Enter your Email Address to subscribe to our newsletters

Thiruvananthapuram , 04 ജൂലൈ (H.S.)
ദ ടെലിഗ്രാഫ് മുൻ എഡിറ്ററും രാജ്യത്തെ മുതിർന്ന മാധ്യമ പ്രവർത്തകനുമായ ആർ രാജഗോപാലിന് പാസ്പോർട്ട് ലഭിച്ചു. ഇന്ന് ഉച്ചയ്ക്ക് തനിക്ക് പാസ്പോർട്ട് ലഭിച്ചുവെന്നും വിഷയത്തിൽ ഇടപെട്ട കേരള മുഖ്യമന്ത്രിയടക്കം എല്ലാവർക്കും നന്ദി പറയുന്നതായും രാജഗോപാൽ പറഞ്ഞു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി വിഡി സതീശൻ്റെ ഫേസ്ബുക്ക് പേജിലും സ്ഥിരീകരണം നടത്തിയിട്ടുണ്ട്.
രാജ്യത്തെ അറിയപ്പെടുന്ന മാധ്യമ പ്രവർത്തകരിൽ ഒരാളായ രാജഗോപാലിന് നേരിടേണ്ടി വന്ന ഈ ദുരനുഭവം വലിയ ചർച്ചയായതിന് പിന്നാലെ മുഖ്യമന്ത്രി വി ഡി സതീശൻ ഇത് സംബന്ധിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിക്ക് കത്തയച്ചിരുന്നു.
കൊൽക്കത്തയിലെ ബാലിഗഞ്ച് മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് രാജഗോപാലിന് സർക്കാർ പാസ്പോർട്ട് നിഷേധിച്ചത്. വോട്ടർ പട്ടികയിൽ പേര് നീക്കം ചെയ്യുകയും പാസ്പോർട്ട് പുതുക്കി നൽകാതിരിക്കുകയും ചെയ്തതോടെ രാജഗോപാലിൻ്റെ മാതാപിതാക്കളുടെ കിട്ടാവുന്നത്ര രേഖകൾ അപേക്ഷയ്ക്കൊപ്പം നൽകാൻ ശേഖരിച്ചിരുന്നു.
ഒരുതവണ പാസ്പോർട്ട് പുതുക്കി നൽകാതിരുന്നതിനെ തുടർന്ന് ജൂലൈ 17ന് അദ്ദേഹത്തെ രണ്ടാമത് ഹിയറിംഗിന് വിളിച്ചിരുന്നു. ഇത് പത്രമാധ്യമങ്ങളിൽ വാർത്തയായതോടെയാണ് സംസ്ഥാന മുഖ്യമന്ത്രിയടക്കമുള്ള പ്രമുഖർ ഇടപെട്ടത്.
സ്പെഷ്യൽ ഇൻ്റൻസീവ് റിവിഷൻ (എസ്ഐആർ) പ്രക്രിയയുടെ ഭാഗമായാണ് പേര് നീക്കം ചെയ്തതെന്നായിരുന്നു അധികൃതരുടെ വിശദീകരണം. ഇതിനെത്തുടർന്ന് അടുത്തിടെ നടന്ന തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന് വോട്ട് ചെയ്യാൻ കഴിഞ്ഞിരുന്നില്ല. രാജ്യത്തെ ഒരു മുതിർന്ന മാധ്യമ പ്രവർത്തകന് നേരിടേണ്ടിവന്ന ഈ ദുരനുഭവം പൗരത്വ അവകാശങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, സിപിഎം തുടങ്ങിയ പ്രതിപക്ഷ പാർട്ടികൾ രംഗത്തിറങ്ങിയിരുന്നു.
എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യയും സംഭവത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. രാജഗോപാലിനെപ്പോലെ അറിയപ്പെടുന്ന ഒരാൾക്ക് ഈ ദുരവസ്ഥയുണ്ടായെങ്കിൽ സാധാരണക്കാരുടെ അവസ്ഥ എന്തായിരിക്കുമെന്ന് എഡിറ്റേഴ്സ് ഗിൽഡ് ചോദമുയർത്തുകയും ചെയ്തിരുന്നു.
തൻ്റെ ദുരനുഭവം വിവരിച്ച് രാജഗോപാൽ എഴുതിയ കുറിപ്പ് ഒരു ഇംഗ്ലീഷ് മാധ്യമം റിപ്പോർട്ട് ചെയ്ത തോടെയാണ് വിവരങ്ങൾ പുറത്തറിയുന്നത്. പാസ്പോർട്ട് പുതുക്കുന്നതിൻ്റെ ഭാഗമായി ബയോമെട്രിക് നടപടികൾ മാർച്ച് 19ന് പൂർത്തിയാക്കിയെങ്കിലും വോട്ടർപട്ടികയിൽ പേരില്ലാത്തതു മൂലം പൊലീസ് ക്ലിയറൻസ് ലഭിച്ചിട്ടില്ല. പാസ്പോർട്ട് പുതുക്കി ലഭിക്കാത്തതു മൂലം യുഎസിൽ ഏപ്രിൽ 17ന് നടന്ന മകളുടെ വിവാഹത്തിൽ പങ്കെടുക്കാനും കഴിഞ്ഞില്ലെന്ന് അദ്ദേഹം അതിൽ പറഞ്ഞിരുന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR