മുൻവർഷങ്ങളെ അപേക്ഷിച്ച് വയനാട്ടിൽ ഇത്തവണ ജൂൺ മാസത്തിൽ കാലവർഷം ദുർബലമായി.
Wayanad , 04 ജൂലൈ (H.S.) മുൻവർഷങ്ങളെ അപേക്ഷിച്ച് വയനാട്ടിൽ ഇത്തവണ ജൂൺ മാസത്തിൽ കാലവർഷം ദുർബലമായി. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ മഴയാണ് ജില്ലയിൽ ഇത്തവണ രേഖപ്പെടുത്തിയതെന്ന് ഹ്യൂം കാലാവസ്ഥാ ലാബിൻ്റെ പഠനം. ആഗോള കാലാവസ്ഥാ വ്യതിയാനവും പസഫി
Weather update


Wayanad , 04 ജൂലൈ (H.S.)

മുൻവർഷങ്ങളെ അപേക്ഷിച്ച് വയനാട്ടിൽ ഇത്തവണ ജൂൺ മാസത്തിൽ കാലവർഷം ദുർബലമായി. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ മഴയാണ് ജില്ലയിൽ ഇത്തവണ രേഖപ്പെടുത്തിയതെന്ന് ഹ്യൂം കാലാവസ്ഥാ ലാബിൻ്റെ പഠനം. ആഗോള കാലാവസ്ഥാ വ്യതിയാനവും പസഫിക് സമുദ്രത്തിലെ എൽ നിനോ പ്രതിഭാസത്തിൻ്റെ സ്വാധീനവും മൂലമാണ് വയനാട്ടിൽ ഇത്തവണ തെക്കുപടിഞ്ഞാറൻ മൺസൂൺ വൈകിയെത്തിയതെന്ന് ഹ്യൂം കാലാവസ്ഥാ ലാബ് വിലയിരുത്തുന്നു. തുടർച്ചയായ വർഷങ്ങളിലെ ജൂൺ മാസത്തെ മഴയുടെ കണക്കുകൾ പരിശോധിക്കുമ്പോൾ, കഴിഞ്ഞ അഞ്ച് വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ മഴയാണ് 2026 ജൂണിൽ ലഭിച്ചത്.

2022 ൽ 581 മില്ലീമീറ്ററും, 2024 ൽ റെക്കോർഡ് 777 മില്ലീമീറ്ററും 2025 ൽ 634 മില്ലീമീറ്ററും മഴ ലഭിച്ചപ്പോൾ ഇത്തവണ വെറും 270 മില്ലീമീറ്റർ മാത്രമാണ് രേഖപ്പെടുത്തിയത്. 2023 ലെ 318 മില്ലീമീറ്ററിനേക്കാളും താഴെയാണ് ഈ വർഷത്തെ മഴയുടെ അളവ്. മൺസൂണിൻ്റെ ശക്തി കുറഞ്ഞതാണ് ഈ മഴക്കുറവിന് പ്രധാന കാരണമെന്നാണ് പഠന റിപ്പോർട്ട്.

കഴിഞ്ഞ അഞ്ച് വർഷങ്ങളിലെ മഴയെ വച്ചുനോക്കുമ്പോൾ ഏറ്റവും കുറവു മഴയാണ് ഈ വർഷം രേഖപ്പെടുത്തിയിരിക്കുന്നത്. എൽ നിനോയുടെ സ്വാധീനം മൂലമാണ് കാലവർഷം ദുർബലമായത്. ഇത് കാലവർഷം തുടങ്ങി ആദ്യത്തെ ഒരു മാസം തന്നെ കൃത്യമായി പ്രകടമാണ്. ജില്ലയിൽ വളരെ കുറഞ്ഞ മഴയേ ലഭിച്ചിട്ടുള്ളൂ. മലമ്പ്രദേശങ്ങളിൽ 800 മില്ലിമീറ്റർ മഴ കിട്ടിയിട്ടുണ്ട്. പക്ഷേ സമീപ വർഷങ്ങളെ വച്ചുനോക്കുമ്പോൾ ഇതും 50 ശതമാനം കുറവാണ്. വയനാടിൻ്റെ കിഴക്കൻ ഭാഗങ്ങളിലും മഴയുടെ അളവ് വളരെ കുറവാണെന്ന് ഹ്യൂം കാലാവസ്ഥാ ലാബ് ഡയറക്ടർ സി കെ വിഷ്ണുദാസ് പറഞ്ഞു.

കാർഷിക മേഖല പ്രതിസന്ധി നേരിട്ടേക്കാം

മഴക്കുറവ് മൂലം പുഴകളിൽ വെള്ളം കുറയും. കൃഷിയാവശ്യങ്ങൾക്കും ആവശ്യത്തിന് വെള്ളം ലഭിക്കാത്ത അവസ്ഥയുണ്ടാകും. കാർഷിക മേഖല പ്രതിസന്ധി നേരിടാനുള്ള സാധ്യതയുണ്ട്. നെൽകൃഷിക്ക് ചെക്ക് ഡാമുകളിൽ വെള്ളം സംഭരിച്ചു വയ്ക്കുക എന്നതാണ് മുൻകരുതലായി ചെയ്യാൻ സാധിക്കുന്നത്. ഇത്തരം മുൻകരുതലുകൾ എടുത്ത് കൃഷി മേഖലയെ സംരക്ഷിക്കേണ്ടതാണ്. ഈ കൊല്ലം കുറഞ്ഞ മഴ കിട്ടാനാണ് സാധ്യയെന്നാണ് വിലയിരുത്തുന്നത്. ജൂലൈയുടെ അവസാനവും ആഗസ്റ്റുമാണ് പിന്നെയും നല്ല മഴ ലഭിക്കാൻ സാധ്യതയുള്ളതെന്നും സി കെ വിഷ്ണുദാസ് കൂട്ടിച്ചേർത്തു.

താപനില കുറഞ്ഞു

മഴ കുറവായിരുന്നെങ്കിലും മേഘാവൃതമായ കാലാവസ്ഥയും ഇടയ്ക്കിടെയുള്ള നേരിയ മഴയും കാരണം ജില്ലയിൽ താപനിലയിൽ നേരിയ കുറവ് അനുഭവപ്പെട്ടു. മേയ് മാസത്തിൽ 34 ഡിഗ്രി സെൽഷ്യസായിരുന്ന ശരാശരി മണ്ണിൻ്റെ താപനില ജൂണിൽ 28.75 ഡിഗ്രിയായി കുറഞ്ഞു. അന്തരീക്ഷത്തിലെ ഉയർന്ന താപനിലയും 31.4 ഡിഗ്രിയിൽ നിന്ന് 27.8 ഡിഗ്രിയിലേക്ക് താഴ്ന്നു.

കൂടുതൽ മഴ ലഭിച്ചത് ലക്കിടിയിൽ

ജൂണിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് ലക്കിടിയിലാണ്. ഇവിടെ 836 മില്ലീമീറ്റർ മഴ രേഖപ്പെടുത്തി. ഏറ്റവും കുറവ് മഴ ലഭിച്ചത് മുള്ളൻകൊല്ലിയിലാണ്. ഇവിടെ ലഭിച്ചത് വെറും 44 മില്ലീമീറ്റർ മഴ മാത്രം. കഴിഞ്ഞ വർഷങ്ങളിൽ ശക്തമായ മഴയും ഉരുൾപൊട്ടൽ ഉൾപ്പെടെയുള്ള പ്രകൃതിക്ഷോഭ സാധ്യതകളുമാണ് വയനാട് നേരിട്ടിരുന്നതെങ്കിൽ, ഇത്തവണ പ്രധാന വെല്ലുവിളിയായി മാറിയിരിക്കുന്നത് മഴയുടെ ഗണ്യമായ കുറവാണ്. കാലാവസ്ഥാ വ്യതിയാനത്തിൻ്റെ സ്വാധീനം വരും മാസങ്ങളിലും നിരീക്ഷിക്കേണ്ട സാഹചര്യമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News