യുഡിഎഫ് സർക്കാരിനെതിരെ നിരവധി വിഷയങ്ങളിൽ ആരോപണമുയർത്തിയിട്ടും നിയമസഭാ കക്ഷിയോഗവും മുന്നണി യോഗവും വിളിക്കാത്ത എൽഡിഎഫ് നേതൃത്വത്തിൻ്റെയും സിപിഎമ്മിൻ്റെയും നിലപാടിൽ ഘടകകക്ഷികൾക്ക് കടുത്ത അതൃപ്തി
Thiruvananthapuram , 04 ജൂലൈ (H.S.) യുഡിഎഫ് സർക്കാരിനെതിരെ നിരവധി വിഷയങ്ങളിൽ ആരോപണമുയർത്തിയിട്ടും നിയമസഭാ കക്ഷിയോഗവും മുന്നണി യോഗവും വിളിക്കാത്ത എൽഡിഎഫ് നേതൃത്വത്തിൻ്റെയും സിപിഎമ്മിൻ്റെയും നിലപാടിൽ ഘടകകക്ഷികൾക്ക് കടുത്ത അതൃപ്തി. വീര്യം കുറഞ്ഞ മദ്യ
LDF


Thiruvananthapuram , 04 ജൂലൈ (H.S.)

യുഡിഎഫ് സർക്കാരിനെതിരെ നിരവധി വിഷയങ്ങളിൽ ആരോപണമുയർത്തിയിട്ടും നിയമസഭാ കക്ഷിയോഗവും മുന്നണി യോഗവും വിളിക്കാത്ത എൽഡിഎഫ് നേതൃത്വത്തിൻ്റെയും സിപിഎമ്മിൻ്റെയും നിലപാടിൽ ഘടകകക്ഷികൾക്ക് കടുത്ത അതൃപ്തി. വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി ബജറ്റിൽ ഉൾപ്പെടുത്തിയതും, വിഴിഞ്ഞം മദർപോർട്ടിൽ എംഎസ്എസിക്ക് ഓഹരി കൈമാറിയതുമായും ബന്ധപ്പെട്ട് ആരോപണങ്ങൾ പ്രതിപക്ഷം ഉയർത്തിയിട്ടും സർക്കാരിനെതിരെ സംഘടിതമായി നീങ്ങാൻ സഭയ്ക്കുള്ളിലും പുറത്തും കഴിയുന്നില്ലെന്നാണ് ഘടകകക്ഷികൾ ആക്ഷേപമുയർത്തുന്നത്. ചില ഘടകകക്ഷി നേതാക്കൾ എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണനെ ഫോണിൽ വിളിച്ച് നിയമസഭാകക്ഷി യോഗം ചേരണമെന്ന് ആവശ്യപ്പെട്ടിട്ടും മുന്നണി നേതൃത്വം നടപടിയെടുത്തിട്ടില്ല.

സിപിഎമ്മിൽ പടലപിണക്കത്തിൻ്റെ സൂചന

പ്രതിപക്ഷനേതൃസ്ഥാനം പിണറായിക്ക് നൽകിയതിൽ പാർട്ടിയിലും നിയമസഭാംഗങ്ങൾക്കിടയിലും അതൃപ്തിയുണ്ടെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നെങ്കിലും സിപിഎം സംസ്ഥാന നേതൃത്വം ഇതെല്ലാം നിഷേധിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ദിവസമാണ് പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പുത്തലത്ത് ദിനേശൻ സമൂഹമാധ്യമത്തിലൂടെ പാർട്ടി മുമ്പെടുത്ത തീരുമാനങ്ങളെ വിമർശിച്ച് രംഗത്ത് വന്നത്. സിപിഎമ്മിനുള്ളിലെ എകോപനമില്ലായ്മ മുന്നണിയുടെ നിയമസഭാ പ്രകടനത്തെ ബാധിക്കുന്നുവെന്ന വിലയിരുത്തലാണ് ഘടകകക്ഷികൾക്കുള്ളത്. എത്രനാൾ നിയമസഭാകക്ഷി യോഗം വിളിക്കാതെ മുന്നോട്ട് പോകാനാകുമെന്ന ആശങ്കയും കക്ഷി നേതാക്കൾ പങ്കുവെയ്ക്കുന്നു.

പ്രതിപക്ഷ ഉപനേതാവ് പദവിയിൽ തീരുമാനമായില്ല

എൽഡിഎഫിൽ പ്രതിപക്ഷ ഉപനേതാവ് പദവി ആർക്കെനന്നതിലും ഇതുവരെ വ്യക്തതയില്ല. നിലവിൽ പദവി വിട്ടുതരില്ലെന്ന് സിപിഎമ്മും തങ്ങൾക്ക് കിട്ടിയേ തീരൂ എന്ന നിലപാടിൽ സിപിഐയും തുടരുകയാണ്. പ്രതിപക്ഷത്തിന് ലഭിക്കുന്ന നിയമസഭാ പബ്ലിക്ക് അക്കൗണ്ടസ് കമ്മിറ്റി ചെയർമാൻ പദവി സിപിഎമ്മിനാണ് ലഭിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ ഉപനേതാവ് തങ്ങൾക്ക് വേണമെന്ന വാശി സിപിഐ തുടരുകയാണ്. ഉപനേതാവ് ആരെന്ന കാര്യത്തിൽ തീരുമാനമാവാത്തതിനാൽ പാർലമെൻ്ററി പാർട്ടി യോഗം വിളിച്ചിട്ടില്ല. അതുകൊണ്ട് തന്നെ വിപ്പ് സ്ഥാനം ആർക്കെന്നും തീരുമാനമായിട്ടില്ല. 12 കക്ഷികൾ ഉൾപ്പെടുന്ന മുന്നണിയിൽ നിലവിൽ മൂന്ന് കക്ഷികൾക്കാണ് പ്രാതിനിധ്യമുള്ളത്.

എൽഡിഎഫ് യോഗം ഇതുവരെ ചേർന്നില്ല

മുന്നണിയിലെ എല്ലാ കക്ഷികളുടെയും തെരഞ്ഞെടുപ്പ് അവലോകനത്തിന് ശേഷം വീണ്ടും എൽഡിഎഫ് ചേരുമെന്ന് പറഞ്ഞിരുന്നെങ്കിലും മുന്നണി യോഗം ഇതുവരെ നടന്നിട്ടില്ല. എൽഡിഎഫ് യോഗത്തിൽ നിയമസഭാകക്ഷി ചേരാതിരുന്നതിന് കാരണമെന്തെന്ന ചോദ്യം ഉയർന്നേക്കാമെന്നും സിപിഎമ്മിന് ആശങ്കയുണ്ട്. അതുകൊണ്ട് തന്നെ ഘടകകക്ഷി നേതൃത്വങ്ങളുമായി സിപിഎം വിഷയത്തിൽ അനൗപചാരിക ചർച്ച നടത്താനും സാധ്യതയുണ്ട്. മുന്നണി യോഗം ചേരാത്തത് കൊണ്ട് തന്നെ സർക്കാരിനെതിരായ സമരപരിപാടികൾക്ക് രൂപം നൽകാനുമായിട്ടില്ല.

വിഴിഞ്ഞം ഓഹരികൈമാറ്റം : സർവ്വകക്ഷി യോഗം വിളിക്കണമെന്ന് ആർജെഡി

വിഴിഞ്ഞം ഓഹരി കൈമാറ്റ വിഷയത്തിൽ സർവ്വകക്ഷിയോഗം വിളിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുന്നതായി ആർജെഡി സംസ്ഥാന സെക്രട്ടറി വർഗീസ് ജോർജ് ഇ ടിവി ഭാരതിനോട് പറഞ്ഞു. തുറമുഖത്തിൻ്റെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ടുണ്ടായ ആശങ്കകൾ പരിഹരിക്കാൻ ഇത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. മുമ്പ് 2015ൽ അന്നത്തെ ഉമ്മൻ ചാണ്ടി സർക്കാർ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട് 2015 ജൂൺ 3-ന് സർവകക്ഷി യോഗം വിളിച്ചുചേർത്തിരുന്നു.

അദാനി ഗ്രൂപ്പിന് പദ്ധതി നിർമ്മാണച്ചുമതല നൽകുന്നതിലെ വിശദാംശങ്ങളും ടെൻഡർ നടപടികളും ചർച്ച ചെയ്യാനാണ് യോഗം വിളിച്ചത്. പദ്ധതിയിൽ വലിയ അഴിമതിയുണ്ടെന്ന് ആരോപിച്ച് അന്നത്തെ പ്രതിപക്ഷമായ എൽഡിഎഫ് യോഗത്തിൽ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. എന്നാൽ വിഴിഞ്ഞം പദ്ധതി കേരളത്തിൻ്റെ സ്വപ്നപദ്ധതിയാണെന്നും, തടസ്സങ്ങൾ ഉണ്ടായാൽ അത് പിന്നീട് യാഥാർത്ഥ്യമാകില്ലെന്നും ചൂണ്ടിക്കാട്ടി സർക്കാർ മുന്നോട്ടുപോകുമെന്ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വ്യക്തമാക്കി. തുടർന്ന് 2015 ആഗസ്റ്റ് മാസത്തിലാണ് അദാനി ഗ്രൂപ്പുമായി സംസ്ഥാന സർക്കാർ ഔദ്യോഗിക കരാർ ഒപ്പിട്ടത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News