തമിഴ്നാട് ക്വാറി ഉത്പന്ന നിരോധനം:കേരളത്തിന്റെ വികസന പദ്ധതികൾ പ്രതിസന്ധിയിൽ
Thiruvananthapuram, 31 ജൂലൈ (H.S.) തമിഴ്നാട്ടിൽ നിന്നുള്ള ക്വാറി ഉത്പന്നങ്ങൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നതിന് ഏർപ്പെടുത്തിയ മൂന്ന് മാസത്തെ നിരോധനം കേരളത്തിലെ അടിസ്ഥാന സൗകര്യ വികസന മേഖലയെ ഗുരുതര പ്രതിസന്ധിയിലേക്ക് തള്ളിവിട്ടു. ദേശീയ പ്രാധ
TN QUARRY PRODUCTS BAN UPDATES


Thiruvananthapuram, 31 ജൂലൈ (H.S.)

തമിഴ്നാട്ടിൽ നിന്നുള്ള ക്വാറി ഉത്പന്നങ്ങൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നതിന് ഏർപ്പെടുത്തിയ മൂന്ന് മാസത്തെ നിരോധനം കേരളത്തിലെ അടിസ്ഥാന സൗകര്യ വികസന മേഖലയെ ഗുരുതര പ്രതിസന്ധിയിലേക്ക് തള്ളിവിട്ടു. ദേശീയ പ്രാധാന്യമുള്ള വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ വികസനം മുതൽ ദേശീയപാത, റെയിൽവേ, വിമാനത്താവളം, മെട്രോ പദ്ധതികൾ വരെ ഇതിന്റെ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നാണ് വിലയിരുത്തൽ. സംസ്ഥാനത്തെ നിർമാണ മേഖല നേരത്തേ തന്നെ അസംസ്കൃത വസ്തുക്കളുടെ ക്ഷാമം നേരിടുന്നതിനിടെയാണ് തമിഴ്നാട്ടിന്റെ പുതിയ നടപടി.

ഏറ്റവും വലിയ തിരിച്ചടി വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടാംഘട്ട വികസനത്തിനാണ്. പുലിമുട്ട് (ബ്രേക്ക് വാട്ടർ) നിർമാണത്തിനായി ആകെ 50 ലക്ഷം ടൺ കല്ല് ആവശ്യമായപ്പോൾ ഇതുവരെ ലഭിച്ചത് 15 ലക്ഷം ടൺ മാത്രമാണ്. ശേഷിക്കുന്ന 35 ലക്ഷം ടൺ കല്ലിന്റെ ലഭ്യത നിരോധനം മൂലം അനിശ്ചിതത്വത്തിലായതോടെ പദ്ധതിയുടെ സമയക്രമം തന്നെ തെറ്റാൻ സാധ്യതയുണ്ട്. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ചരക്ക് കപ്പൽ തുറമുഖങ്ങളിലൊന്നായി വിഴിഞ്ഞത്തെ വികസിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് ഇത് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ.

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ 600 കോടി രൂപയുടെ വികസന പദ്ധതിയും പ്രതിസന്ധിയിലാണ്. റൺവേ വികസനത്തിന് ആവശ്യമായ ഉയർന്ന സാന്ദ്രതയുള്ള പ്രത്യേകതരം കല്ലുകൾ തമിഴ്നാട്ടിലെ ഖനികളിൽ നിന്ന് മാത്രമാണ് ലഭ്യമാകുന്നത്. ഇതിന്റെ ലഭ്യത മുടങ്ങുന്നതോടെ നിർമാണ പ്രവർത്തനങ്ങൾ വൈകാൻ സാധ്യതയേറുകയാണ്.

കന്യാകുമാരിപൻവേൽ ദേശീയപാത (എൻഎച്ച്-66) വികസനം, കന്യാകുമാരി തിരുവനന്തപുരം റെയിൽപാത ഇരട്ടിപ്പിക്കൽ, എറണാകുളംഅമ്പലപ്പുഴ റെയിൽപാത ഇരട്ടിപ്പിക്കൽ തുടങ്ങിയ സുപ്രധാന അടിസ്ഥാന സൗകര്യ പദ്ധതികളും ക്വാറി ഉത്പന്ന ക്ഷാമത്തിന്റെ പ്രത്യാഘാതം നേരിടും. പുതിയ റെയിൽ ട്രാക്കുകൾ സ്ഥാപിക്കുന്നതിന് ആവശ്യമായ മെറ്റൽ ലഭിക്കാത്തത് തിരുവനന്തപുരം നേമം പാത കമ്മിഷൻ ചെയ്യുന്നതിൽ കാലതാമസം സൃഷ്ടിക്കുമെന്നാണ് റെയിൽവേ വൃത്തങ്ങൾ വിലയിരുത്തുന്നത്. വിവിധ റെയിൽവേ സ്റ്റേഷനുകളുടെ നവീകരണ പ്രവർത്തനങ്ങളും ഇതോടെ മന്ദഗതിയിലാകും.

നിർമാണ മേഖലയിലും പ്രതിസന്ധി രൂക്ഷമാണ്. എം-സാൻഡിന്റെ ലഭ്യത കുറഞ്ഞതോടെ റെഡിമിക്സ് കോൺക്രീറ്റിന്റെ ഉത്പാദനം ആവശ്യത്തിന്റെ പകുതിയിലും താഴെയായി. ഇതോടെ സംസ്ഥാനത്തെ നിരവധി റെഡിമിക്സ് പ്ലാന്റുകൾ പ്രവർത്തനം നിർത്തുകയോ ഉത്പാദനം ഗണ്യമായി കുറയ്ക്കുകയോ ചെയ്തിട്ടുണ്ട്. കൊച്ചി മെട്രോയുടെ വികസന പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള നിരവധി സ്വകാര്യ-സർക്കാർ നിർമാണ പദ്ധതികളും ഇതിന്റെ ആഘാതം നേരിടും.

തമിഴ്നാട്ടിൽ സർക്കാർ അനുമതി പാസ് കൈവശമുണ്ടായിരുന്ന വാഹനങ്ങൾ പോലും അതിർത്തിയിൽ തടഞ്ഞ സംഭവങ്ങൾ ഇതിന് മുമ്പ് റിപ്പോർട്ട് ചെയ്തിരുന്നു. തെങ്കാശി, കന്യാകുമാരി ജില്ലാ ഭരണകൂടങ്ങൾ ലോറി ഗതാഗതത്തിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളാണ് പിന്നീട് മൂന്ന് മാസത്തെ സമ്പൂർണ നിരോധനത്തിലേക്ക് വഴിമാറിയത്. നിയമവിരുദ്ധ കടത്ത് തടയുകയെന്ന ലക്ഷ്യത്തോടെയാണ് നടപടിയെന്ന് തമിഴ്നാട് വിശദീകരിക്കുന്നുണ്ടെങ്കിലും നിയമാനുസൃത ചരക്ക് നീക്കവും തടസപ്പെട്ടത് കേരളത്തെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.

കേരളത്തിലെ സ്ഥിതിയും പ്രതിസന്ധി രൂക്ഷമാക്കുന്നതാണ്. പരിസ്ഥിതി നിയന്ത്രണങ്ങൾ ശക്തമാക്കിയതിനെ തുടർന്ന് ചെറുകിട ക്രഷർ യൂണിറ്റുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും 2023ൽ നിരവധി ക്വാറികൾ അടച്ചുപൂട്ടുകയും ചെയ്തതോടെ സംസ്ഥാനത്തിന്റെ ക്വാറി ഉത്പന്ന ആവശ്യത്തിന്റെ വലിയൊരു പങ്ക് തമിഴ്നാടിനെ ആശ്രയിച്ചാണ് നിറവേറ്റിയിരുന്നത്. ഇതാണ് ഇപ്പോഴത്തെ പ്രതിസന്ധി കൂടുതൽ ഗുരുതരമാക്കിയത്.

സംസ്ഥാന സർക്കാർ തമിഴ്നാടുമായി ഉന്നതതല ചർച്ചകൾ നടത്തി ഇളവ് നേടണമെന്ന ആവശ്യം വിവിധ മേഖലകളിൽ നിന്ന് ഉയരുന്നുണ്ട്. വിഴിഞ്ഞം തുറമുഖം, ദേശീയപാത, റെയിൽവേ വികസനം എന്നിവയുടെ ഗുണഫലം തെക്കൻ തമിഴ്നാടിനും ലഭിക്കുന്ന സാഹചര്യത്തിൽ ദേശീയ പ്രാധാന്യമുള്ള പദ്ധതികൾക്കെങ്കിലും പ്രത്യേക ഇളവ് അനുവദിക്കണമെന്ന് നിർമാണ മേഖലയുടെയും പദ്ധതി നിർവഹണ ഏജൻസികളുടെയും ആവശ്യം ശക്തമാണ്. എന്നാൽ മുഖ്യമന്ത്രി വിഡി സതീശന്റെ കത്തിന്റെ അടിസ്ഥാനത്തിൽ മാത്രം തമിഴ്നാട് നിലപാട് മാറ്റാൻ സാധ്യത കുറവാണെന്ന വിലയിരുത്തലും നിലനിൽക്കുന്നു. അതിനാൽ രാഷ്ട്രീയ-ഭരണതലത്തിലും കേന്ദ്രത്തിന്റെ ഇടപെടലോടെയും വിഷയം പരിഹരിക്കേണ്ട സാഹചര്യമാണുള്ളത്.

മാലദ്വീപിലേക്ക് കയറ്റുമതി തുടരുന്നുമറ്റ് സംസ്ഥാനങ്ങളിലേക്കുള്ള ക്വാറി ഉത്പന്നങ്ങളുടെ നീക്കം തടഞ്ഞിട്ടും മാലദ്വീപിലേക്കുള്ള കയറ്റുമതി തുടരുന്നതാണ് ശ്രദ്ധേയം. തൂത്തുക്കുടി തുറമുഖം വഴി ഇന്ത്യ-മാലദ്വീപ് ഉഭയകക്ഷി കരാറിന്റെ ഭാഗമായി വലിയ തോതിൽ പുഴമണലും കരിങ്കല്ലും കയറ്റി അയയ്ക്കുന്നുണ്ട്. 2024-25 കാലയളവിൽ 10 ലക്ഷം ടൺ വീതം കയറ്റുമതി നടത്തിയിരുന്നെങ്കിൽ നിലവിൽ അത് 13 ലക്ഷം ടണ്ണായി ഉയർന്നിട്ടുണ്ട്.

കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിക്കും തമിഴ്നാട് ക്വാറി ഉത്പന്ന വിതരണത്തിൽ ഇളവ് നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ദേശീയപാത, റെയിൽവേ, തുറമുഖം തുടങ്ങിയ ദേശീയ പ്രാധാന്യമുള്ള പദ്ധതികൾക്കായി കേരളത്തിനും പ്രത്യേക ഇളവ് അനുവദിക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News