Enter your Email Address to subscribe to our newsletters

Thiruvananthapuram, 31 ജൂലൈ (H.S.)
കാപ്പകേസിൽ പ്രതിയായി ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർ ആർ സുഗതൻ്റെ അസാന്നിധ്യത്തിൽ ഭരണം തുലാസിലായ നഗരസഭയിലെ അനിശ്ചിതത്വം നീക്കി ബിജെപി. ജയിലിലായ സുഗതൻ്റെ അവധി അപേക്ഷ മേയർ വി വി രാജേഷ് അംഗീകരിച്ചതിന് പിന്നാലെ 101 അംഗങ്ങളുള്ള നഗരസഭയിൽ ഭരണപക്ഷത്തിന് 51 പേരുടെ പിന്തുണ ലഭിച്ചു.
പൗണ്ട്കടവ് വാർഡിൽ നിന്ന് മത്സരിച്ച് വിജയിച്ച കോൺഗ്രസ് വിമതനായ സുധീഷ് ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചതോടെയാണ് ബിജെപിക്ക് ഭരണ പ്രതിസന്ധി മറികടക്കാനായത്. വൻ പൊലീസ് സന്നാഹത്തോടെ ആരംഭിച്ച നഗരസഭ കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ ബഹളത്തിനിടെ മേയർ അജണ്ട പാസാക്കി പിരിയുകയായിരുന്നു.
1994ലെ കേരള മുനിസിപ്പാലിറ്റി നിയമത്തിലെ 91-ാം വകുപ്പ് പ്രകാരം അനുമതിയില്ലാതെ തുടർച്ചയായി മൂന്ന് കൗൺസിൽ യോഗങ്ങളിൽ പങ്കെടുക്കാതിരുന്നാൽ അംഗത്തിന് അയോഗ്യത കൽപിക്കാൻ വ്യവസ്ഥയുണ്ട്. ഈ നിയമം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ഇന്നത്തെ യോഗത്തിൽ സുഗതൻ പങ്കെടുത്തില്ലെങ്കിൽ അദ്ദേഹത്തെ അയോഗ്യനാക്കാനുള്ള നടപടികൾ കൈക്കൊള്ളാനാണ് എൽഡിഎഫും യുഡിഎഫും തീരുമാനിച്ചിരുന്നത്. അതിനിടയിൽ, അയോഗ്യത ഒഴിവാക്കുന്നതിനായി ആറുമാസത്തേക്ക് അവധി ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷ സുഗതൻ നൽകിയതാണ് ബിജെപിക്ക് പിടിവള്ളിയായത്.
അവധി അപേക്ഷ കൗൺസിൽ അംഗീകരിച്ചതായി മേയർ വി വി രാജേഷ് അറിയിച്ചു. അതോടെ യോഗത്തിൽ എൽഡിഎഫ്, യുഡിഎഫ് അംഗങ്ങൾ ബഹളം തുടങ്ങുകയായിരുന്നു. അതിനിടയിലാണ് അജണ്ട പാസാക്കി യോഗം പിരിയുന്നതായി മേയർ അറിയിച്ചത്. പൗണ്ട്കടവിൽ നിന്നുള്ള സ്വതന്ത്ര കൗൺസിലർ ബിജെപിക്ക് അനുകൂലമായി നിലപാട് കൈക്കൊണ്ടതോടെയാണ് സാഹചര്യം മാറിയത്. ആരുമായും വിരോധമില്ലെന്നും നല്ലത് ചെയ്യുന്നവർക്ക് ഒപ്പം നിൽക്കുമെന്നും പൗണ്ട്കടവ് കൗൺസിലർ സുധീഷ് പറഞ്ഞു. സുഗതനെയാണ് പിന്തുണക്കുന്നത്. വാർഡിൽ വികസനം നടക്കണമെന്നതാണ് ആവശ്യമെന്നും മുൻ യൂത്ത് കോൺഗ്രസ് നേതാവായ സുധീഷ് പറഞ്ഞു.
മേയറുടെ നടപടിക്കെതിരെ പ്രതിഷേധം തുടരാനും നിയമപരമായി മൂന്നോട്ട് പോകാനുമാണ് എൽഡിഎഫ്, യുഡിഎഫ് അംഗങ്ങളുടെ തീരുമാനം. അവധി നൽകിയത് എങ്ങനെയാണെന്നും മുനിസിപ്പിലാറ്റി ആകസ്ടിൽ അവധി അപേക്ഷയില്ലെന്നും ഈ നടപടിയെ നിയമപരമായി നേരിടുമെന്നും യുഡിഎഫ് നേതാവായ കെഎസ് ശബരിനാഥൻ പറഞ്ഞു. മുൻകൂർ അനുമതിയില്ലാതെ തുടർച്ചയായി മൂന്ന് യോഗങ്ങളിൽ പങ്കെടുക്കാത്ത സാഹചര്യത്തിൽ വാഴോട്ടുകോണം കൗൺസിലറായ സുഗതനെ അയോഗ്യനാക്കണമെന്ന ആവശ്യവുമായി മുന്നോട്ടു പോകാനാണ് എൽഡിഎഫിൻ്റെ യുഡിഎഫിൻ്റെ തീരുമാനം.
ക്രിമിനൽ പശ്ചാത്തലമുള്ളവരെ കാപ്പ ചുമത്തി ജയിലിലടയ്ക്കുന്ന നടപടിയുടെ ഭാഗമായാണ് സുഗതനെതിരെ പൊലീസ് കേസെടുത്തത്. ഒരു ജനപ്രതിനിധി ഇത്തരം കേസിൽ ഉൾപ്പെട്ട് ജയിലിലാകുന്നത് കോർപറേഷൻ്റെ ചരിത്രത്തിൽ തന്നെ അപൂർവ സംഭവമായതിനാൽ വിഷയം രാഷ്ട്രീയ ആയുധമാക്കാനാണ് ഭരണപക്ഷത്തിൻ്റെ തീരുമാനം. സുഗതനെ അയോഗ്യനാക്കാനുള്ള ശുപാർശ തെരഞ്ഞെടുപ്പ് കമ്മിഷന് കൈമാറാൻ കോർപറേഷൻ സെക്രട്ടറിക്ക് മേൽ കടുത്ത സമ്മർദം ചെലുത്താനാണ് തീരുമാനം. ഇതിനുള്ള പ്രതിരോധ തന്ത്രങ്ങളാണ് ബിജെപി ക്യാമ്പിൽ ഒരുങ്ങുന്നത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR