Enter your Email Address to subscribe to our newsletters

Ernakulam , 04 ജൂലൈ (H.S.)
താരസംഘടനയായ 'അമ്മ'യിലെ ആഭ്യന്തര തർക്കം രൂക്ഷമാകുന്നു. പ്രസിഡൻ്റ് ശ്വേത മേനോനെതിരെ ഒരു വിഭാഗം നടിമാർ രംഗത്തെത്തി.
ശ്വേത അൻസിബയെ വർഗീയവാദിയാക്കാൻ ശ്രമിച്ചെന്നും അൻസിബയ്ക്കെതിരെ മതംമാറ്റ ആരോപണം ഉയർത്തിയെന്നും നടി മാലാ പാർവതി ആരോപിച്ചു. ഉഷ ഹസീന, അൻസിബ ഹസൻ, മായ വിശ്വനാഥ് എന്നിവർക്കൊപ്പം സംയുക്തമായി നടത്തിയ പത്രസമ്മേളനത്തിലാണ് മാലാ പാർവതിയുടെ പ്രതികരണം.
'ശ്വേത കോണ്ഗ്രസ് ആണെന്ന് പറയുന്നു. അവർക്ക് ഏത് പാർട്ടി വേണമെങ്കിലും ആവാം. അതില് ഞങ്ങള്ക്ക് എതിർപ്പില്ല. അജണ്ടകള് നടപ്പാക്കാൻ ശ്രമിച്ചാല് എതിർക്കും. അത് ചോദ്യം ചെയ്തത വ്യക്തിയാണ് അൻസിബ. അൻസിബ നാല് പേരെ മതംമാറ്റാൻ ശ്രമിച്ചുവെന്ന ആരോപണം ശ്വേത ഉയർത്തി. ഇത് ഞാൻ പറയുന്നത് ഇന്ന് രമേശ് പിഷാരടിയുടെ ഒരു ഫോണ് സംഭാഷണം ഒരു അജണ്ടയോടുകൂടി അവർ പുറത്തുവിട്ടതിന് ശേഷം അവർക്ക് ആ മാന്യത കൊടുക്കേണ്ടതില്ല എന്ന് തോന്നിയത് കൊണ്ടാണ്. ഒരാള് കൂടി ആ കോണ്കോളില് ഉണ്ടായിരുന്നു എന്നുള്ള ധൈര്യത്തിലാണ് ഞാൻ ഇത് പറയുന്നത്.
അൻസിബയുടെ വിഷയം പറയാൻ ഞാൻ വിളിച്ചപ്പോള് ശ്വേത എന്നോട് പറഞ്ഞത് അവർ നാലുപേരെ മതം മാറ്റാൻ നോക്കി എന്നാണ്. ശ്വേത അങ്ങനെ സംസാരിക്കരുത് എന്ന് ഞാൻ പറഞ്ഞപ്പോള് ചില തട്ടിമുട്ട് പറഞ്ഞു. ഞങ്ങള് തമ്മില് ഒരു ചെറിയ തർക്കം ഉണ്ടാവുകയും ചെയ്തു. ഞാൻ പറഞ്ഞു ഇതൊരു സാമൂഹ്യ വിഷയമാണ് ഇത് അമ്മയുടെ വിഷയമല്ല, ഇത് ഞാൻ പുറത്തു പറയും എന്ന്. ഇതിന് അവർ തന്ന മറുപടി എന്നാല് ഇനി നിങ്ങള് സിനിമയില് ഉണ്ടാകില്ലെന്നാണ്.
വളരെയധികം ആലോചിച്ചതിനു ശേഷമാണ് ഈ പ്രൊഡക്ഷൻ കണ്ട്രോളർ എന്ന് പറയുന്ന വ്യക്തിയെ ഞാൻ ഫോണ് ചെയ്യുന്നത്. എന്താണ് അവിടെ നടന്നത് എന്ന് ചോദിച്ചപ്പോള് ഒരു ഓർമ്മപ്പെടുത്തല് വേണ്ടാതെ, ഒരു സംശയത്തിനിടയില്ലാതെ 2023ല് നടന്ന ഒരു സിനിമയുടെ കാര്യം അദ്ദേഹം പറയുകയാണ്. അവിടെ വെച്ച് അൻസിബ നോമ്പെടുത്തപ്പോള് അദ്ദേഹവും മകനും അവർക്കൊപ്പം നോമ്പ് തുറന്നുവെന്നാണ്. ഈ വിഷയം 2026 ല് അവരുെട വാട്സ് ആപ്പ് ചാറ്റില് ഭീഷണിയുടെ സ്വരത്തില് ടിനി ടോം ഉപയോഗിച്ചത് എന്തിനാണ് എന്ന് ഞാൻ ശ്വേതയോട് ചോദിച്ചു . അത് ചോദിക്കുന്ന സമയത്ത് ശ്വേത പറയുന്നത് ചേച്ചിക്ക് ടിനി ടോം ജയിലില് ആകുന്നത് കാണാനാണോയെന്ന്ത. തിഹാർ ജയിലില് അൻസിബ പോയാല് പ്രശ്നമില്ലേ എന്ന് ഞാൻ തിരിച്ചു ചോദിച്ചു. അങ്ങനെ ഞങ്ങള് തമ്മില് ഉണ്ടായ ഒരു തർക്കമാണ് എനിക്കെതിരായ ഗൂഢാലോചന ആരോപണത്തിന് പിന്നില്.
ഞങ്ങള് അവർക്കെതിരെ ഗൂഢാലോചന ഒന്നുമില്ല, ആലോചന നടത്തിയിട്ടുണ്ട്. കാരണം ഇങ്ങനെ ഒരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്. ധ്രുവീകരണം നടത്തുന്ന വർഗീയവാദം നടത്തുന്ന ,മനുഷ്യരെ ഒന്നായി കാണാൻ പറ്റാത്ത, ജാതിമതങ്ങളെ ഒന്നായി കാണാൻ പറ്റാത്ത കലാകാരന്മാരുടെ ഇടയില് ധ്രുവീകരണം നടത്തുന്ന ആള്ക്കാരല്ല സംഘടന ഭരിക്കേണ്ടത്. എന്റെ വിശ്വാസമാണ് കേരളം ഇപ്പോഴും ഇങ്ങനെയൊന്നും അല്ലെന്നാണ്. ആ കേരളത്തിനോട് ഒരു ഉത്തരവാദിത്വം ഉള്ളതുകൊണ്ടും വരാനിരിക്കുന്നത് ഒരു കേരള സ്റ്റോറി ആണ് എന്ന് മനസ്സിലായതുകൊണ്ടും അതിനെ എതിർക്കണം എന്നുള്ള ഉത്തമ വിശ്വാസത്തിലുമാണ് ഞാൻ അവിടെ പ്രതികരിച്ചത്. തട്ടമിടാത്ത, അമ്പലത്തില് വരെ പോകുന്ന, മലപ്പുറംകാരി മുസ്ലിം മതപരിവർത്തനം നടത്താൻ ശ്രമിക്കുന്നുവെന്ന കഥ സിനിമയായി വന്നാല് അത് ഉത്തരേന്ത്യയിലൊക്കെ നന്നായി ഓടും. ഈ കഥ ഉണ്ടാക്കുന്നതിനെയാണ് ഞാൻ എതിർത്തത്', മാല പാർവതി പറഞ്ഞു.
നടി അൻസിബയും ശ്വേതയുടെ ആരോപണങ്ങള് തള്ളി. സാമ്പത്തിക ക്രമക്കേടിന്റെ പേരിലാണ് ശ്വേത പ്രസിഡന്റായ കമ്മിറ്റി താഴെവീണതെന്നും സാമ്പത്തിക ക്രമക്കേട് ആരോപണം നേരിടുന്നവരെ എങ്ങനെയാണ് അഡ്ഹോക് കമ്മിറ്റിയായി തുടരാൻ അനുവദിക്കുകയെന്നും അവർ ചോദിച്ചു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR