Enter your Email Address to subscribe to our newsletters

Idukki , 31 ജൂലൈ (H.S.)
ഒരു പൊടി ചായ തരുമോ എന്ന് ചോദിച്ചാൽ ചായയ്ക്കൊപ്പം കൈയിലെത്തുന്നത് നിരോധിത പുകയില ഉത്പന്നമായ ഹാൻസ്. ഒരു ഡബിൾ സ്ട്രോങ് പോരട്ടെ എന്ന് പറഞ്ഞാൽ കഞ്ചാവ് വലിക്കാൻ ഉപയോഗിക്കുന്ന ഒസിബി പേപ്പർ. സാധാരണ ചായക്കടയുടെ മറവിൽ രഹസ്യ കോഡ് ഭാഷകൾ ഉപയോഗിച്ച് വൻതോതിൽ ലഹരി വിൽപന നടത്തിവന്ന വിരുതൻ ഒടുവിൽ എക്സൈസിൻ്റെ വലയിലായി. നെടുംകണ്ടത്ത് ചായക്കട നടത്തിയിരുന്ന കാരിശേരി മജീദ് ഹാസിം എന്ന പേപ്പർ ഇക്കയാണ് എക്സൈസ് സംഘത്തിൻ്റെ പിടിയിലായത്. ഇടുക്കി ജില്ലയിലെ നെടുംകണ്ടം കേന്ദ്രീകരിച്ച് ലഹരി മാഫിയ പിടിമുറുക്കുന്നുവെന്ന പരാതികൾക്കിടെയാണ് എക്സൈസിൻ്റെ ഈ നിർണായക നീക്കം.
ചായക്കടയിലെ രഹസ്യ മെനു
ആളുകൾ സാധാരണപോലെ ചായ കുടിക്കാൻ വരുന്ന ഇടം എന്ന് തോന്നിപ്പിക്കുമെങ്കിലും പേപ്പർ ഇക്കയുടെ കടയിലെ വ്യാപാര തന്ത്രം കേട്ടാൽ എക്സൈസ് ഉദ്യോഗസ്ഥർ പോലും ഞെട്ടും. ലഹരി ആവശ്യക്കാർക്ക് മാത്രം അറിയാവുന്ന പ്രത്യേക കോഡ് ഭാഷയിലായിരുന്നു ഇവിടെ അതിവിദഗ്ധമായി കച്ചവടം നടന്നിരുന്നത്. 75 രൂപ നൽകി പൊടി ചായ എന്ന് ആവശ്യപ്പെട്ടാൽ ചായക്കൊപ്പം ഹാൻസ് പായ്ക്കറ്റ് ലഭിക്കും. 115 രൂപയുടെ ഡബിൾ സ്ട്രോങ് ചോദിച്ചാൽ ഒസിബി പേപ്പറുമാണ് നൽകിയിരുന്നത്.
അന്താരാഷ്ട്ര ലഹരി ശൃംഖലകളെപ്പോലും ഓർമിപ്പിക്കും വിധം ക്യൂബൻ നിർമിത ഹവാന ചുരുട്ടുകളും കഞ്ചാവും അടക്കം വലിയൊരു ലഹരി ശേഖരം തന്നെ ഇയാൾ കടയിലും വീട്ടിലുമായി സൂക്ഷിച്ചിരുന്നു. യുവാക്കളെയും വിദ്യാർഥികളെയും ലക്ഷ്യമിട്ടായിരുന്നു ഇയാളുടെ പ്രധാന കച്ചവടം. പുറമെ സാധാരണ ചായക്കടയാണെന്ന് തോന്നിപ്പിക്കുന്നതിനാൽ നാട്ടുകാർക്കും സംശയമുണ്ടായിരുന്നില്ല. ലഹരി വിൽപനയ്ക്ക് ഉപയോഗിച്ചിരുന്ന കോഡ് ഭാഷകൾ കേട്ട് നാട്ടുകാരും അമ്പരപ്പിലാണ്.
കുടുങ്ങിയത് മിന്നൽ പരിശോധനയിൽരഹസ്യ വിവരത്തെത്തുടർന്ന് നടത്തിയ മിന്നൽ പരിശോധനയിലാണ് ഇയാൾ എക്സൈസിൻ്റെ കൈയിൽ കുടുങ്ങിയത്. നെടുംകണ്ടം എക്സൈസ് സംഘമാണ് പരിശോധന നടത്തിയത്. മജീദിൻ്റെ വീട്ടിലും കടയിലുമാണ് മിന്നൽ പരിശോധന നടത്തി തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്. പരിശോധനയിൽ 106 പായ്ക്കറ്റ് ഒസിബി പേപ്പറുകൾ, 22 കിലോയോളം വരുന്ന നിരോധിത പുകയില ഉത്പന്നങ്ങൾ, മൂന്ന് ഗ്രാം കഞ്ചാവ് എന്നിവ എക്സൈസ് സംഘം പിടിച്ചെടുത്തു. ഇതിന് പുറമെയാണ് വിലപിടിപ്പുള്ള ഹവാന ചുരുട്ടുകളും കണ്ടെടുത്തത്. ഏറെ നാളായി ഇയാൾ ഈ മേഖലയിൽ ലഹരി വിൽപന നടത്തിവരികയായിരുന്നു എന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന സൂചന.
അന്വേഷണം ഊർജിതംസംഭവത്തിൽ ഉപഭോക്താക്കളിലേക്കും എക്സൈസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഇയാളുടെ കടയിൽ സ്ഥിരമായി വന്ന് പോയിരുന്ന ലഹരി ഉപഭോക്താക്കളെ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. ചായക്കടയുടെ മറവിൽ അനധികൃതമായി ലഹരി കച്ചവടം നടത്തിയ സ്ഥാപനത്തിൻ്റെ ലൈസൻസ് റദ്ദാക്കാൻ പഞ്ചായത്തിന് നിർദേശം നൽകുമെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു. ഇവിടെ നിന്നും സ്കൂൾ കുട്ടികൾക്കും മറ്റും ലഹരി വസ്തുക്കൾ വിതരണം ചെയ്തിട്ടുണ്ടോ എന്നും അന്വേഷിക്കും.
വിദ്യാർഥികൾ ഉൾപ്പെടെ നിരവധി പേർ ഇയാളുടെ വലയിൽ വീണിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. സ്ഥിരം ഉപഭോക്താക്കളെ കണ്ടെത്തി കൂടുതൽ വിവരം ശേഖരിക്കുന്നതായിരിക്കും. വരും ദിവസങ്ങളിലും പ്രദേശത്ത് എക്സൈസ് പരിശോധന കർശനമാക്കാനാണ് തീരുമാനം. ലഹരി മാഫിയക്കെതിരെ ശക്തമായ നടപടികൾ തുടരുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR