പിഎസ്സി പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ചിൻ്റെ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിലെത്തിയത് തൊണ്ണൂറോളം പരാതികൾ.
Thiruvananthapuram, 31 ജൂലൈ (H.S.) പിഎസ്സി പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ചിൻ്റെ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിലെത്തിയത് തൊണ്ണൂറോളം പരാതികൾ. സംസ്ഥാന ആസൂത്രണ ബോർഡിലെ നിയമനവുമായി ബന്ധപ്പെട്ട് നിലവിൽ ഒരു കേസ് മാത്രമാണ് രജിസ്റ്റർ
PSC EXAM IRREGULARITIES


Thiruvananthapuram, 31 ജൂലൈ (H.S.)

പിഎസ്സി പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ചിൻ്റെ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിലെത്തിയത് തൊണ്ണൂറോളം പരാതികൾ. സംസ്ഥാന ആസൂത്രണ ബോർഡിലെ നിയമനവുമായി ബന്ധപ്പെട്ട് നിലവിൽ ഒരു കേസ് മാത്രമാണ് രജിസ്റ്റർ ചെയ്തിട്ടുള്ളതെങ്കിലും കൂടുതൽ കേസുകളിൽ വരും ദിവസങ്ങളിൽ നടപടിയുണ്ടാകും.

കേരള പബ്ലിക് സർവീസ് കമ്മിഷൻ നടത്തിയ വിവിധ പരീക്ഷകളിലെ അട്ടിമറിയും ക്രമക്കേടും ചൂണ്ടിക്കാട്ടിയാണ് ഉദ്യോഗാർഥികൾ പരാതി നൽകിയിരിക്കുന്നത്. സംസ്ഥാന ഭരണ സർവീസ് (കെഎഎസ്), കേരള ഫിനാൻഷ്യൽ കോർപറേഷൻ, കേരഫെഡ്, പിആർഡി ഇൻഫർമേഷൻ അസിസ്റ്റൻ്റ് തുടങ്ങി നിരവധി പരീക്ഷകളിൽ ക്രമക്കേട് നടന്നതായി അന്വേഷണ സംഘത്തിന് ലഭിച്ച പരാതികളിൽ പറയുന്നു. ലക്ഷക്കണക്കിന് ഉദ്യോഗാർഥികൾ വർഷങ്ങളോളം കഠിനാധ്വാനം ചെയ്ത് വിശ്വാസമർപ്പിക്കുന്ന പിഎസ്സി പരീക്ഷകളുടെ സുതാര്യതയെ ചോദ്യം ചെയ്യുന്നതാണ് പുതിയ വെളിപ്പെടുത്തലുകൾ. സർക്കാർ സർവീസിലേക്കുള്ള നിയമനങ്ങളിൽ ഇത്തരം അട്ടിമറികൾ നടക്കുന്നത് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.

അന്വേഷണ സംഘത്തെ വിപുലപ്പെടുത്തും

പരാതികൾ വിശദമായി പരിശോധിച്ച് തുടർനടപടി സ്വീകരിക്കുമെന്ന് അന്വേഷണ ചുമതലയുള്ള ഐജി അജിതാ ബീഗം മാധ്യമങ്ങളോട് പറഞ്ഞു. കൂടുതൽ കേസുകളിൽ കൃത്യമായ അന്വേഷണം അനിവാര്യമായതിനാൽ ക്രൈംബ്രാഞ്ചിൻ്റെ നിലവിലെ അന്വേഷണ സംഘം വിപുലപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്. കൂടുതൽ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയുള്ള പ്രഖ്യാപനം വരുംദിവസങ്ങളിൽ ഉണ്ടാകുമെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു. നിലവിൽ ലഭിച്ചിരിക്കുന്ന മുഴുവൻ പരാതികളും അന്വേഷണ സംഘം വിശദമായി പരിശോധിച്ചുവരികയാണ്. ഇതിനായി പ്രത്യേക സംഘങ്ങളെ നിയോഗിച്ച് വിവരശേഖരണം നടത്താനും സാധ്യതയുണ്ട്.

വർഷങ്ങൾക്ക് മുൻപ് നടന്ന പരീക്ഷകൾ സംബന്ധിച്ച പരാതികളും ഇക്കൂട്ടത്തിലുണ്ട്. എന്നാൽ പഴയ പരീക്ഷകളിൽ കൃത്യമായ തെളിവുകൾ കണ്ടെത്തുക പ്രായോഗികമല്ലാത്തതിനാൽ ഇത്തരം പരാതികളും ക്ലറിക്കൽ പിഴവുകൾ സംബന്ധിച്ച ചെറിയ പരാതികളും ആദ്യഘട്ടത്തിൽ മാറ്റിവയ്ക്കും. പകരം ആസൂത്രണ ബോർഡ് നിയമനത്തിലേതുപോലെ ക്രിമിനൽ സ്വഭാവമുള്ള കേസുകൾ കണ്ടെത്തി കർശനമായ നിയമനടപടികളുമായി മുന്നോട്ടുപോകാനാണ് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ തീരുമാനം. അർഹരായ ഉദ്യോഗാർഥികൾക്ക് നീതി ഉറപ്പാക്കുന്ന തരത്തിലാകും അന്വേഷണം പുരോഗമിക്കുക. ഡിജിറ്റൽ രേഖകൾ ഉൾപ്പെടെ പരിശോധിച്ച് തെളിവുകൾ ശേഖരിക്കാനാണ് അന്വേഷണ സംഘം ലക്ഷ്യമിടുന്നത്.

കർശന പരിശോധനമുൻകാലങ്ങളിൽ പിഎസ്സി പരീക്ഷകളെക്കുറിച്ച് സമാനമായ ക്രമക്കേടുകൾ ഉയർന്നപ്പോൾ കമ്മിഷൻ തന്നെ ആഭ്യന്തര അന്വേഷണം നടത്തി തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി കേസ് അവസാനിപ്പിക്കുന്നതായിരുന്നു പതിവ്. എന്നാൽ ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തതോടെ രേഖകൾ കൃത്യമായി പരിശോധിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗാർഥികൾ. വരുംദിവസങ്ങളിൽ കൂടുതൽ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനും സാധ്യതയുണ്ട്. പിഎസ്സി പരീക്ഷകളുടെ വിശ്വാസ്യത വീണ്ടെടുക്കാൻ ഈ അന്വേഷണം നിർണായകമാകും. കുറ്റക്കാർക്കെതിരെ മുഖംനോക്കാതെ നടപടിയെടുക്കാനാണ് ആഭ്യന്തര വകുപ്പിൻ്റെയും നിർദേശം.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News