Enter your Email Address to subscribe to our newsletters

Thiruvananthapuram, 31 ജൂലൈ (H.S.)
സംസ്ഥാന സർക്കാരിൻ്റെ ലഹരിവിരുദ്ധ വേട്ടയായ ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി തിരുവനന്തപുരം സെൻട്രൽ ജയിലിൽ നടത്തിയ വ്യാപക പരിശോധനയിൽ കഞ്ചാവ് പിടികൂടിയെന്ന് സൂചന. പുലർച്ചെ മൂന്ന് മണിക്കാണ് മിന്നൽ പരിശോധന ആരംഭിച്ചത്. സംസ്ഥാനത്തെ ജയിലുകൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിതരണം സജീവമാണെന്ന രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.
റെയ്ഡുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. യുഡിഎഫ് സർക്കാർ അധികാരമേറ്റതിന് പിന്നാലെ കേരളത്തെ പൂർണമായും മയക്കുമരുന്ന് വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓപ്പറേഷൻ തൂഫാൻ പദ്ധതി ആരംഭിച്ചത്. ഇതിൻ്റെ ഭാഗമായി സംസ്ഥാന വ്യാപകമായി കർശന പരിശോധനകളാണ് നടന്നുവരുന്നത്. ഓപ്പറേഷൻ തൂഫാൻ ആരംഭിച്ച് 54 ദിവസത്തിനിടെ 6,500 കേസുകളിലായി 7,500 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതിനോടകം 70 കോടിയിലധികം രൂപ വിലവരുന്ന ലഹരിവസ്തുക്കൾ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽനിന്നായി അന്വേഷണസംഘം പിടിച്ചെടുത്തിട്ടുണ്ട്. ജയിലുകൾക്കുള്ളിൽ തടവുകാർക്ക് യഥേഷ്ടം ലഹരിവസ്തുക്കൾ ലഭിക്കുന്നുണ്ടെന്ന റിപ്പോർട്ടുകളെ തുടർന്നാണ് പരിശോധന കർശനമാക്കാൻ ആഭ്യന്തര വകുപ്പ് നിർദേശം നൽകിയത്.
തുടർക്കഥയായി ജയിലിലെ ലഹരിവേട്ട
തിരുവനന്തപുരം സെൻട്രൽ ജയിലിൽ മുൻപും സമാനമായ രീതിയിൽ ലഹരിവസ്തുക്കൾ പിടികൂടിയിട്ടുണ്ട്. 2019 ഒക്ടോബറിൽ പൂജപ്പുര സെൻട്രൽ ജയിലിലെ 16 ബ്ലോക്കുകളിലും ഉദ്യോഗസ്ഥർ വ്യാപക പരിശോധന നടത്തിയിരുന്നു. അന്ന് പ്രമാദമായ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് വധശ്രമക്കേസിലെ പ്രതി നസീമിൻ്റെ ശരീരത്തിൽ ഒളിപ്പിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്.
നസീമുൾപ്പെടെ ഏഴ് തടവുകാരിൽനിന്നാണ് അന്ന് കഞ്ചാവ് പിടിച്ചെടുത്തത്. കർശന സുരക്ഷയുള്ള ജയിലുകൾക്കുള്ളിൽ തടവുകാർക്ക് ലഹരിവസ്തുക്കൾ ലഭിക്കുന്നത് വലിയ സുരക്ഷാ വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്. ജയിലുകളിൽ മൊബൈൽ ഫോണുകളും മയക്കുമരുന്നും വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്ന ഇൻ്റലിജൻസ് റിപ്പോർട്ടുകൾ സർക്കാരിന് ലഭിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ ജയിൽ ജീവനക്കാരുടെ പങ്കും അന്വേഷണ വിധേയമാക്കുന്നുണ്ട്. പലപ്പോഴും പുറത്തുനിന്നുള്ള ഏജൻ്റുമാരാണ് തടവുകാർക്ക് ലഹരി എത്തിച്ചുനൽകുന്നത്. സന്ദർശകരായി എത്തുന്നവർ വഴിയും, കോടതികളിൽ ഹാജരാക്കാൻ കൊണ്ടുപോകുന്ന സമയത്തുമാണ് പ്രധാനമായും ഇത്തരം കൈമാറ്റങ്ങൾ നടക്കുന്നത്.
ഇതിന് പുറമേ 2025 ഓഗസ്റ്റിൽ തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിൽനിന്നും കഞ്ചാവ് കണ്ടെത്തിയിരുന്നു. ജയിൽവളപ്പിലെ ഗ്രൗണ്ടിന് സമീപത്തുനിന്ന് ഡോഗ് സ്ക്വാഡാണ് കഞ്ചാവ് പൊതികൾ കണ്ടെടുത്തത്. പ്ലാസ്റ്റിക് കുപ്പിക്കുള്ളിൽ സൂക്ഷിച്ച നിലയിലായിരുന്നു മൂന്ന് കഞ്ചാവ് പൊതികൾ ഉണ്ടായിരുന്നത്. സംഭവത്തിൽ പൂജപ്പുര പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചെങ്കിലും പ്രതികളെക്കുറിച്ചോ ലഹരിവസ്തുക്കൾ ജയിലിൽ എത്തിയ വഴിയെക്കുറിച്ചോ പിന്നീട് മറ്റ് വിവരങ്ങളൊന്നും ലഭ്യമായിരുന്നില്ല.
പുറത്തുനിന്ന് ജയിൽ മതിലിനുള്ളിലേക്ക് ലഹരിവസ്തുക്കൾ വലിച്ചെറിയുന്ന സംഘങ്ങൾ സജീവമാണെന്ന നിഗമനത്തിലാണ് പൊലീസ്. ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി വരും ദിവസങ്ങളിൽ സംസ്ഥാനത്തെ മറ്റ് സെൻട്രൽ ജയിലുകളായ വിയ്യൂർ, കണ്ണൂർ എന്നിവിടങ്ങളിലും സബ് ജയിലുകളിലും സമാനമായ മിന്നൽ പരിശോധനകൾ തുടരാനാണ് ആഭ്യന്തര വകുപ്പിൻ്റെ തീരുമാനം. ലഹരി മാഫിയയുടെ വേരറുക്കാൻ പഴുതടച്ചുള്ള അന്വേഷണമാണ് പൊലീസ് ലക്ഷ്യമിടുന്നത്..
---------------
Hindusthan Samachar / CHANDHU CHANDRASEKHAR