മുത്തങ്ങ സമരത്തിനിടെ പൊലീസ് കോൺസ്റ്റബിൾ കെവി വിനോദ് കൊല്ലപ്പെട്ട കേസിൽ 23 വർഷത്തിന് ശേഷം വിധി
Wayanad , 31 ജൂലൈ (H.S.) കേരള രാഷ്ട്രീയത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ച മുത്തങ്ങ സമരത്തിനിടെ പൊലീസ് കോൺസ്റ്റബിൾ കെവി വിനോദ് കൊല്ലപ്പെട്ട കേസിൽ 23 വർഷത്തിന് ശേഷം വിധി. കൊലപാതകക്കുറ്റം തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പൂർണമായും പരാജയപ്പെട്ടതിനെ തുടർന്ന്
MUTHANGA AGITATION CASE VERDICT


Wayanad , 31 ജൂലൈ (H.S.)

കേരള രാഷ്ട്രീയത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ച മുത്തങ്ങ സമരത്തിനിടെ പൊലീസ് കോൺസ്റ്റബിൾ കെവി വിനോദ് കൊല്ലപ്പെട്ട കേസിൽ 23 വർഷത്തിന് ശേഷം വിധി. കൊലപാതകക്കുറ്റം തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പൂർണമായും പരാജയപ്പെട്ടതിനെ തുടർന്ന് ആദിവാസി ഗോത്രമഹാസഭാ നേതാവ് എം ഗീതാനന്ദൻ ഉൾപ്പെടെ 35 പ്രതികളെ വയനാട് പ്രിൻസിപ്പൽ സെഷൻസ് കോടതി വെറുതെവിട്ടു. എന്നാൽ മറ്റ് വകുപ്പുകളിലായി 22 പ്രതികൾ കുറ്റക്കാരാണെന്ന് ജഡ്ജി ഇ അയൂബ് ഖാൻ പ്രസ്താവിച്ച സുപ്രധാന വിധിയിൽ വ്യക്തമാക്കുന്നു.

ഗൂഢാലോചന തെളിയിക്കാനായില്ല

കേസിൽ കൊലപാതകം നടത്തിയത് ഒരാൾ മാത്രമാണെന്നാണ് കോടതി കണ്ടെത്തിയിരിക്കുന്നത്. എന്നാൽ കുറ്റം ചെയ്ത ഈ പ്രതി നിലവിൽ ജീവിച്ചിരിപ്പില്ല. പൊലീസിനെയും വനംവകുപ്പ് ഉദ്യോഗസ്ഥരെയും ആക്രമിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിതമായി ഗൂഢാലോചന നടത്തി ആയുധങ്ങളുമായി സംഘം ചേർന്നു എന്നതായിരുന്നു സിബിഐ ഉന്നയിച്ച പ്രധാന വാദം. എന്നാൽ ഈ കുറ്റങ്ങൾ കോടതിയിൽ തെളിയിക്കാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞില്ല.

ഒന്നാം പ്രതിയായ എം ഗീതാനന്ദനെതിരെ ഗൂഢാലോചനക്കുറ്റം നിലനിൽക്കില്ലെന്ന് വിചാരണ കോടതി വ്യക്തമാക്കി. വധശ്രമം, കൊലപാതകം, വനഭൂമി കൈയേറൽ, കലാപം സൃഷ്ടിക്കാൻ ശ്രമിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരുന്നത്. എന്നാൽ അബ്ദുൽ സലാം എന്ന ഉദ്യോഗസ്ഥനെ ആക്രമിച്ച മറ്റൊരു കേസിൽ എം ഗീതാനന്ദൻ ഉൾപ്പെടെ നാല് പേർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്.

സലാമിനെ ആക്രമിച്ച കേസില് ശിക്ഷ

അതേസമയം പൊലീസ് ഉദ്യോഗസ്ഥന് സലാമിനെ ആക്രമിച്ച കേസില് എം ഗീതാനന്ദന് അടക്കം 4 പേര്ക്ക് കോടതി ശിക്ഷ വിധിച്ചു. അഞ്ച് വര്ഷം കഠിന തടവും 10,000 രൂപ പിഴയുമാണ് ശിക്ഷ. വയനാട് ജില്ല പ്രിന്സിപ്പല് സെഷന്സ് കോടതിയുടേതാണ് വിധി. മുത്തങ്ങ സമരത്തിനിടെ കൊല്ലപ്പെട്ട വിനോദിന്റെ കുടുംബത്തിന് 7 ലക്ഷം രൂപ നല്കാനും കോടതി വിധിച്ചു. മാത്രമല്ല സമരത്തിനിടെ പരിക്കേറ്റ സലാമിന് മൂന്ന് ലക്ഷവും ശശിധരന് 2 ലക്ഷം രൂപയും നഷ്ട പരിഹാരം നല്കണം.

മുത്തങ്ങയിലെ ചോരക്കളം

എകെ ആൻ്റണി സർക്കാരിൻ്റെ കാലത്ത് 2003 ഫെബ്രുവരി 19നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഭൂരഹിതരായ ആദിവാസികൾക്ക് ഭൂമി നൽകണമെന്നാവശ്യപ്പെട്ട് സികെ ജാനു, എം ഗീതാനന്ദൻ എന്നിവരുടെ നേതൃത്വത്തിൽ ആദിവാസി ഗോത്രമഹാസഭയുടെ കീഴിൽ വയനാട് മുത്തങ്ങ വന്യജീവി സങ്കേതത്തിൽ കുടിൽ കെട്ടി അവകാശ സമരം ആരംഭിച്ചു. വനം കൈയേറിയുള്ള ഈ സമരത്തെ തുടർന്ന് ആദിവാസികളെ ഒഴിപ്പിക്കാൻ പൊലീസ് വലിയ സന്നാഹങ്ങളോടെ എത്തുകയും ശ്രമം വലിയ സംഘർഷത്തിൽ കലാശിക്കുകയും ചെയ്തു.

പൊലീസ് നടപടിക്കിടെയുണ്ടായ ഏറ്റുമുട്ടലിലാണ് കണ്ണൂർ കെഎപി നാലാം ബറ്റാലിയൻ കോൺസ്റ്റബിൾ കെവി വിനോദ് അതിദാരുണമായി കൊല്ലപ്പെട്ടത്. സമരക്കാരുടെ ഭാഗത്തുനിന്നുണ്ടായ ആക്രമണത്തിൽ പ്രതികൾ വിനോദിനെ ബന്ധിയാക്കുകയും ക്രൂരമായ മർദനത്തിനിരയാക്കുകയും ചെയ്തു.

ചോരവാർന്നാണ് വിനോദിന് ജീവൻ നഷ്ടമായത്. ഇതിന് പുറമെ പൊലീസ് നടത്തിയ വെടിവയ്പിൽ ജോഗി എന്ന ആദിവാസി യുവാവും കൊല്ലപ്പെട്ടു. സംഭവത്തിൽ നിരവധി പൊലീസുകാർക്കും സമരക്കാർക്കും പരിക്കേറ്റിരുന്നു. എന്നാൽ ജോഗിയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ കാര്യമായ അന്വേഷണം നടന്നിട്ടില്ലെന്ന ആരോപണം ഇപ്പോഴും നിലനിൽക്കുന്നുണ്ട്.

നീണ്ട നിയമപോരാട്ടം

ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് പിന്നീട് സിബിഐ ഏറ്റെടുക്കുകയായിരുന്നു. സിബിഐ കോടതിയിൽ ആരംഭിച്ച വിചാരണ നടപടികൾ പിന്നീട് കൽപറ്റ സെഷൻസ് കോടതിയിലേക്ക് മാറ്റി. 2016ലാണ് കേസിൻ്റെ വിചാരണ ആരംഭിച്ചത്. പ്രതികളെ എല്ലാവരെയും ഒരുമിച്ച് കോടതിയിൽ എത്തിക്കാൻ കാലതാമസം നേരിട്ടതായി കോടതി നിരീക്ഷിച്ചു. വിചാരണ കാലയളവിൽ 15 പ്രതികൾ മരണപ്പെട്ടിരുന്നു. എന്നാൽ ഇക്കാര്യം കൃത്യമായി കോടതിയെ അറിയിക്കുന്നതിൽ വീഴ്ചയുണ്ടായി.

103 രേഖകളും 13 തൊണ്ടിമുതലുകളും കോടതി പരിശോധിച്ചു. 47 സാക്ഷികളുടെ മൊഴിയും രേഖപ്പെടുത്തി. കേരളത്തിൻ്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ആദിവാസി പ്രക്ഷോഭങ്ങളിൽ ഒന്നായാണ് മുത്തങ്ങ സമരം വിലയിരുത്തപ്പെടുന്നത്. കുടിൽ കെട്ടി താമസിച്ച ആദിവാസികൾക്ക് നേരെ നടന്ന നിഷ്ഠൂരമായ പൊലീസ് നടപടിയും തുടർന്നുണ്ടായ മരണങ്ങളും വലിയ തോതിൽ വിമർശിക്കപ്പെട്ടിരുന്നു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News