Enter your Email Address to subscribe to our newsletters

Kochi , 31 ജൂലൈ (H.S.)
തുടർച്ചയായി നാലാം വർഷവും പ്രവർത്തന ലാഭം തുടർന്ന് കൊച്ചി മെട്രോ. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ (2025-26) യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും മികച്ച വർധനവാണ് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ.എം.ആർ.എൽ) കൈവരിച്ചത്. ഇക്കാലയളവിൽ 52.64 കോടി രൂപയുടെ പ്രവർത്തന ലാഭം (ഓപ്പറേറ്റിംഗ് പ്രോഫിറ്റ്) നേടി നഗരത്തിന്റെ പ്രിയപ്പെട്ട ഗതാഗത സംവിധാനമായി മെട്രോ മാറിക്കഴിഞ്ഞു.
സാമ്പത്തിക വർഷത്തെ അറ്റനഷ്ടത്തിൽ (നെറ്റ് ലോസ്) ഗണ്യമായ കുറവ് വരുത്താനും മെട്രോയ്ക്ക് സാധിച്ചിട്ടുണ്ട്. 2024-25 സാമ്പത്തിക വർഷത്തിലെ 430.50 കോടി രൂപയായിരുന്ന അറ്റനഷ്ടം 2025-26-ൽ 352.49 കോടി രൂപയായി കുറയ്ക്കാൻ കഴിഞ്ഞത് കെ.എം.ആർ.എല്ലിന്റെ മികച്ച സാമ്പത്തിക മാനേജ്മെന്റിനെയാണ് തെളിയിക്കുന്നത്.
ചരിത്രത്തിലെ ഏറ്റവും ഉയർന്ന പ്രതിദിന യാത്രക്കാർ
യാത്രക്കാരുടെ എണ്ണത്തിൽ സംഭവിച്ച വൻ വർധനവാണ് കൊച്ചി മെട്രോയുടെ വരുമാന വളർച്ചയ്ക്ക് കരുത്തായത്. ചരിത്രത്തിലാദ്യമായി 2025-26 വർഷത്തിൽ പ്രതിദിന ശരാശരി യാത്രക്കാരുടെ എണ്ണം ഒരു ലക്ഷം കടന്നു (1.01 ലക്ഷം). 2026-ൽ ഇത് പ്രതിദിനം 1.05 ലക്ഷമായി ഉയർന്നു.
തിരക്കേറിയ സമയങ്ങളിൽ കൂടുതൽ ട്രെയിൻ സർവീസുകൾ ഏർപ്പെടുത്തി യാത്ര സൗകര്യം വർധിപ്പിച്ചത് ജനങ്ങളെ മെട്രോയിലേക്ക് കൂടുതൽ ആകർഷിച്ചു. ഇൻഫോപാർക്കിലേക്കും സ്മാർട്ട് സിറ്റിയിലേക്കുമുള്ള രണ്ടാം ഘട്ട പാത പൂർത്തിയാകുന്നതോടെ യാത്രക്കാരുടെ എണ്ണത്തിലും പ്രവർത്തന ലാഭത്തിലും ഇനിയും വലിയ കുതിച്ചുചാട്ടം ഉണ്ടാകുമെന്ന് മാനേജിങ് ഡയറക്ടർ ലോക്നാഥ് ബെഹ്റ വ്യക്താമാക്കി.
വരുമാനത്തിൽ ടിക്കറ്റിതര സ്രോതസ്സുകളുടെ സ്വാധീനം
ടിക്കറ്റ് വരുമാനത്തിന് പുറമേയുള്ള മാർഗങ്ങളിൽ നിന്ന് പണം കണ്ടെത്താൻ സാധിച്ചതാണ് കൊച്ചി മെട്രോയെ രാജ്യത്തെ മറ്റ് മെട്രോകളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. മൊത്തം ലഭിച്ച ₹224.65 കോടിയുടെ പ്രവർത്തന വരുമാനത്തിൽ ₹76.33 കോടിയും (34 ശതമാനം) ടിക്കറ്റിതര മേഖലകളിൽ നിന്നാണ് ലഭിച്ചത്.സ്റ്റേഷൻ വാണിജ്യവൽക്കരണം, പരസ്യ വരുമാനം, പ്രോപ്പർട്ടി വികസന പദ്ധതികൾ എന്നിവയാണ് പ്രധാന വരുമാനസ്രോതസ്സുകളായത്.
ജനപ്രിയ മാതൃകയായി കൊച്ചി മെട്രോ
ഭിന്നശേഷി സൗഹൃദ സ്റ്റേഷനുകൾ, മുതിർന്ന പൗരന്മാർക്കുള്ള പ്രത്യേക പരിഗണന, സ്ത്രീ സുരക്ഷ ഉറപ്പാക്കുന്ന സൗകര്യങ്ങൾ എന്നിവ കൊച്ചി മെട്രോയുടെ പ്രധാന പ്രത്യേകതകളാണ്. വാട്ടർ മെട്രോ, ഫീഡർ ബസുകൾ എന്നിവയുമായുള്ള മികച്ച ഏകോപനം യാത്രക്കാർക്ക് സുഗമമായ യാത്രാനുഭവം നൽകുന്നു.
കുറഞ്ഞ ദൂരപരിധിയിൽ പ്രവർത്തിക്കുന്ന മെട്രോ ശൃംഖലയായിരുന്നിട്ടും, ആരംഭിച്ച് ചുരുങ്ങിയ കാലയളവിനുള്ളിൽ തുടർച്ചയായ പ്രവർത്തന ലാഭത്തിലെത്തിയത് രാജ്യത്തെ നഗരഗതാഗത സംവിധാനങ്ങൾക്ക് തന്നെ മികച്ച മാതൃകയായി കൊച്ചി മെട്രോ മാറിയിരിക്കുകയാണ്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR