Enter your Email Address to subscribe to our newsletters

Wayanad , 04 ജൂലൈ (H.S.)
വയനാട് ജില്ലയിലെ ആരോഗ്യ മേഖലയെ ശക്തിപ്പെടുത്താൻ വമ്പൻ പ്രഖ്യാപനങ്ങളുമായി ആരോഗ്യ മന്ത്രി കെ മുരളീധരൻ. ജില്ല നേരിടുന്ന ആരോഗ്യ മേഖലയിലെ വെല്ലുവിളികൾക്ക് പരിഹാരം കണ്ടെത്തുക ലക്ഷ്യമിട്ട് സംഘടിപ്പിച്ച 'കായകൽപ്പം' ജനസമ്പർക്ക പരിപാടിയിൽ ഒരു ഡസനിലധികം പദ്ധതികൾ ഉൾപ്പെടുന്ന പ്രത്യേക ഹെൽത്ത് പാക്കേജാണ് മന്ത്രി പ്രഖ്യാപിച്ചത്. കലക്ടറേറ്റിലെ എപിജെ ഹാളിൽ നടന്ന ജില്ലാതല ഉദ്ഘാടന ചടങ്ങിലാണ് വയനാടിൻ്റെ ആരോഗ്യ മേഖലയെ പുനരുജ്ജീവിപ്പിക്കുന്ന നിർണായക പദ്ധതികൾ അദ്ദേഹം അവതരിപ്പിച്ചത്.
സൂപ്പർ സ്പെഷ്യാലിറ്റിയും, മെഡിക്കൽ കോളജും ഉടൻ
വയനാട്ടിൽ ഏറെക്കാലമായി ഉയർന്നുവരുന്ന ആവശ്യമായ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി ഉടൻ യാഥാർഥ്യമാക്കുമെന്ന് മന്ത്രി അറിയിച്ചു. വയനാട് മെഡിക്കൽ കോളജിനായി ആദ്യം കണ്ടെത്തിയ സ്ഥലം സംരക്ഷിത വനഭൂമിയായതിനാൽ അനുയോജ്യമല്ലെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ മാനന്തവാടിയിൽ പുതിയ സ്ഥലം കണ്ടെത്താനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
അടിസ്ഥാന സൗകര്യ വികസനം സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിഞ്ഞില്ലെങ്കിൽ അടുത്ത വർഷം മെഡിക്കൽ കോളജിൻ്റെ അംഗീകാരം തന്നെ അപകടത്തിലാകാൻ സാധ്യതയുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ അടിയന്തര യോഗം ചേർന്ന് വേഗത്തിൽ തീരുമാനം കൈക്കൊള്ളുമെന്നും അദ്ദേഹം അറിയിച്ചു.
ജില്ലാ ആശുപത്രികളിൽ എംആർഐയും ക്രിട്ടിക്കൽ കെയറും
വൈത്തിരി താലൂക്ക് ആശുപത്രിയെ ജില്ലാ മാതൃകാ ആശുപത്രിയായി ഉയർത്തുമെന്നും അവിടെ ക്രിട്ടിക്കൽ കെയർ യൂണിറ്റിന് ഉടൻ തറക്കല്ലിടുമെന്നും മന്ത്രി പ്രഖ്യാപിച്ചു. ബത്തേരി താലൂക്ക് ആശുപത്രിയെ ജില്ലാ ആശുപത്രിയാക്കി ഉയർത്തുന്നതിനുള്ള നടപടികളും ആരംഭിക്കും. ജില്ലയിൽ സർക്കാർ മേഖലയിലെ എംആർഐ സ്കാനിങ് സൗകര്യങ്ങളുടെ അപര്യാപ്ത ത പരിഹരിക്കുന്നതിനായി പ്രധാന സർക്കാർ ആശുപത്രിയിൽ എംആർഐ സംവിധാനം ഉടൻ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലയിലെ എല്ലാ സർക്കാർ ആശുപത്രികളിലും ആവശ്യമായ തസ്തികകൾ സൃഷ്ടിച്ച് ഡോക്ടർമാരെയും മറ്റ് ആരോഗ്യപ്രവർത്തകരെയും നിയമിക്കും. മുടങ്ങിക്കിടക്കുന്ന ആരോഗ്യപദ്ധതികളുടെ ഫണ്ടുകൾ വേഗത്തിൽ ലഭ്യമാക്കുകയും ജില്ലാ മെഡിക്കൽ ഓഫീസിന് സ്വന്തമായി ഓഫീസ് കെട്ടിടം നിർമ്മിക്കുകയും ചെയ്യും. മനുഷ്യ, വന്യജീവി സംഘർഷം രൂക്ഷമായ മേഖലകളിൽ അടിയന്തര ചികിത്സ ഉറപ്പാക്കാൻ മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.
കാൻസർ പഠനത്തിനും ചികിത്സാ സഹായത്തിനും നടപടി
വയനാട്ടിൽ കാൻസർ രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ഇതുസംബന്ധിച്ച് വിശദമായ ശാസ്ത്രീയ പഠനം നടത്തുമെന്ന് മന്ത്രി വ്യക്തമാക്കി. മോട്ടോർ ന്യൂറോൺ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന കമ്പളക്കാട് സ്വദേശി അനീഷിൻ്റെ കുടുംബത്തിന് ആരോഗ്യകിരണം പദ്ധതിയിലൂടെ ചികിത്സാ സഹായം അനുവദിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഷിഗെല്ല ഉൾപ്പെടെയുള്ള ജലജന്യ രോഗങ്ങൾ തടയുന്നതിനായി ജില്ലയിൽ ജലപരിശോധനകൾ കൂടുതൽ കർശനമാക്കും. ആരോഗ്യവകുപ്പിൻ്റെ സമയോചിത ഇടപെടലിലൂടെ നിപ വൈറസിന്റെ വ്യാപനം ഫലപ്രദമായി തടയാൻ കഴിഞ്ഞതായും, വിവിധ വകുപ്പുകളുടെ ഏകോപിത പ്രവർത്തനത്തിലൂടെയാണ് ഷിഗെല്ല രോഗബാധ നിയന്ത്രണവിധേയമാക്കിയതെന്നും മന്ത്രി പറഞ്ഞു.
ആരോഗ്യ മേഖലയിലെ നിലവിലെ വെല്ലുവിളികളും ജനങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകളും നേരിട്ട് മനസിലാക്കി പരിഹാരങ്ങൾ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് 'കായകൽപ്പം' ജനസമ്പർക്ക പരിപാടി സംഘടിപ്പിച്ചതെന്ന് മന്ത്രി വിശദീകരിച്ചു. ഉദ്ഘാടനത്തിന് ശേഷം ഓരോ നിയമസഭാ മണ്ഡലത്തിന്റെയും അടിസ്ഥാനത്തിൽ പ്രത്യേക യോഗങ്ങൾ ചേർന്ന് ജനപ്രതിനിധികളിൽ നിന്നും പൊതുജനങ്ങളിൽ നിന്നും അഭിപ്രായങ്ങളും പരാതികളും നിർദേശങ്ങളും സ്വീകരിച്ചു. ഇതിനായി പ്രത്യേക കൗണ്ടറുകളും സജ്ജീകരിച്ചിരുന്നു.
പരിപാടിയിൽ കൃഷി വകുപ്പ് മന്ത്രി അഡ്വ ടി സിദ്ദീഖ് അധ്യക്ഷത വഹിച്ചു. വയനാടിൻ്റെ ആരോഗ്യമേഖലയെ പുനഃസംഘടിപ്പിച്ച് മികച്ച ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കുകയാണ് സർക്കാരിൻ്റെ ലക്ഷ്യമെന്നും, ജില്ലയുടെ വികസന യാത്രയിൽ സർക്കാർ എല്ലാ പിന്തുണയും നൽകുമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ എം.എൽ.എമാരായ ഐസി ബാലകൃഷ്ണൻ, ഉഷ വിജയൻ, വയനാട് എംപി പ്രിയങ്കാ ഗാന്ധിയുടെ പ്രതിനിധി, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്ൻ് ചന്ദ്രിക കൃഷ്ണൻ, വൈസ് പ്രസിഡൻ്റ് ടി ഹംസ, ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ശർമിള മേരി ജോസഫ്, ജില്ലാ കലക്ടർ ഡിആർ മേഘശ്രീ, ആരോഗ്യവകുപ്പിലെയും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെയും ഉന്നത ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR