വടകര ലഹരിക്കേസ്: അധ്യാപികമാര്ക്ക് ബംഗളൂരു ലഹരിമാഫിയ തലവനുമായി നേരിട്ട് ബന്ധം; നിര്ണായക വിവരങ്ങളുമായി അന്വേഷണസംഘം
Vadakara , 31 ജൂലൈ (H.S.) വടകര: ഏറെ കോളിളക്കം സൃഷ്ടിച്ച വടകര എം.ഡി.എം.എ. കടത്ത് കേസില് നിര്ണായക വിവരങ്ങള് പുറത്തുവിട്ട് പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി.). കേസിലെ പ്രതികളായ അധ്യാപികമാര്ക്ക് ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവര്ത്തിക്കുന്ന ലഹരി മാഫിയാ സംഘത
വടകര ലഹരിക്കേസ്: അധ്യാപികമാര്ക്ക് ബംഗളൂരു ലഹരിമാഫിയ തലവനുമായി നേരിട്ട് ബന്ധം


Vadakara , 31 ജൂലൈ (H.S.)

വടകര: ഏറെ കോളിളക്കം സൃഷ്ടിച്ച വടകര എം.ഡി.എം.എ. കടത്ത് കേസില് നിര്ണായക വിവരങ്ങള് പുറത്തുവിട്ട് പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി.). കേസിലെ പ്രതികളായ അധ്യാപികമാര്ക്ക് ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവര്ത്തിക്കുന്ന ലഹരി മാഫിയാ സംഘത്തലവനുമായി നേരിട്ട് ബന്ധമുണ്ടെന്ന് പൊലീസ് കണ്ടെത്തി. ലഹരിക്കടത്തിലെ പ്രധാന സൂത്രധാരനെന്ന് കരുതുന്ന ഇയാള് വയനാട് സ്വദേശിയാണ്.

പ്രതികളായ അധ്യാപികമാര്ക്ക് ലഹരിമരുന്ന് എത്തിച്ചുനല്കിയതിലും വിതരണം ചെയ്തതിലും ഈ വയനാട് സ്വദേശിക്ക് വലിയ പങ്കുണ്ടെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന സൂചന. വിദേശത്തുനിന്നും മറ്റ് സംസ്ഥാനങ്ങളില് നിന്നും വന്തോതില് ലഹരിമരുന്ന് കേരളത്തിലേക്ക് കടത്തുന്ന ലഹരി ശൃംഖലയിലെ പ്രധാന കണ്ണിയാണ് ഇയാള്. വിവിധ പൊലീസ് സ്റ്റേഷനുകളിലായി ഇയാള്ക്കെതിരെ നിലവില് നിരവധി കേസുകള് നിലവിലുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ഇയാളെ വലയിലാക്കാനായി പ്രത്യേക അന്വേഷണ സംഘം ബെംഗളൂരു കേന്ദ്രീകരിച്ച് അന്വേഷണം ഊര്ജ്ജിതമാക്കിയിട്ടുണ്ട്.

പഠിപ്പിക്കുന്ന വിദ്യാലയങ്ങളിലെയും സമൂഹത്തിലെയും പദവി ദുരുപയോഗം ചെയ്താണ് അധ്യാപികമാര് ലഹരി ഇടപാടുകള് നടത്തിയിരുന്നത് എന്നാണ് വിവരം. വിദ്യാര്ത്ഥികളെയും യുവാക്കളെയും കേന്ദ്രീകരിച്ച് നടന്നിരുന്ന ഈ ലഹരി ശൃംഖലയെക്കുറിച്ചുള്ള അന്വേഷണം, അധ്യാപികമാരുടെ അറസ്റ്റോടെയാണ് വലിയ ലഹരി മാഫിയയിലേക്ക് എത്തിച്ചേര്ന്നത്. പ്രതികളുടെ സാമ്പത്തിക ഇടപാടുകളും ഫോണ് രേഖകളും വിശദമായി പരിശോധിച്ചപ്പോഴാണ് ബെംഗളൂരുവിലെ മാഫിയാ തലവനെക്കുറിച്ചുള്ള വിവരങ്ങള് പൊലീസിന് ലഭിച്ചത്.

കേസുമായി ബന്ധപ്പെട്ട് കൂടുതല് ആളുകള്ക്ക് പങ്കുണ്ടോയെന്നും അധ്യാപികമാര് മുന്പും സമാനരീതിയില് വന്തോതില് എം.ഡി.എം.എ. എത്തിച്ചിട്ടുണ്ടോയെന്നും അന്വേഷിച്ചു വരികയാണ്. പിടിയിലാകാനുള്ള ലഹരിമാഫിയ തലവനായി പൊലീസും ഷാഡോ സംഘവും വലവിരിച്ചുകഴിഞ്ഞു. വരും ദിവസങ്ങളില് കേസില് കൂടുതല് പ്രമുഖരുടെ അറസ്റ്റ് ഉണ്ടാകാന് സാധ്യതയുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര് നല്കുന്ന സൂചന.

വടകര എം.ഡി.എം.എ മയക്കുമരുന്ന് കേസ്, പേരാമ്പ്ര ബ്ലോക്ക് റിസോഴ്സ് സെന്ററിന് (BRC) കീഴിൽ ജോലി ചെയ്തിരുന്ന മൂന്ന് താൽക്കാലിക വനിതാ അധ്യാപകരുടെ അറസ്റ്റുമായി ബന്ധപ്പെട്ടതാണ്. സംസ്ഥാന സർക്കാരിന്റെ ലഹരിവിരുദ്ധ കാമ്പയിനായ ഓപ്പറേഷൻ തൂഫാൻ വഴിയാണ് ഈ സംഘം പിടിയിലാകുന്നത്. പ്രധാന മയക്കുമരുന്ന് മാഫിയയുടെ ഇടനിലക്കാരായും സാമ്പത്തിക ഇടപാടുകാരായും ഇവർ പ്രവർത്തിച്ചതായാണ് കണ്ടെത്തൽ.

പ്രതികളായ അധ്യാപകർ

- കെ.സി. കീർത്തന: പേരാമ്പ്ര ബി.ആർ.സിയിലെ താൽക്കാലിക കായികാധ്യാപിക. മയക്കുമരുന്ന് വാങ്ങുന്നവർ പണമടയ്ക്കാൻ ഉപയോഗിച്ചിരുന്ന ക്യു.ആർ കോഡുകൾ കീർത്തനയുടെ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചതായിരുന്നു. നേരത്തെ ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടികളിൽ ഇവർ പങ്കെടുത്തിരുന്നു എന്നത് വൈരുദ്ധ്യമാണ്.

- കെ. കാവ്യ: പേരാമ്പ്ര ബി.ആർ.സിയിലെ സമഗ്ര ശിക്ഷാ കേരളം (SSK) സ്പെഷ്യൽ എഡ്യൂക്കേറ്റർ. ലഹരി വിൽപ്പനയിലൂടെ ലഭിച്ച ലക്ഷക്കണക്കിന് രൂപ കീർത്തനയുടെ അക്കൗണ്ടിൽ നിന്ന് കാവ്യയുടെ അക്കൗണ്ടിലേക്കാണ് മാറ്റിയിരുന്നത്.

- പി.വി. നീഷ്മ: അന്വേഷണം വ്യാപിപ്പിച്ചതോടെ അറസ്റ്റിലായ മൂന്നാമത്തെ താൽക്കാലിക സ്പെഷ്യൽ എഡ്യൂക്കേറ്റർ.

അറസ്റ്റിനെത്തുടർന്ന് മൂന്ന് അധ്യാപകരെയും വിദ്യാഭ്യാസ വകുപ്പ് ജോലിയിൽ നിന്ന് പിരിച്ചുവിടുകയും, ഇടത് അനുകൂല അധ്യാപക സംഘടനയായ കേരള റിസോഴ്സ് ടീച്ചേഴ്സ് അസോസിയേഷനിൽ (KRTA) നിന്ന് പുറത്താക്കുകയും ചെയ്തു.

---------------

Hindusthan Samachar / Roshith K


Latest News