Enter your Email Address to subscribe to our newsletters

Thiruvananthapuram, 31 ജൂലൈ (H.S.)
ഓപ്പറേഷന് തൂഫാന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില് 43 കേസുകളിലായി 48 പേര് കൂടി അറസ്റ്റിലായി. ഇതോടെ ഓപ്പറേഷന് തൂഫാന്റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 8258 ആയി ഉയര്ന്നു. ആകെ 8883 അറസ്റ്റുകളാണ് ഇതുവരെ നടന്നത്. ഇതുവരെ 6684.446 ഗ്രാം എം.ഡി.എം.എ.യും 784.048 കി.ഗ്രാം കഞ്ചാവും 295.257 ഗ്രാം ഹെറോയിനും 4690.629 ഗ്രാം ഹാഷിഷ് ഓയിലും 405.660 ഗ്രാം ചരസ്സും പിടിച്ചെടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം രജിസ്റ്റര് ചെയ്ത കേസുകളില് സ്മാള് ക്വാണ്ടിറ്റി കൈവശം വച്ചതിന് 13 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വച്ചതിന് മൂന്ന് കേസുകളും കൊമേഴ്ഷ്യല് ക്വാണ്ടിറ്റി കൈവശം വച്ചതിന് ഒരു കേസും 27 എന്.ഡി.പി.എസ് ആക്ട് പ്രകാരം 26 കേസുകളും കോട്പ (COTPA) പ്രകാരം 33 കേസുകളും രജിസ്റ്റര് ചെയ്തിട്ടുണ്ട്. ഇവരില് നിന്ന് 9.290 ഗ്രാം എം.ഡി.എം.എയും 29.857 കി.ഗ്രാം കഞ്ചാവും 0.20 ഗ്രാം ഹെറോയിനും 56.59 ഗ്രാം ഹാഷിഷ് ഓയിലും 3.140 ഗ്രാം ചരസ്സും പിടിച്ചെടുത്തു.
ഓപ്പറേഷന് തൂഫാന്റെ ഭാഗമായി ഇന്നലെ മാത്രം സംസ്ഥാനത്തുടനീളം കേരള പോലീസ് 66 ബോധവത്ക്കരണ ക്ലാസുകള് നടത്തി. ഇതുവരെ നടത്തിയ ആകെ ബോധവത്ക്കരണ ക്ലാസ്സുകളുടെ എണ്ണം 8269 ഉം കൗണ്സിലിങ്ങുകളുടെ എണ്ണം 477 ഉം ആണ്. സ്കൂള്, കോളേജ് പ്രൊട്ടക്ഷന് ഗ്രൂപ്പുകളുടെ നേതൃത്വത്തില് ആകെ 6093 ബോധവത്ക്കരണ പരിപാടികളും നടത്തി.
ലഹരി വിപണനത്തെക്കുറിച്ചുള്ള വിവരങ്ങള് പൊതുജനങ്ങള്ക്ക് നേരിട്ടും (9497979794, 9497927797) വാട്സ്ആപ്പ് (9995966666) മുഖേനയും പോലീസിനെ അറിയിക്കാം. ഈ നമ്പറുകളിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള് രഹസ്യമായി സൂക്ഷിക്കും.
സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ 16-ാമത് വാര്ഷികാഘോഷത്തിൻ്റെയും
എസ്.പി.സി തൂഫാൻ വാരാചരണത്തിൻ്റെയും സംസ്ഥാന തല ഉദ്ഘാടനം
ആഗസ്റ്റ് 2 ന്
തിരുവനന്തപുരത്ത് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിര്വ്വഹിക്കും.
പേരൂര്ക്കട എസ്.എ.പി പരേഡ് ഗ്രൗണ്ടില് രാവിലെ എട്ട് മണിക്ക് നടക്കുന്ന എസ്.പി.സി കേഡറ്റുകളുടെ സെറിമോണിയല് പരേഡിന്റെ അഭിവാദ്യം അദ്ദേഹം സ്വീകരിക്കും. 'തൂഫാന് വാരിയര്' ബാഡ്ജുകൾ ധരിച്ചായിരിക്കും 20 പ്ലാറ്റൂണുകളിലെയും കേഡറ്റുകള് പരേഡില് അണിനിരക്കുക.
സാമ്പത്തിക കുറ്റകൃത്യവിഭാഗം ഐ.ജിയും സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ സംസ്ഥനതല നോഡല് ഓഫീസറുമായ അജീത ബീഗം കേഡറ്റുകള്ക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും.
ഈ വര്ഷം 'തൂഫാന്-ദി നാര്ക്കോ ഹണ്ട്' എന്ന വിഷയത്തെ അടിസ്ഥാനമാക്കി എസ്.പി.സി ദിനം ആചരിക്കാനും ഓഗസ്റ്റ് 1 മുതല് 7 വരെയുള്ള കാലയളവ് 'തൂഫാന് വാരമായി' സംസ്ഥാനത്തൊട്ടാകെ ആചരിക്കാനും തീരുമാനിച്ചിട്ടുണ്ട്. ലഹരിവസ്തുക്കളുടെ ദുരുപയോഗത്തിനെതിരെ പോരാടുന്നതിനായി വിദ്യാര്ത്ഥികള്, രക്ഷിതാക്കള്, പൊതുജനങ്ങള് എന്നിവരെ അണിനിരത്തുന്നതിനും 'തൂഫാന്'പദ്ധതിയുടെ ലക്ഷ്യങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനുമാണ് ഒരാഴ്ച നീണ്ടുനില്ക്കുന്ന വാരാചരണത്തിലൂടെ ലക്ഷ്യമിടുന്നത്.
സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്ര ശേഖര്, പോലീസ് ആസ്ഥാനത്തെ എ.ഡി.ജി.പിയുടെ അധിക ചുമതല വഹിക്കുന്ന ഐ.ജി ഹര്ഷിത അട്ടല്ലൂരി, മറ്റ് മുതിര്ന്ന പോലീസ് ഉദ്യോഗസ്ഥര്, അധ്യാപകര്, രക്ഷിതാക്കള് എന്നിവര് ചടങ്ങില് പങ്കെടുക്കും.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR