Enter your Email Address to subscribe to our newsletters

Kasaragod , 04 ജൂലൈ (H.S.)
ഒഡിഷയിൽ നിന്നും കേരളത്തിലേക്ക് കൊണ്ടുവരികയായിരുന്ന വൻ കഞ്ചാവ് ശേഖരം പിടികൂടി. കുമ്പളയിൽ വച്ചാണ് പൊലീസ് പരിശോധനയിൽ കഞ്ചാവ് പിടികൂടിയത്. അന്തർ സംസ്ഥാന കുറ്റവാളി ലാല കബീറിനെയും കൂട്ടാളി മുഹമ്മദ് നിഹാലിനെയും കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു. ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിൽ നിന്ന് 30 കിലോ കഞ്ചാവാണ് പിടികൂടിയത്. കുമ്പള ദേശീയപാതയിൽ ആരിക്കാടി ടോൾ പ്ലാസയ്ക്ക് സമീപത്ത് വച്ചാണ് ഇവർ പിടിയിലായത്.
കേരളത്തിലും കർണാടകയിലുമായി നിരവധി കേസുകളിൽ പ്രതിയാണ് ലാലാ കബീർ. ഒഡിഷയിൽ നിന്നും കാറിൻ്റെ ഡിക്കിയിൽ വച്ചാണ് കഞ്ചാവ് കടത്താൻ ശ്രമിച്ചത്. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കുമ്പള പൊലീസ് ആരിക്കാടിയിൽ വാഹന പരിശോധന നടത്തി. ഇതിനിടയിലാണ് പ്രതികൾ സഞ്ചരിച്ച കാറിലെ ഡിക്കിയിൽ രണ്ട് ചാക്കുകളിൽ സൂക്ഷിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തിയത്. കേരളാ പൊലീസിന്റെ സംസ്ഥാന വ്യാപക ലഹരി വിരുദ്ധ ക്യാമ്പയ്നായ ഓപ്പറേഷൻ തൂഫാനിടെയാണ് പരിശോധന നടന്നത്.
പത്തോളം കേസിൽ പ്രതികളാണ് പിടിയിലായ ലാല കബീറും കൂട്ടാളി മുഹമ്മദ് നിഹാലും. മുംബൈയിൽ നിന്നും ഒഡിഷയിൽ നിന്നും വൻ തോതിൽ കഞ്ചാവ് ശേഖരിച്ച് കാസർകോട് കാഞ്ഞങ്ങാട് എന്നിവിടങ്ങളിലെത്തിച്ച് വില്പ്പന നടത്തുന്നതാണ് രീതി. ഇവരിൽ നിന്നും മറ്റ് കണ്ണികളെ കുറിച്ച് വിവരം ലഭിക്കുമെന്നാണ് സൂചന. നിലവില് പ്രതികളെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്.
ഓപ്പറേഷൻ തൂഫാൻ - എംഡിഎംഎയുമായി യുവാവ് അറസ്റ്റില്
കേരളാ പൊലീസിന്റെ സംസ്ഥാന വ്യാപക ലഹരി വിരുദ്ധ ക്യാമ്പയ്നായ ഓപ്പറേഷൻ തൂഫാനിടെ മാരക മയക്ക് മരുന്നായ എംഡിഎംഎയുമായി യുവാവ് അറസ്റ്റിലായി. ഇന്നലെ കൊല്ലത്ത് നടത്തിയ പരിശോധനയിലാണ് ചവറ സ്വദേശി മുഹമ്മദ് ഷഫീക്ക് (38) അറസ്റ്റിലായത്. 1.05 ഗ്രാം എംഡിഎംഎ ഇയാളില് നിന്നും പിടികൂടി. നർക്കോട്ടിക് സെൽ എസിപി റോബർട്ട് ജോണി, കരുനാഗപ്പള്ളി എസിപി സി.ജോൺ എന്നിവരുടെ നിർദേശപ്രകാരമായിരുന്നു റെയ്ഡ്. എസ്ഐ കണ്ണന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘവും ചവറ പൊലീസ് ഇൻസ്പെക്ടർ മനോജിന്റെ നേതൃത്വത്തിൽ എസ്ഐ ഷെമീർ എഎസ്ഐമാരായ നൗഷാദ്, സജീവ് സിപിഒമാരായ ഉമേഷ്, കീർത്തന എന്നിവരടങ്ങിയ പൊലീസ് സംഘവും ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
യുവതലമുറയെ ലക്ഷ്യമിട്ട് നടക്കുന്ന ലഹരി വിൽപ്പനയും വിതരണ ശൃംഖലയും പൂർണമായും തകർക്കുന്നതിനുള്ള ശക്തമായ പരിശോധനകളും ബോധവത്കരണ പ്രവർത്തനങ്ങളും തുടരുമെന്നും ലഹരി സംബന്ധമായ വിവരങ്ങൾ പൊതുജനങ്ങൾ പൊലീസിനെ അറിയിക്കണമെന്നും കൊല്ലം സിറ്റി പൊലീസ് കമ്മിഷണർ ഹേമലത എം ഐപിഎസ് അറിയിച്ചു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR