Enter your Email Address to subscribe to our newsletters

Thiruvanathapuram, 31 ജൂലൈ (H.S.)
തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ ഭരണ പ്രതിപക്ഷ തര്‍ക്കം രൂക്ഷം. കാപ്പകേസില്‍ പ്രതിയായി ജയിലില്‍ കഴിയുന്ന ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന്റെ അവധി അംഗീകരിച്ചതിലാണ് തര്‍ക്കം. സുഗതന്റെ അസാന്നിധ്യത്തില്‍ ഭരണം തുലാസിലായ നഗരസഭയിലെ അനിശ്ചിതത്വം നീക്കുന്ന നടപടിയാണ് ബിജെപി സ്വീകരിച്ചത്. ജയിലിലായ സുഗതന്റെ അവധി അപേക്ഷ മേയര്‍ വി വി രാജേഷ് അംഗീകരിക്കാന്‍ 101 അംഗങ്ങളുള്ള നഗരസഭയില്‍ ഭരണപക്ഷത്തിന് 51 പേരുടെ പിന്തുണ ലഭിച്ചു.
പൗണ്ട്കടവ് വാര്‍ഡില്‍ നിന്ന് മത്സരിച്ച് വിജയിച്ച കോണ്‍ഗ്രസ് വിമതനായ സുധീഷ് ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചതോടെയാണ് ബിജെപിക്ക് ഭരണ പ്രതിസന്ധി മറികടക്കാനായത്. വന്‍ പൊലീസ് സന്നാഹത്തോടെ ആരംഭിച്ച നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷ ബഹളത്തിനിടെ മേയര്‍ അജണ്ട പാസാക്കി പിരിയുകയായിരുന്നു.
1994ലെ കേരള മുനിസിപ്പാലിറ്റി നിയമത്തിലെ 91-ാം വകുപ്പ് പ്രകാരം അനുമതിയില്ലാതെ തുടര്‍ച്ചയായി മൂന്ന് കൗണ്‍സില്‍ യോഗങ്ങളില്‍ പങ്കെടുക്കാതിരുന്നാല്‍ അംഗത്തിന് അയോഗ്യത കല്‍പിക്കാന്‍ വ്യവസ്ഥയുണ്ട്. ഈ നിയമം നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ഇന്നത്തെ യോഗത്തില്‍ സുഗതന്‍ പങ്കെടുത്തില്ലെങ്കില്‍ അദ്ദേഹത്തെ അയോഗ്യനാക്കാനുള്ള നടപടികള്‍ കൈക്കൊള്ളാനാണ് എല്‍ഡിഎഫും യുഡിഎഫും തീരുമാനിച്ചിരുന്നത്. അതിനിടയില്‍, അയോഗ്യത ഒഴിവാക്കുന്നതിനായി ആറുമാസത്തേക്ക് അവധി ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷ സുഗതന്‍ നല്‍കിയതാണ് ബിജെപിക്ക് പിടിവള്ളിയായത്.
അവധി അപേക്ഷ കൗണ്‍സില്‍ അംഗീകരിച്ചതായി മേയര്‍ വി വി രാജേഷ് അറിയിച്ചു. അതോടെ യോഗത്തില്‍ എല്‍ഡിഎഫ്, യുഡിഎഫ് അംഗങ്ങള്‍ ബഹളം തുടങ്ങുകയായിരുന്നു. അതിനിടയിലാണ് അജണ്ട പാസാക്കി യോഗം പിരിയുന്നതായി മേയര്‍ അറിയിച്ചത്. പൗണ്ട്കടവില്‍ നിന്നുള്ള സ്വതന്ത്ര കൗണ്‍സിലര്‍ ബിജെപിക്ക് അനുകൂലമായി നിലപാട് കൈക്കൊണ്ടതോടെയാണ് സാഹചര്യം മാറിയത്. ആരുമായും വിരോധമില്ലെന്നും നല്ലത് ചെയ്യുന്നവര്‍ക്ക് ഒപ്പം നില്‍ക്കുമെന്നും പൗണ്ട്കടവ് കൗണ്‍സിലര്‍ സുധീഷ് പറഞ്ഞു. സുഗതനെയാണ് പിന്തുണക്കുന്നത്. വാര്‍ഡില്‍ വികസനം നടക്കണമെന്നതാണ് ആവശ്യമെന്നും മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവായ സുധീഷ് പറഞ്ഞു.
മേയറുടെ നടപടിക്കെതിരെ പ്രതിഷേധം തുടരാനും നിയമപരമായി മൂന്നോട്ട് പോകാനുമാണ് എല്‍ഡിഎഫ്, യുഡിഎഫ് അംഗങ്ങളുടെ തീരുമാനം. അവധി നല്‍കിയത് എങ്ങനെയാണെന്നും മുനിസിപ്പിലാറ്റി ആകസ്ടില്‍ അവധി അപേക്ഷയില്ലെന്നും ഈ നടപടിയെ നിയമപരമായി നേരിടുമെന്നും യുഡിഎഫ് നേതാവായ കെഎസ് ശബരിനാഥന്‍ പറഞ്ഞു. മുന്‍കൂര്‍ അനുമതിയില്ലാതെ തുടര്‍ച്ചയായി മൂന്ന് യോഗങ്ങളില്‍ പങ്കെടുക്കാത്ത സാഹചര്യത്തില്‍ വാഴോട്ടുകോണം കൗണ്‍സിലറായ സുഗതനെ അയോഗ്യനാക്കണമെന്ന ആവശ്യവുമായി മുന്നോട്ടു പോകാനാണ് എല്‍ഡിഎഫിന്റെ യുഡിഎഫിന്റെ തീരുമാനം.
ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ കാപ്പ ചുമത്തി ജയിലിലടയ്ക്കുന്ന നടപടിയുടെ ഭാഗമായാണ് സുഗതനെതിരെ പൊലീസ് കേസെടുത്തത്. ഒരു ജനപ്രതിനിധി ഇത്തരം കേസില്‍ ഉള്‍പ്പെട്ട് ജയിലിലാകുന്നത് കോര്‍പറേഷന്റെ ചരിത്രത്തില്‍ തന്നെ അപൂര്‍വ സംഭവമായതിനാല്‍ വിഷയം രാഷ്ട്രീയ ആയുധമാക്കാനാണ് ഭരണപക്ഷത്തിന്റെ തീരുമാനം. സുഗതനെ അയോഗ്യനാക്കാനുള്ള ശുപാര്‍ശ തെരഞ്ഞെടുപ്പ് കമ്മിഷന് കൈമാറാന്‍ കോര്‍പറേഷന്‍ സെക്രട്ടറിക്ക് മേല്‍ കടുത്ത സമ്മര്‍ദം ചെലുത്താനാണ് തീരുമാനം. ഇതിനുള്ള പ്രതിരോധ തന്ത്രങ്ങളാണ് ബിജെപി ക്യാമ്പില്‍ ഒരുങ്ങുന്നത്.
---------------
Hindusthan Samachar / Sreejith S