Enter your Email Address to subscribe to our newsletters

Kozhikode , 04 ജൂലൈ (H.S.)
കോഴിക്കോട് ബീച്ച് ഗവ. ജനറൽ ആശുപത്രിയിലെ അമ്മത്തൊട്ടിലിൽ ഉപേക്ഷിച്ച എട്ടു ദിവസം പ്രായമുള്ള ആൺകുഞ്ഞിനെ തിരികെ ലഭിക്കണമെന്ന ആവശ്യവുമായി അമ്മ രംഗത്ത്. കുഞ്ഞിനെ ഉപേക്ഷിച്ച് 48 ദിവസങ്ങൾക്ക് ശേഷമാണ് കണ്ണീരോടെ അമ്മ ജില്ലാ ഭരണകൂടത്തെ സമീപിച്ചിരിക്കുന്നത്. സംഭവത്തിൽ ജില്ലാ ശിശുസംരക്ഷണ വിഭാഗവും ചൈൽഡ് വെൽഫെയർ കമ്മിറ്റിയും (സിഡബ്ല്യുസി) അന്വേഷണം ആരംഭിച്ചു. അതേസമയം, കുഞ്ഞിൻ്റെയും അമ്മയുടെയും ഡിഎൻഎ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് വെള്ളയിൽ പൊലീസ് സിഡബ്ല്യുസിക്ക് റിപ്പോർട്ട് സമർപ്പിച്ചു.
മാർച്ച് 4-നാണ് നഗരത്തിലെ ആശുപത്രിയിൽ കോഴിക്കോട് സ്വദേശിനിയായ യുവതി ആൺകുഞ്ഞിന് ജന്മം നൽകിയത്. തുടർന്ന് മാർച്ച് 12-ന് രാത്രി 10.37-ഓടെ കുഞ്ഞിനെ സംസ്ഥാന ശിശുക്ഷേമ സമിതിയുടെ കീഴിലുള്ള അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കുകയായിരുന്നു. ആശുപത്രി ജീവനക്കാർ ഈ കുഞ്ഞിന് ആരവ് എന്ന് പേരിടുകയും ചെയ്തു. ആരവ് ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിൽ വളരുന്നതിനിടയിലാണ് കുഞ്ഞിനെ തിരികെ വേണമെന്ന ആവശ്യവുമായി അമ്മ കലക്ടറേറ്റിൽ എത്തിയത്.
'അവനെങ്കിലും ജീവിക്കട്ടെ എന്ന് കരുതി, എന്നാൽ അവനില്ലാതെ വയ്യ'
കുഞ്ഞിനെ അമ്മത്തൊട്ടിലിൽ ഏൽപ്പിക്കുമ്പോൾ അവനെങ്കിലും ജീവിക്കട്ടെ എന്ന ചിന്തയായിരുന്നു തനിക്കെന്ന് അമ്മ ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസറോട് വെളിപ്പെടുത്തി. കടുത്ത ജീവിതപ്രതിസന്ധികളിലൂടെ കടന്നുപോയ സാഹചര്യങ്ങളെക്കുറിച്ചും അവർ പങ്കുവെച്ചു.
കുടുംബമായി ജീവിക്കുന്നതിനിടയിലുണ്ടായ മറ്റൊരു സൗഹൃദത്തിലാണ് ഈ കുഞ്ഞ് ജനിക്കുന്നത്. പിന്നീട് ആ വ്യക്തിയിൽ നിന്നും അകന്നു. ജോലി പോലുമില്ലാതെ തനിച്ചായതോടെ ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചിരുന്ന കാലത്താണ് ഈ കുഞ്ഞിന് ജന്മം നൽകിയത്. പ്രസവിച്ച് എട്ടാം ദിനം ആശുപത്രിയിൽ നിന്നിറങ്ങി മൂത്ത മകനോടൊപ്പം നഗരത്തിൽ ചുറ്റിക്കറങ്ങി. ഒടുവിൽ കടലോരത്തിരുന്ന് കുഞ്ഞിന് അവസാനമായി പാൽ നൽകിയ ശേഷമാണ്, അവനെങ്കിലും നന്നായി വളരട്ടെ എന്ന് കരുതി അമ്മത്തൊട്ടിലിൽ വെച്ചത്. എന്നാൽ ഇപ്പോൾ അവൻ ഇല്ലാതെ ജീവിക്കാൻ കഴിയില്ല... — യുവതി പറഞ്ഞു.
യുവതിയുടെ അപേക്ഷ ലഭിച്ചതിന് പിന്നാലെ പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ, മാർച്ച് 12-ന് മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഇതേ അമ്മത്തൊട്ടിലിൽ രണ്ട് കുഞ്ഞുങ്ങൾ എത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കുഞ്ഞിൻ്റെ മാതൃത്വം ശാസ്ത്രീയമായി ഉറപ്പാക്കുന്നതിനായി ഡിഎൻഎ പരിശോധന വേണമെന്ന് വെള്ളയിൽ പൊലീസ് സിഡബ്ല്യുസിക്ക് റിപ്പോർട്ട് നൽകിയത്. പൊലീസ് യുവതിയെ കണ്ടെത്തി വിശദമായ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
സാങ്കേതിക തടസ്സങ്ങളില്ലെന്ന് അധികൃതർ
കുഞ്ഞിനെ അമ്മത്തൊട്ടിലിൽ ഉപേക്ഷിച്ചാലും 60 ദിവസത്തിനകം തിരികെ വേണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നൽകിയാൽ നിയമപരമായ മറ്റ് സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടാകാറില്ലെന്ന് ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ കെ ഷൈനി വ്യക്തമാക്കി. അമ്മയ്ക്ക് കുട്ടിയെ സുരക്ഷിതമായി വളർത്താനുള്ള സാഹചര്യമുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചിരുന്നു. ഈ റിപ്പോർട്ടും ഡിഎൻഎ പരിശോധനാ ഫലവും കൂടി പരിഗണിച്ചാകും സിഡബ്ല്യുസി കുഞ്ഞിനെ അമ്മയ്ക്ക് വിട്ടുനൽകുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR