Enter your Email Address to subscribe to our newsletters

Ernakulam , 31 ജൂലൈ (H.S.)
രാജീവ് ചന്ദ്രശേഖറിൻ്റെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ച് യുഡിഎഫ് സ്ഥാനാര്ഥിയായിരുന്ന കെ എസ് ശബരീനാഥന്. രാജീവ് ചന്ദ്രശേഖറിൻ്റെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്നാണ് കെ എസ് ശബരിനാഥൻ്റെ ആവശ്യം.
രാജീവ് ചന്ദ്രശേഖര് സ്വത്ത് വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷനില് നിന്ന് മറച്ചുവച്ചു. ബംഗലുരുവിലെ 200 കോടി രൂപയുടെ ആസ്തി വിവരം സത്യവാങ്മൂലത്തില് ചേര്ത്തില്ല. മൂന്ന് ഇടങ്ങളിലെ സ്ഥാവര വസ്തുക്കളുടെ വിവരം മനഃപൂര്വ്വം മറച്ചുവച്ചെന്നും വസ്തുത പരിശോധിക്കാതെയാണ് വരണാധികാരി പത്രിക അംഗീകരിച്ചെന്നും സമർപ്പിച്ച ഹർജിയിൽ ശബരീനാഥൻ ആരോപിക്കുന്നു. ഇതിനെതിരെ പരാതിയുണ്ടെന്ന് പറഞ്ഞ് വരണാധികാരിയെ സമീപിച്ചപ്പോൾ തെരഞ്ഞെടുപ്പ് കേസ് നൽകാനായിരുന്നു വരാണാധികാരി ആവശ്യപ്പെട്ടതെന്ന് ശബരിനാഥൻ പറഞ്ഞു.
അതേസമയം, കഴക്കൂട്ടം എംഎൽഎ വി മുരളീധരൻ്റെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇടത് സ്ഥാനാർഥിയായിരുന്ന കടകംപള്ളി സുരേന്ദ്രനും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ജനപ്രാതിനിധ്യ നിയമം ലംഘിച്ചെന്നാണ് വി മുരളീധരനെതിരായ ആക്ഷേപം.
എൽഡിഎഫ് സ്ഥാനാർഥി എൻ കെ അക്ബറിൻ്റെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഗുരുവായൂരിലെ ലീഗ് സ്ഥാനാർത്ഥി സി എച്ച് റഷീദും ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഘട്ടത്തിൽ വ്യക്തിപരമായി അധിക്ഷേപിക്കുന്ന ലഘുലേഖകൾ എൽഡിഎഫ് വിതരണം ചെയ്തുവെന്നാണ് ഹർജിയിൽ പറയുന്നത്. ഇത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നും തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്നുമാണ് സി എച്ച് റഷീദിൻ്റെ ആവശ്യം.
നേമത്ത് മുൻ മന്ത്രിയായ വി ശിവൻകുട്ടിയെ പരാജയപ്പെടുത്തിയാണ് രാജീവ് ചന്ദ്രശേഖർ വിജയിച്ചത്. 3800 വോട്ടിൻ്റെ ഭൂരിപക്ഷത്തില് രാജീവ് ചന്ദ്രശേഖർ നിമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. യുഡിഎഫും എൽഡിഎഫും തങ്ങളുടെ കരുത്തരായ സ്ഥാനാർത്ഥികളെ ഇറക്കി പ്രതിരോധം തീർത്തെങ്കിലും നേമം ബിജെപി പിടിക്കുകയായിരുന്നു.
കേരളം ഉറ്റുനോക്കിയ മറ്റൊരു വലിയ പോരാട്ടമായിരുന്നു കഴക്കുട്ടത്ത് നടന്നത്. കടകംപള്ളി സുരേന്ദ്രനെ പരാജയപ്പെടുത്തിയാണ് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ കഴക്കൂട്ടത്ത് വിജയിച്ചത്. വെറും 20 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് വി മുരളീധരൻ കടകംപള്ളി സുരേന്ദ്രനെ പരാജയപ്പെടുത്തിയത്.
കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ യുഡിഎഫിന്റെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായിരുന്നു 2026 ലെ തെരഞ്ഞെടുപ്പ്. ആകെ 140 മണ്ഡലങ്ങളിൽ 102 സീറ്റുകളിലും ജയിച്ചാണ് യുഡിഎഫ് അധികാരത്തിലെത്തിയത്. കോൺഗ്രസ് തനിച്ച് 63 സീറ്റിൽ ജയിച്ചപ്പോൾ മുസ്ലിം ലീഗ് 22 സീറ്റുകളിലും കേരള കോൺഗ്രസ് ഏഴു സീറ്റുകളിലും ആർഎസ്പി മൂന്നു സീറ്റുകളിലും വിജയിച്ചു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR