അതീവ വിഷാംശമുള്ള കളനാശിനിയായ പാരാക്വാറ്റ് അബദ്ധത്തിൽ ഉള്ളിൽ ചെന്നതിനെ തുടർന്ന് ചികിത്സ തേടിയെത്തി രണ്ടു വയസുകാരന് പുതുജീവനയ്ക്ക് എസ്എടി ആശുപത്രി
Thiruvananthapuram , 31 ജൂലൈ (H.S.) അതീവ വിഷാംശമുള്ള കളനാശിനിയായ പാരാക്വാറ്റ് അബദ്ധത്തിൽ ഉള്ളിൽ ചെന്നതിനെ തുടർന്ന് ചികിത്സ തേടിയെത്തി രണ്ടു വയസുകാരൻ. കന്യാകുമാരി സ്വദേശിയായ രണ്ടു വയസുകാരൻ എസ്എടി ആശുപത്രിയിലെ ചികിത്സയിലൂടെ പുതുജീവിതത്തിലേക്ക്. ഇക്ക
PARAQUAT POISON


Thiruvananthapuram , 31 ജൂലൈ (H.S.)

അതീവ വിഷാംശമുള്ള കളനാശിനിയായ പാരാക്വാറ്റ് അബദ്ധത്തിൽ ഉള്ളിൽ ചെന്നതിനെ തുടർന്ന് ചികിത്സ തേടിയെത്തി രണ്ടു വയസുകാരൻ. കന്യാകുമാരി സ്വദേശിയായ രണ്ടു വയസുകാരൻ എസ്എടി ആശുപത്രിയിലെ ചികിത്സയിലൂടെ പുതുജീവിതത്തിലേക്ക്. ഇക്കഴിഞ്ഞ ജൂൺ 29 നാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

പാരാക്വാറ്റ് മനുഷ്യശരീരത്തിൽ പ്രവേശിച്ചാൽ മണിക്കൂറുകൾക്കുള്ളിൽ തന്നെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കും മരണത്തിനും കാരണമാകാൻ സാധ്യതയുള്ള അതീവ മാരകമായ വിഷവസ്തുവാണ്. പ്രധാനമായും ശ്വാസകോശം, വൃക്ക, കരൾ എന്നീ അവയവങ്ങളെയാണ് ഇത് ഗുരുതരമായി ബാധിക്കുന്നത്. വിഷത്തിൻ്റെ അളവ് വളരെ കുറവാണെങ്കിലും ജീവന് ഭീഷണിയാകാൻ സാധ്യതയുണ്ട്. വായിലെയും തൊണ്ടയിലെയും അൾസർ, ഛർദ്ദി, വൃക്ക-കരൾ തകരാർ, തുടർന്ന് ശ്വാസകോശത്തിൽ സ്ഥിരമായ ഫൈബ്രോസിസ് എന്നിവയാണ് ഇതിൻ്റെ പ്രധാന സങ്കീർണതകൾ.

പാരാക്വാറ്റ് വിഷബാധയ്ക്ക് നിലവിൽ പ്രത്യേക പ്രതിവിഷം ലഭ്യമല്ല. അതിനാൽ വിഷം ശരീരത്തിൽ നിന്ന് എത്രയും വേഗം നീക്കം ചെയ്യുക, അവയവങ്ങളുടെ പ്രവർത്തനം സംരക്ഷിക്കുക, ആവശ്യമായ തീവ്രപരിചരണം നൽകുക എന്നിവയാണ് ചികിത്സയുടെ പ്രധാന ലക്ഷ്യങ്ങൾ.

ഇതിനായി ഡയാലിസിസ് മെഷീൻ ഉപയോഗിച്ച് നടത്തുന്ന ഹീമോപെർഫ്യൂഷൻ ചികിത്സ വിഷം ഉള്ളിൽ ചെന്ന ആദ്യ മണിക്കൂറുകൾക്കുള്ളിൽ ആരംഭിക്കുന്നത് ജീവൻ രക്ഷിക്കാൻ നിർണായകമാണ്. പ്രത്യേക ഫിൽട്ടറുകൾ ഉപയോഗിച്ച് രക്തത്തിലുള്ള പാരാക്വാറ്റ് വിഷാംശം വേർതിരിച്ചുമാറ്റുന്ന ചികിത്സാരീതിയാണിത്. കഴിയുന്നതും വേഗം ചികിത്സ ആരംഭിച്ചാൽ രോഗിയുടെ ജീവൻ രക്ഷിക്കാനുള്ള സാധ്യത വർധിക്കും.

കുട്ടിയെ പെട്ടെന്ന് തന്നെ എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ ലഭ്യമാക്കാൻ സാധിച്ചതിനാൽ കുട്ടിയുടെ ജീവൻ രക്ഷിക്കാനും ശ്വാസകോശം, വൃക്ക, കരൾ തുടങ്ങിയ പ്രധാന അവയവങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നത് ഒഴിവാക്കാനും സാധിച്ചു. നിലവിൽ കുട്ടി പൂർണ ആരോഗ്യത്തോടെ സുഖം പ്രാപിച്ചിട്ടുണ്ട്.

ശിശുരോഗ വിഭാഗം മേധാവി ഡോ ജിഎസ് ബിന്ദുവിൻ്റെ നേതൃത്വത്തിൽ ശിശുരോഗ വിഭാഗം, കുട്ടികളുടെ തീവ്രപരിചരണ വിഭാഗം, പീഡിയാട്രിക് നെഫ്രോളജി വിഭാഗം, ഹീമോഡയാലിസിസ് യൂണിറ്റ്, പീഡിയാട്രിക് ഗ്യാസ്ട്രോ വിഭാഗം എന്നിവയുടെ സംയോജിത പ്രവർത്തനത്തിലൂടെയാണ് ചികിത്സ വിജയകരമായി പൂർത്തിയാക്കിയത്. പീഡിയാട്രിക് ഇൻ്റൻസീവ് കെയർ യൂണിറ്റിലെ ഡോ ആരതി രാജ്, പീഡിയാട്രിക് നെഫ്രോളജി വിഭാഗത്തിലെ ഡോ സൂസൻ ഉതുപ്പ്, ഡോ സിആർ രാധിക, ഡോ ക്രിസ്റ്റി തോമസ് എന്നിവർ ചികിത്സയ്ക്ക് നേതൃത്വം നൽകി. മൂന്ന് ദിവസങ്ങളിലായി നടത്തിയ ഹീമോപെർഫ്യൂഷൻ ചികിത്സയിലൂടെയാണ് കുട്ടിയുടെ ശരീരത്തിൽ നിന്ന് പാരാക്വാറ്റ് വിഷാംശം പൂർണമായും നീക്കം ചെയ്യാൻ സാധിച്ചത്.

പാരാക്വാറ്റ് മനുഷ്യജീവന് ഗുരുതരമായ ഭീഷണിയാണെന്ന വിലയിരുത്തലിനെ തുടർന്ന്, പാരാക്വാറ്റ് ഡൈക്ലോറൈഡിൻ്റെ ഇറക്കുമതി, നിർമ്മാണം, വിൽപ്പന, ഉപയോഗം എന്നിവ രാജ്യവ്യാപകമായി നിരോധിക്കുന്നതിനുള്ള കരട് ഉത്തരവ് കേന്ദ്ര സർക്കാർ 2026 ജൂലൈ 13-ന് പുറത്തിറക്കിയിട്ടുണ്ട്.

ജനങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

- പാരാക്വാറ്റ് അബദ്ധത്തിൽ കഴിച്ചതായി സംശയം തോന്നിയാൽ ഛർദിപ്പിക്കാൻ ശ്രമിക്കരുത്.

- ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലേക്കോ വിഷചികിത്സാ സൗകര്യമുള്ള കേന്ദ്രത്തിലേക്കോ എത്തിക്കുക. ചികിത്സ ആരംഭിക്കുന്നതിലെ ഓരോ മണിക്കൂറിന്റെയും കാലതാമസം ജീവൻ രക്ഷിക്കാനുള്ള സാധ്യത കുറയ്ക്കും.

- വിഷം കുടിച്ച പാത്രമോ കുപ്പിയോ ആശുപത്രിയിൽ കൊണ്ടുവരുന്നത് വിഷം തിരിച്ചറിയാനും ചികിത്സ തീരുമാനിക്കാനും സഹായിക്കും.

- പാരാക്വാറ്റ് ഉൾപ്പെടെയുള്ള കീടനാശിനികളും കളനാശിനികളും ഒരിക്കലും കുടിവെള്ളക്കുപ്പികളിലോ ശീതളപാനീയ കുപ്പികളിലോ സൂക്ഷിക്കരുത്. കുട്ടികൾക്ക് എത്തിപ്പെടാത്ത വിധം പൂട്ടിയ അലമാരകളിൽ മാത്രമേ സൂക്ഷിക്കാവൂ.

- പാരാക്വാറ്റ് വിഷബാധയിൽ ആദ്യ മണിക്കൂറുകളിലെ ശരിയായ ചികിത്സയും സമയോചിതമായ ഹീമോപെർഫ്യൂഷനും രോഗിയുടെ ജീവൻ രക്ഷിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News