Enter your Email Address to subscribe to our newsletters

Thiruvananthapuram, 31 ജൂലൈ (H.S.)
കേന്ദ്രാവിഷ്കൃത പദ്ധതിയായ പിഎം ശ്രീ പദ്ധതിയിൽ നിന്നും ഇനി പിന്മാറാനാകില്ലെന്ന് ഇന്നലെ നടന്ന യുഡിഎഫ് യോഗം നിലപാട് എടുത്തതോടെ പദ്ധതിയെ എതിർക്കാൻ കച്ചമുറുക്കി എൽഡിഎഫും സിപിഎമ്മും രംഗത്തിറങ്ങും. അധികാരത്തിലേറി മൂന്ന് മാസം തികയും മുമ്പേ വിഷയത്തിൽ യുഡിഎഫ് സർക്കാരിന് കടുത്ത പ്രക്ഷോഭത്തെയാവും നേരിടേണ്ടി വരിക. ആദ്യം ഇടത് സംഘടനകളുടെ വിദ്യാർഥി പ്രസ്ഥാനങ്ങൾ നയിക്കുന്ന സമരങ്ങൾ പിന്നീട് സിപിഎമ്മും സിപിഐയും ഏറ്റെടുത്ത് എൽഡിഎഫ് സമരമാക്കി മാറ്റുന്ന തന്ത്രമാവും ഇടതുമുന്നണി സ്വീകരിക്കുക.
കേന്ദ്രം ഭരിക്കുന്ന ബിജെപി - സംഘപരിവാർ പ്രസ്ഥാനങ്ങളുടെ നയങ്ങൾ ഉൾപ്പെടുത്തി രൂപീകരിച്ച ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായുള്ളതാണ് പിഎംശ്രീ പദ്ധതിയെന്നും വിദ്യാഭ്യാസ രംഗത്ത് സംഘപരിവാർ നയങ്ങൾ അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നാണ് ഈ പദ്ധതിക്കെതിരെ ഉയരുന്ന രാഷ്ട്രീയ ആരോപണം.
കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ക്യാബിനറ്റിൽ പോലും ചർച്ച ചെയ്യാതെ പിഎംശ്രീ പദ്ധതിയിൽ കേരളം ഒപ്പ് വച്ചത് ഇടതുമുന്നണിക്കുള്ളിൽ തന്നെ വലിയ രാഷ്ട്രീയ ഒച്ചപ്പാടുണ്ടാക്കിയിരുന്നു. പദ്ധതിയിൽ ഒപ്പ് വച്ച വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ നടപടിക്കെതിരെ അതൃപ്തി അറിയിച്ച് സിപിഐ രംഗത്ത് വന്നു. ആദ്യമൊന്നും അതിനെ ഗൗനിക്കാതിരുന്ന സിപിഎമ്മിന് പിന്നീട് സിപിഐയ്ക്ക് വഴങ്ങേണ്ടി വന്നു. പദ്ധതിയിൽ നിന്നും പിന്മാറണമെന്ന വാദമായിരുന്നു അന്ന് സിപിഐ മുന്നോട്ട് വച്ചിരുന്നത്.
എന്നാൽ അന്നത്തെ സംസ്ഥാന സർക്കാർ പദ്ധതി സംബന്ധിച്ച കൂടിയാലോചനകൾക്കായി മന്ത്രിസഭാ ഉപസമിതിയെ തീരുമാനിച്ചു. പദ്ധതി മരവിപ്പിക്കാൻ സംസ്ഥാനം കത്ത് നൽകുകയും ചെയ്തൂവെന്നാണ് എൽഡിഎഫ് നേതൃത്വം വ്യക്തമാക്കുന്നത്. പദ്ധതി നടപ്പാക്കാൻ വേണ്ടിയല്ല ഒപ്പിട്ടതെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം സ്വരാജ്, അന്നത്തെ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രതിപക്ഷനേതാവ് പിണറായി വിജയൻ എന്നിവർ പലതവണ വ്യക്തമാക്കിയിരുന്നു. എന്നാൽ കഴിഞ്ഞ സർക്കാർ പദ്ധതിയിൽ ഒപ്പ് വച്ചതിനാൽ തന്നെ നിലവിലെ യുഡിഎഫ് സർക്കാരിന് പദ്ധതിയിൽ നിന്നും ഏകപക്ഷീയമായി പിന്മാറാനാവില്ലെന്നാണ് മുഖ്യമ്രന്തി വിഡി സതീശൻ അറിയിച്ചിട്ടുള്ളത്.
നിലവിൽ യുഡിഎഫ് പദ്ധതിയുടെ നടപ്പാക്കൽ പരിശോധിക്കാൻ വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീന്റെ നേതൃത്വത്തിൽ മന്ത്രിമാരായ റോജി എം ജോൺ, പിസി വിഷ്ണുനാഥ്, എം ലിജു എന്നിവരെ ഉൾപ്പെടുത്തി ഉപസമിതി രൂപീകരിച്ചിട്ടുണ്ട്. ഇവർ രണ്ട് യോഗങ്ങൾ ചേർന്നിരുന്നുവെങ്കിലും സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല. എന്നാൽ ഇന്നലത്തെ മുന്നണി യോഗത്തിൽ പിഎം ശ്രീയുമായി മുന്നോട്ട് പോക്ക് തീരുമാനിച്ചതോടെ ഉപസമിതിയുടെ തീരുമാനങ്ങൾ പദ്ധതി നടപ്പാക്കലുമായി ബന്ധപ്പെട്ടതായി മാറും.
സമര പരിപാടികളുമായി മുന്നോട്ട് പോകും
പിഎം ശ്രീ നടപ്പാക്കാൻ യുഡിഎഫ് സർക്കാർ നടപടികൾ സ്വീകരിച്ചാൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎസ് സഞ്ജീവ് പറഞ്ഞു. ഇക്കാര്യത്തിന് പ്രത്യേക കൂടിയാലോചനകൾ ഒന്നും ആവശ്യമില്ല. സംഘടനയുടെ പ്രഖ്യാപിത നിലപാടാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR