മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല, പൊതു പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമുണ്ടാകില്ല.
പൊതുജനങ്ങൾക്കുള്ള നിർദേശങ്ങൾ
ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലും നദിക്കരകൾ, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങൾ എന്നിവിടങ്ങളിലും താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിതമായ ക്യാമ്പുകളിലേക്ക് മാറി താമസിക്കണം. പകൽ സമയത്ത് തന്നെ ക്യാമ്പുകളിലേക്ക് മാറാൻ ശ്രദ്ധിക്കണം. ഇതിനായി തദ്ദേശ സ്ഥാപന, റവന്യൂ അധികാരികളുമായി ബന്ധപ്പെടാവുന്നതാണ്. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കണം.
കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നും അപകടങ്ങളുണ്ടാകാൻ സാധ്യതയുള്ളതിനാൽ സ്വകാര്യ, പൊതു ഇടങ്ങളിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ, ബോർഡുകൾ, മതിലുകൾ തുടങ്ങിയവ സുരക്ഷിതമാക്കണം. നദികൾ മുറിച്ചു കടക്കാനോ ജലാശയങ്ങളിൽ കുളിക്കാനോ മീൻപിടിക്കാനോ ഇറങ്ങരുത്. മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെൽഫി എടുക്കുകയോ ചെയ്യരുത്. മലയോര മേഖലകളിലേക്കുള്ള വിനോദയാത്രകളും അത്യാവശ്യമല്ലാത്ത യാത്രകളും പൂർണമായും ഒഴിവാക്കണമെന്നും അധികൃതർ അറിയിച്ചു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR