Enter your Email Address to subscribe to our newsletters

Kozhikode , 31 ജൂലൈ (H.S.)
സ്വർണം കട്ട കള്ളൻ പൊലീസിനെ വെട്ടിച്ച് മുങ്ങി നടന്നത് 40 കിലോമീറ്ററോളം. സിസിടിവി പരിശോധിച്ച് പിന്നാലെ പോയി പിടികൂടി പൊലീസ്. മുക്കത്ത് ആശുപത്രി ജീവനക്കാരിയുടെ സ്വർണമാല പൊട്ടിച്ചെടുത്ത് കടന്നുകളഞ്ഞ പ്രതികളിൽ ഒരാളായ നരിക്കുനി ചെമ്പക്കുന്ന് പുത്തൻവീട്ടിൽ മണികണ്ഠൻ (25)നെയാണ് പൊലീസിൻ്റെ അന്വേഷണ മികവിലൂടെ പിടികൂടാൻ ആയത്.
കഴിഞ്ഞമാസം പത്തൊൻപതാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെരിങ്ങളം മിൽമക്ക് മുന്നിലൂടെ വരട്ട്യാക്ക് ചേലൂർ തടായി റോഡിലൂടെ നടന്നു പോവുകയായിരുന്ന യുവതിയുടെ കഴുത്തിൽ അണിഞ്ഞ സ്വർണമാലയാണ് ബൈക്കിൽ എത്തിയ മണികണ്ഠനും സുഹൃത്തും കവർന്നെടുത്തത്. തുടർന്ന് യുവതി കുന്ദമംഗലം പൊലീസിൽ പരാതി നൽകി. പരാതി ലഭിച്ച ഉടൻ തന്നെ യാതൊരു ഉപേക്ഷയും വരുത്താതെ കുന്ദമംഗലം പൊലീസും കോഴിക്കോട് സിറ്റി ക്രൈം സ്ക്വാഡും ചേർന്ന് അന്വേഷണം ആരംഭിച്ചു.
ആദ്യം സംഭവം നടന്ന പരിസരങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു. അങ്ങനെ ഏകദേശം വാഹനത്തിൻ്റെസഞ്ചാര പാത മനസിലാക്കി. പിന്നീട് ഏകദേശം നാൽപ്പത് കിലോമീറ്ററിൽ ഏറെ ദൂരത്തിലുള്ള വിവിധ പ്രദേശങ്ങളിലെ നിരവധി സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് നടത്തിയ പരിശോധനകൾക്കൊടുവിൽ പ്രതികളെ കുറിച്ചുള്ള വ്യക്തമായ വിവരം പൊലീസിന് ലഭിച്ചു. പൊലീസ് ഇവരെ തേടി വീട്ടിലെത്തുമ്പോഴേക്കും മണികണ്ഠനും കൂടെയുണ്ടായിരുന്ന മുഖ്യപ്രതിയും തമിഴ്നാട്ടിലേക്ക് കടന്നു.
എന്നാൽ വിട്ടുകൊടുക്കാൻ തയാറല്ലാതിരുന്ന പൊലീസ് തമിഴ്നാട്ടിൽ എത്തി. ഇക്കാര്യവും പ്രതികൾ എങ്ങനെയോ മനസിലാക്കിയതോടെ വീണ്ടും കോഴിക്കോട്ടേക്ക് തിരിച്ചെത്തി. അതിനിടയിലാണ് പൊലീസ് കോഴിക്കോട്ടെ പാവമണി റോഡിൽ വെച്ച് മണികണ്ഠനെ കസ്റ്റഡിയിലെടുത്തത്. കൂടെയുണ്ടായിരുന്ന പ്രധാന പ്രതി ഓടി രക്ഷപ്പെട്ടു. ഇയാളും ഏത് നിമിഷവും പിടിയിലാകും എന്നാണ് പൊലീസ് നൽകുന്ന വിവരം.
മണികണ്ഠനെ ചോദ്യം ചെയ്തതിൽ നിന്നുംപ്രധാന പ്രതി മോഷണം നടത്തിയ മുതൽ വിറ്റ് കിട്ടുന്ന തുകയുടെ പങ്ക് നൽകാം എന്ന് പറഞ്ഞതിൻ്റെ അടിസ്ഥാനത്തിലാണ് മോഷണത്തിന് കൂട്ട് പോയതെന്ന മൊഴിയാണ് നൽകിയത്. കൂടാതെ രക്ഷപ്പെട്ട പ്രതിക്ക് ബിസിനസ് ചെയ്തതിൽ നിന്നും ഉണ്ടായ സാമ്പത്തിക ബാധ്യതതീർക്കുന്നതിനാണ് മോഷണത്തിന് ഇറങ്ങിയതെന്നും ഇയാൾ മൊഴി നൽകി. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെകോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഇതിന് സമാനമായ വിധത്തിൽ പിടിയിലായ മണികണ്ഠനും ഒളിവിൽ കഴിയുന്ന സുഹൃത്തും
മറ്റ് പല പൊലീസ് സ്റ്റേഷൻ പരിധികളിലും മോഷണം നടത്തിയിട്ടുണ്ടെന്ന് പൊലീസിന് വ്യക്തമായിട്ടുണ്ട്.
പ്രതികളെ പിടികൂടുന്നതിന് കുന്ദമംഗലം എസ്ഐ മാരായ മാത്യു, സാബു, സിവിൽ പൊലീസ് ഓഫീസർ ശ്രീജിത്ത്, ക്രൈം സ്ക്വാഡ് അംഗങ്ങളായ എസ് ഐ അബ്ദുറഹ്മാൻ, ഹാദിൽ കുന്നുമ്മൽ,
അനീഷ് മൂസേൻ വീട്, ഷാഫി പറമ്പത്ത്, ഷഹീർ പെരുമണ്ണ, ജിനേഷ് ചൂലൂർ, രാജേഷ് ചൈതന്യം, എന്നിവർ നേതൃത്വം നൽകി.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR