ആശുപത്രികളിലെ രാഷ്ട്രീയ ഇടപെടലും ആരോഗ്യപ്രവര്ത്തകര്ക്കു നേരെയുള്ള അതിക്രമവും അവസാനിപ്പിക്കണം: ഐ.എം.എ.
Thiruvanathapuram, 31 ജൂലൈ (H.S.) കേരള ആശുപത്രികളില്‍ ചികിത്സാ സേവനങ്ങളിലും മെഡിക്കോ-ലീഗല്‍ നടപടിക്രമങ്ങളിലും രാഷ്ട്രീയ സ്വാധീനവും ജനപ്രതിനിധികളുടെ അനാവശ്യ ഇടപെടലും വര്‍ദ്ധിച്ചു വരുന്നത് അത്യന്തം ആശങ്കാജനകമാണെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്
doctor


Thiruvanathapuram, 31 ജൂലൈ (H.S.)

കേരള

ആശുപത്രികളില്‍ ചികിത്സാ സേവനങ്ങളിലും മെഡിക്കോ-ലീഗല്‍ നടപടിക്രമങ്ങളിലും രാഷ്ട്രീയ സ്വാധീനവും ജനപ്രതിനിധികളുടെ അനാവശ്യ ഇടപെടലും വര്‍ദ്ധിച്ചു വരുന്നത് അത്യന്തം ആശങ്കാജനകമാണെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (IMA) കേരള സംസ്ഥാന ശാഖ അഭിപ്രായപ്പെട്ടു. ആറ്റിങ്ങല്‍ താലൂക്ക് ആശുപത്രിയില്‍ അടിയന്തര ഡ്യൂട്ടിയിലായിരുന്ന ഡോക്ടറെ ഔദ്യോഗിക കര്‍ത്തവ്യനിര്‍വഹണത്തില്‍ നിന്ന് തടസ്സപ്പെടുത്തുകയും ശാരീരികമായി ആക്രമിക്കാന്‍ ശ്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവം ശക്തമായി അപലപിക്കുന്നതായും ഐ.എം.എ. വ്യക്തമാക്കി.

രാഷ്ട്രീയവും ജനപ്രതിനിധികളും ജനാധിപത്യ വ്യവസ്ഥയുടെ അനിവാര്യ ഘടകങ്ങളാണ്. സമൂഹത്തിന്റെ പുരോഗതിക്കും ജനങ്ങളുടെ ക്ഷേമത്തിനും അവരുടെ പങ്ക് വിലമതിക്കാനാ വാത്തതാണ്. എന്നാല്‍ ആശുപത്രികള്‍ രാഷ്ട്രീയ സ്വാധീനമോ അധികാരപ്രകടനമോ നടത്താനുള്ള വേദികളാകരുത്. രോഗികളുടെ ജീവനും ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷയും നിയമാനുസൃതമായ ചികിത്സയും മെഡിക്കോ-ലീഗല്‍ നടപടികളും എല്ലാറ്റിനും മുകളിലായിരിക്കണം. ജനപ്രതിനിധികള്‍ ഉള്‍പ്പെടെ എല്ലാവരും ആശുപത്രികളുടെ സ്വതന്ത്ര പ്രവര്‍ത്തനത്തെയും നിയമവാഴ്ചയെയും ബഹുമാനിക്കേണ്ടത് ജനാധിപത്യ മര്യാദയുടെ ഭാഗമാണ്.

ആശുപത്രികള്‍ രാഷ്ട്രീയ പ്രദര്‍ശനങ്ങള്‍ക്കോ അധികാരപ്രയോഗത്തിനോ ഉള്ള വേദികളല്ല. രോഗികളുടെ ജീവന്‍ രക്ഷിക്കുന്നതും നിയമാനുസൃതമായ ചികിത്സയും മെഡിക്കോ-ലീഗല്‍ നടപടികളും തടസ്സമില്ലാതെ നടക്കേണ്ട വിശുദ്ധ ഇടങ്ങളാണ് ആശുപത്രികള്‍. അവിടെ ഡോക്ടര്‍മാരുടെയും മറ്റ് ആരോഗ്യപ്രവര്‍ത്തകരുടെയും ഔദ്യോഗിക ചുമതലകളില്‍ ആരായാലും ഇടപെടുന്നത് നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണ്.

മെഡിക്കോ-ലീഗല്‍ നടപടികളില്‍ ഇടപെടുന്നത് ഒരു ഡോക്ടറുടെ ജോലി തടസ്സപ്പെടുത്തുക മാത്രമല്ല, നീതിന്യായ സംവിധാനത്തെ തന്നെ സ്വാധീനിക്കാനുള്ള ശ്രമമായും വിലയിരുത്ത പ്പെടേണ്ടതാണ്. ഇത്തരത്തിലുള്ള ഇടപെടലുകള്‍ യഥാര്‍ത്ഥ പ്രതികളെ നിയമനടപടികളില്‍ നിന്ന് രക്ഷപ്പെടുത്താനുള്ള ശ്രമമെന്ന സംശയം ഉയര്‍ത്തുകയും പൊതുജനങ്ങളുടെ നിയമവ്യവസ്ഥയിലുള്ള വിശ്വാസം തകര്‍ക്കുകയും ചെയ്യുന്നു.

ജനപ്രതിനിധികളുള്‍പ്പെടെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും ആശുപത്രിയിലെ നിയമങ്ങളും നടപടിക്രമങ്ങളും ഒരുപോലെ ബാധകമാണ്. ജനപ്രതിനിധിയെന്ന സ്ഥാനം നിയമം കൈയിലെടുക്കാനോ ആരോഗ്യപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്താനോ ഔദ്യോഗിക ചുമതലകളില്‍ ഇടപെടാനോ ഉള്ള ലൈസന്‍സല്ല. ആശുപത്രികളില്‍ രാഷ്ട്രീയ സ്വാധീനമോ അധികാര ദുര്‍വിനിയോഗമോ അംഗീകരിക്കാനാവില്ല. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നത് ആരോഗ്യപ്രവര്‍ത്തകരുടെ ആത്മവിശ്വാസം തകര്‍ക്കുകയും രോഗികളുടെ സുരക്ഷിതമായ ചികിത്സാ അന്തരീക്ഷത്തെ ഗുരുതരമായി ബാധിക്കുകയും ചെയ്യും.

സംഭവത്തില്‍ ആശുപത്രി സംരക്ഷണ നിയമം ഉള്‍പ്പെടെയുള്ള പ്രസക്തമായ നിയമങ്ങള്‍ പ്രകാരം ഉടന്‍ കേസെടുത്ത് കുറ്റക്കാര്‍ക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നും, അന്വേഷണം യാതൊരു രാഷ്ട്രീയ സമ്മര്‍ദ്ദത്തിനും വഴങ്ങാതെ സുതാര്യമായും വേഗത്തിലും പൂര്‍ത്തിയാക്കണമെന്നും ഐ.എം.എ. കേരള ആവശ്യപ്പെട്ടു. ആറ്റിങ്ങല്‍ താലൂക്ക് ആശുപത്രിയിലെയും സംസ്ഥാനത്തെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലെയും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മതിയായ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാരും പോലീസും അടിയന്തര നടപടി സ്വീകരിക്കണമെന്നും ഐ.എം.എ. ആവശ്യപ്പെട്ടു.

ആശുപത്രികളില്‍ രാഷ്ട്രീയ ഇടപെടലും ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമവും സാധാരണ സംഭവങ്ങളായി മാറാന്‍ അനുവദിക്കാനാവില്ല. ഡോക്ടര്‍മാരുടെ സുരക്ഷ എന്നത് ഡോക്ടര്‍മാരുടെ മാത്രം വിഷയമല്ല; ഓരോ രോഗിക്കും ഭയരഹിതവും തടസ്സരഹിതവുമായി ചികിത്സ ലഭിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണ്. ആശുപത്രികളുടെ സ്വതന്ത്ര പ്രവര്‍ത്തനവും നിയമവാഴ്ചയും സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ശക്തവും വിട്ടുവീഴ്ചയില്ലാത്തതുമായ നിലപാട് സ്വീകരിക്കണമെന്ന് ഐ.എം.എ. സംസ്ഥാന

പ്രസിഡന്റ് ഡോ. എം.എന്‍. മേനോന്‍, സംസ്ഥാന സെക്രട്ടറി ഡോ. റോയ് ആര്‍. ചന്ദ്രന്‍

എന്നിവര്‍ ആവശ്യപ്പെട്ടു.

---------------

Hindusthan Samachar / Sreejith S


Latest News