പനിയെ തുടർന്ന് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി ചികിത്സാ പിഴവിനെ തുടർന്ന് മരിച്ചെന്ന് ആരോപണം.
Idukki , 31 ജൂലൈ (H.S.) പനിയെ തുടർന്ന് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി ചികിത്സാ പിഴവിനെ തുടർന്ന് മരിച്ചെന്ന് ആരോപണം. കാഞ്ചിയാർ മുരിക്കാട്ടുകുടി സ്വദേശി ഗീതു ജോമോനാണ് (25) ചികിത്സയിലിരിക്കെ മരിച്ചത്. ആശുപത്രി അധികൃതരുടെയും ഡോക്ടർമാരുടെയും
WOMAN DIES AT  GOVT HOSPITAL


Idukki , 31 ജൂലൈ (H.S.)

പനിയെ തുടർന്ന് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി ചികിത്സാ പിഴവിനെ തുടർന്ന് മരിച്ചെന്ന് ആരോപണം. കാഞ്ചിയാർ മുരിക്കാട്ടുകുടി സ്വദേശി ഗീതു ജോമോനാണ് (25) ചികിത്സയിലിരിക്കെ മരിച്ചത്. ആശുപത്രി അധികൃതരുടെയും ഡോക്ടർമാരുടെയും ഭാഗത്തുനിന്നുണ്ടായ കടുത്ത അനാസ്ഥയാണ് മരണത്തിന് കാരണമെന്ന് ബന്ധുക്കള് ആരോപിച്ചു. സംഭവത്തിൽ കുടുംബം മുഖ്യമന്ത്രിക്കും ആരോഗ്യ വകുപ്പ് മന്ത്രിക്കും പരാതി നൽകി.

ആശുപത്രിയിൽ വച്ച് ആരോഗ്യസ്ഥിതി വഷളായിട്ടും ആരും തിരിഞ്ഞുനോക്കിയില്ല. ജൂലൈ 25-ന് ഉച്ചയോടെയാണ് കടുത്ത പനിയെ തുടർന്ന് ഗീതുവിനെ കട്ടപ്പന താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. പ്രാഥമിക പരിശോധനയ്ക്ക് ശേഷം ഡോക്ടർ മരുന്ന് നൽകി മടക്കി അയക്കുകയായിരുന്നു. എന്നാൽ രാത്രി ഒൻപത് മണിയോടെ കടുത്ത ശരീരവേദനയും പനിയും അനുഭവപ്പെട്ടതിനെ തുടർന്ന് ഗീതുവിനെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നുവെന്നും ബന്ധുക്കള് പറഞ്ഞു.

വേദന സംഹാരി കുത്തിവയ്പ്പ് നൽകിയ ശേഷം രോഗിയെ അഡ്മിറ്റ് ചെയ്തെങ്കിലും തൊട്ടുപിന്നാലെ സ്ഥിതി വഷളാവുകയായിരുന്നു. കടുത്ത ശ്വാസതടസം അനുഭവപ്പെട്ട ഗീതു പുലർച്ചെ രണ്ടരയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഗീതുവിൻ്റെ ആരോഗ്യസ്ഥിതി മോശമായിട്ടും പരിശോധിക്കാൻ ഡോക്ടർ തയാറായില്ലെന്നും കൂടുതൽ സൗകര്യങ്ങളുള്ള മറ്റ് ആശുപത്രികളിലേക്ക് മാറ്റാൻ അധികൃതർ അനുവദിച്ചില്ലെന്നും ഭർത്താവ് ജോമോൻ ആരോപിച്ചു.

ഇനിയൊരു കുടുംബത്തിനും ഈ ദുരവസ്ഥ വരരുത്. പല തവണ പറഞ്ഞു നോക്കി മറ്റേതെങ്കിലും ആശുപത്രിയിലേക്ക് മാറ്റണോ എന്ന്. അപ്പോഴൊന്നും ആശുപത്രിയിൽ നിന്ന് യാതൊരു മറുപടിയും ലഭിച്ചില്ല. ശ്വാസം മുട്ടൽ കൂടിയപ്പോഴാണ് നഴ്സ് വന്ന് ഓക്സിജൻ നൽകിയത്. അപ്പോഴേക്കും ആള് മരിച്ചു. ഞങ്ങളോട് പറയും മുൻപ് തന്നെ പൊലീസ് ആണ് സ്ഥലത്തെത്തിയത്. പിന്നെ പൊലീസ് അവിടെ ആരെയും നിൽക്കാൻ അനുവദിച്ചില്ല. വിവരം അറിഞ്ഞെത്തിയ ബന്ധുക്കളെ വണ്ടിയിൽ നിന്ന് ഇറങ്ങാൻ പോലും അനുവദിച്ചില്ല. കാര്യം എന്താണ് എന്ന് ചോദിച്ചാൽ അതിനും മറുപടി തന്നില്ല. 15 മിനിട്ടിനുള്ളിൽ ഗീതുവിനെ മോർച്ചറിയിലേക്ക് മാറ്റി. അപ്പോഴാണ് ശെരിക്കും കാര്യങ്ങള്ക്ക് ഒരു വ്യക്തത വന്നത്,'' ഭർത്താവ് ജോമോൻ മാധ്യമങ്ങളോട് പറഞ്ഞു.

ആശുപത്രി അധികൃതരുടെ അനാസ്ഥയിൽ തകർന്ന് നൽക്കുകയാണ് ഗീതുവിൻ്റെ കുടുംബം. തങ്ങളുടെ കുടുംബത്തിനുണ്ടായ ഈ ദുരനുഭവം ഇനി മറ്റൊരാൾക്കും ഉണ്ടാകരുതെന്നും, മകളുടെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്നും ഗീതുവിൻ്റെ അമ്മ ഗീത വിതുമ്പലോടെ ആവശ്യപ്പെട്ടു. സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തി കുറ്റക്കാരായ ജീവനക്കാർക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News