പൊതുപരീക്ഷാ ഭേദഗതി ബിൽ 2026 പാർലമെൻ്റ് പാസാക്കിയതിനെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി
Newdelhi, 31 ജൂലൈ (H.S.) പൊതുപരീക്ഷാ (അനുചിത മാർഗങ്ങൾ തടയൽ) ഭേദഗതി ബിൽ 2026 പാർലമെൻ്റ് പാസാക്കിയതിനെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യാഴാഴ്ച രാത്രി പുറത്തിറക്കിയ പുതിയ വീഡിയോ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പുതിയ നി
Narendra Modi


Newdelhi, 31 ജൂലൈ (H.S.)

പൊതുപരീക്ഷാ (അനുചിത മാർഗങ്ങൾ തടയൽ) ഭേദഗതി ബിൽ 2026 പാർലമെൻ്റ് പാസാക്കിയതിനെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യാഴാഴ്ച രാത്രി പുറത്തിറക്കിയ പുതിയ വീഡിയോ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പുതിയ നിയമം രാജ്യത്തെ പരീക്ഷാ സമ്പ്രദായത്തെ കൂടുതൽ കരുത്തുറ്റതാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ കർശന നടപടി ഉറപ്പാക്കാൻ ഈ ബില്ലിലൂടെ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിശ്വാസയോഗ്യമായ ഒരു വിദ്യാഭ്യാസ സമ്പ്രദായം കെട്ടിപ്പടുക്കുന്നതിനായി സർക്കാർ തുടർച്ചയായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ട വീഡിയോയിൽ പ്രധാനമന്ത്രി വ്യക്തമാക്കി. ഇതിൻ്റെ ഭാഗമായി പ്രത്യേക കർമസേന രൂപീകരിക്കുകയും അതിവേഗ കോടതികൾ സ്ഥാപിക്കുകയും ചെയ്തു. കൂടാതെ സംസ്ഥാനങ്ങളുടെ അഭിപ്രായങ്ങളും പരിഗണിച്ചിട്ടുണ്ട്. കഴിഞ്ഞ കുറേ പതിറ്റാണ്ടുകളായി സംസ്ഥാന സർക്കാരുകളും കേന്ദ്ര സർക്കാരും ചോദ്യപേപ്പർ ചോർച്ച എന്ന വലിയ പ്രതിസന്ധി നേരിടുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നമ്മുടെ പരീക്ഷാ സമ്പ്രദായത്തെ കൂടുതൽ സുതാര്യവും ശക്തവുമാക്കുന്ന ബില്ലാണ് പാർലമെൻ്റ് പാസാക്കിയിരിക്കുന്നതെന്ന് മോദി പറഞ്ഞു. ഈ ആഴ്ച ആദ്യം ലോക്സഭ പാസാക്കിയ പൊതുപരീക്ഷാ ഭേദഗതി ബില്ലിന് വ്യാഴാഴ്ച രാജ്യസഭയും അംഗീകാരം നൽകി. ഇനി രാഷ്ട്രപതി ദ്രൗപദി മുർമു ഒപ്പുവയ്ക്കുന്നതോടെ ഇത് നിയമമായി മാറും.

കർശന വ്യവസ്ഥകളോടെ പുതിയ നിയമംകുട്ടികളുടെ ഭാവി വലിയ അനിശ്ചിതത്വമാണ് നേരിട്ടിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ മേഖലയിലെ പരിഷ്കരണം കേന്ദ്രത്തിനും എല്ലാ സംസ്ഥാനങ്ങൾക്കും അനിവാര്യമാണ്. ഇതിനായി സാങ്കേതികവിദ്യയുടെ ഉപയോഗം ആവശ്യമാണ്. ചോദ്യപേപ്പർ ചോർച്ചയ്ക്ക് പിന്നിൽ പ്രവർത്തിക്കുന്ന ഒരു സംഘത്തെയും വെറുതെ വിടില്ല. രാജ്യത്തെ കുട്ടികളുടെ ഭാവിയുമായി കളിക്കുന്നവർക്ക് കടുത്ത ശിക്ഷ തന്നെ ഉറപ്പാക്കുമെന്നും പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകി.

കർശനമായ നിയമങ്ങളുടെ ആവശ്യകത ഊന്നിപ്പറഞ്ഞ അദ്ദേഹം, സർക്കാർ നൽകിയ വാഗ്ദാനം പുതിയ ബില്ലിലൂടെ നടപ്പിലാക്കിയെന്നും വ്യക്തമാക്കി. ചോദ്യപേപ്പർ ചോർച്ചയ്ക്ക് പിന്നിലെ മാഫിയകളെ തടയാനും രാജ്യത്ത് വിശ്വസനീയമായ ഒരു വിദ്യാഭ്യാസ സമ്പ്രദായം കൈവരിക്കാനും ഈ കർശന നടപടികൾ സഹായിക്കുമെന്നും മോദി പറഞ്ഞു. ഇത്തരം സാഹചര്യങ്ങൾ ഇനിയും തുടരാൻ അനുവദിക്കില്ലെന്നും ഇതിനായുള്ള പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. ഈ വിശ്വാസത്തോടെ, വികസിത ഇന്ത്യ എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ നമുക്കെല്ലാവർക്കും ഒരുമിച്ച് മുന്നേറാമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.

നീറ്റ് വിവാദവും പ്രതിഷേധവുംനീറ്റ് ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് രാജ്യത്തുടനീളം ആയിരക്കണക്കിന് വിദ്യാർഥികളാണ് തെരുവിലിറങ്ങി പ്രതിഷേധിച്ചത്. തുടർന്ന് കേന്ദ്ര സർക്കാർ വിദ്യാർഥി പ്രതിനിധികളുമായി സംസാരിക്കുകയും അവരുടെ ആശങ്കകൾ പരിഹരിക്കുകയും ചെയ്തിരുന്നു. 2024-ൽ നിലവിൽ വന്ന നിയമം കൂടുതൽ കർശനമാക്കിയാണ് 2026-ലെ പുതിയ ഭേദഗതി ബിൽ കൊണ്ടുവന്നിരിക്കുന്നത്.

പുതിയ നിയമപ്രകാരം ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് അഞ്ച് മുതൽ പത്ത് വർഷം വരെ തടവുശിക്ഷ ലഭിക്കും. കൂടാതെ സംഘടിതമായി ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്യുന്ന മാഫിയകൾക്ക് പത്ത് കോടി രൂപ വരെ പിഴ ഈടാക്കാനും ബില്ലിൽ വ്യവസ്ഥയുണ്ട്. അന്വേഷണം വേഗത്തിലാക്കാൻ പ്രത്യേക കർമസേനയെ നിയോഗിക്കാനും രണ്ട് മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കാനും പുതിയ നിയമം അനുശാസിക്കുന്നു. കഴിഞ്ഞ മെയ് മാസത്തിൽ നടന്ന നീറ്റ് യുജി പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നത് രാജ്യത്ത് വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. ഇതിനെതിരെ ഡൽഹിയിലെ ജന്തർ മന്ദിർ ഉൾപ്പെടെ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ വിദ്യാർഥികൾ വലിയ പ്രതിഷേധമാണ് സംഘടിപ്പിച്ചത്. സിബിഐ അന്വേഷണം പ്രഖ്യാപിച്ച സർക്കാർ, നിരവധി പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് പരീക്ഷാ നടത്തിപ്പ് കൂടുതൽ സുതാര്യമാക്കുന്നതിനായി കേന്ദ്ര സർക്കാർ പുതിയ ഭേദഗതി ബിൽ പാർലമെൻ്റിൽ അവതരിപ്പിച്ചത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News