അടിമാലിയിൽ പൊതുശല്യമായ മദ്യപനെ പെപ്പർ സ്പ്രേ അടിച്ച് ഒതുക്കി ട്രാഫിക് പൊലീസ്
Idukki , 04 ജൂലൈ (H.S.) സംഭവം നടക്കുന്നത് അങ്ങ് അടിമാലി ടൗണിലാണ്. തിരക്കുള്ള സമയം. കറുത്ത മുണ്ടും ടീഷർട്ടും ബാഗുമായി നിൽക്കുന്ന ഒരു യുവാവ്. പക്ഷേ മദ്യലഹരിയിൽ ആണെന്ന് മാത്രം. പിന്നീട് ബഹളമുണ്ടാക്കുകയും സ്കൂൾ വിദ്യാർഥികളോടും മറ്റും അസഭ്യ വാക്കുകൾ പ്
Drunk man


Idukki , 04 ജൂലൈ (H.S.)

സംഭവം നടക്കുന്നത് അങ്ങ് അടിമാലി ടൗണിലാണ്. തിരക്കുള്ള സമയം. കറുത്ത മുണ്ടും ടീഷർട്ടും ബാഗുമായി നിൽക്കുന്ന ഒരു യുവാവ്. പക്ഷേ മദ്യലഹരിയിൽ ആണെന്ന് മാത്രം. പിന്നീട് ബഹളമുണ്ടാക്കുകയും സ്കൂൾ വിദ്യാർഥികളോടും മറ്റും അസഭ്യ വാക്കുകൾ പ്രയോഗിക്കാനും തുടങ്ങിയതോടെയാണ് മിക്കവരും ഇയാളെ ശ്രദ്ധിക്കുന്നത്.

റോഡിൽ ആളുകൾ ഏറെയുള്ള സമയത്താണ് മദ്യപിച്ച നിലയിൽ യുവാവ് ടൗണിൽ എത്തിയത്. അതിനിടയിലാണ് യുവാവ് പൊലീസ് വണ്ടി കാണുന്നത്. അതോടെ നേരെ പൊലീസിൻ്റെ അടുത്തേക്ക് നീങ്ങി. യുവാവ് പൊലീസുകാർക്ക് നേരെ അസഭ്യം പറയുകയും വെല്ലുവിളിക്കുന്ന രീതിയിലുള്ള ചേഷ്ടകൾ കാണിക്കുകയും ചെയ്തു. വാഹനത്തിനുള്ളിലിരുന്ന പൊലീസ് ഉദ്യോഗസ്ഥരെ നിരന്തരം ശല്യം ചെയ്തതോടെയാണ് രംഗം വഷളായത്.

ഇയാൾ സ്വയം ഒഴിഞ്ഞുപോയ്ക്കോളും എന്ന് കരുതി പൊലീസ് ആദ്യം കടുത്ത നടപടികളിലേക്ക് കടക്കാതെ പരമാവധി സംയമനം പാലിക്കുകയായിരുന്നു. കൈകൊണ്ടുള്ള ആംഗ്യങ്ങൾ പൊലീസിന് നേരെ കാണിച്ചു. എന്നാൽ പൊലീസിൻ്റെ ക്ഷമയെ ബലഹീനതയായി കണ്ട യുവാവ് അക്രമസ്വഭാവം കൂട്ടുകയാണ് ചെയ്തത്. പതിയെ വണ്ടിയുടെ അടുത്തേക്ക്. വാഹനത്തിൻ്റെ ഉള്ളിലേക്ക് തലയിട്ട് ബഹളം ഉണ്ടാക്കാൻ തുടങ്ങി.

അതോടെ സംഗതി ട്രാക്ക് മാറിയെന്ന് വേണം പറയാൻ. ഉദ്യോഗസ്ഥർ എന്തു ചെയ്യുമെന്ന് അറിയാൻ നാട്ടുക്കാരും എത്തി. യുവാവിൻ്റെ ശല്യം സഹിക്കെട്ടതോടെ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥൻ വാഹനത്തിൽ നിന്നും പെപ്പർ സ്പ്രേ എടുത്ത് ഇയാളുടെ മുഖത്തേക്ക് പ്രയോഗിക്കുകയായിരുന്നു. സ്പ്രേ അടിച്ചതോടെ കണ്ണെരിയുകയും ശ്വാസം മുട്ടുകയും ചെയ്ത യുവാവ് റോഡരികിലേക്ക് മാറി ഇരുന്നു. കുറച്ച് മണിക്കൂറുകൾക്ക് ശേഷമാണ് കണ്ണെരിച്ചിൽ മാറിയത്. പ്രദേശവാസികൾ പകർത്തിയ വീഡിയോ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാണ്.

പിന്നാലെ 'പൊലീസിൻ്റെ അടുത്താണോ നിൻ്റെ കളി', തുടങ്ങിയ കമൻ്റുകളും നിറഞ്ഞു. പ്രദേശത്തെ സ്ഥിരം ശല്യക്കാരനാണ് ഈ യുവാവ് എന്നാണ് നാട്ടുകാർ പറയുന്നത്. പൊതുജനങ്ങൾക്ക് വലിയ രീതിയിൽ ബുദ്ധിമുട്ടുണ്ടാക്കിയ ഇയാളെ കൃത്യസമയത്ത് ഇടപെട്ട് ഒതുക്കിയ പൊലീസിന്റെ നടപടിയെ നാട്ടുകാരും വ്യാപാരികളും പൂർണമായി പിന്തുണയ്ക്കുകയാണെന്നും അടിമാലിക്കാർ പറയുന്നു. ഇന്നലെയായിരുന്നു സംഭവം. ആദ്യം യുവാവ് ബാറിൽ പോയി മദ്യപിക്കുകയും അവിടെ ബഹളം ഉണ്ടാക്കുകയും ചെയ്തു. പിന്നീട് പുറത്തിറങ്ങി അടിമാലി ബസ് സ്റ്റാൻഡിൽ എത്തി യാത്രക്കരോടും വിദ്യാർഥികളോടും അസഭ്യവർഷം നടത്തുകയായിരുന്നു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News