Enter your Email Address to subscribe to our newsletters

Kalpetta, 04 ജൂലൈ (H.S.)
കൽപറ്റ: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ സർവ്വതും നഷ്ടപ്പെട്ടവർക്കായി സർക്കാർ നിർമ്മിച്ച് നൽകിയ കൽപറ്റയിലെ മാതൃകാ ടൗൺഷിപ്പിൽ അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് മൂലം ജനങ്ങൾ ദുരിതത്തിൽ. ടൗൺഷിപ്പിലെ ഉൾറോഡുകൾ പൂർണ്ണമായും ചെളി നിറഞ്ഞ് കാൽനടയാത്ര പോലും അസാധ്യമായ അവസ്ഥയിലാണ്. ടൗൺഷിപ്പിലെ സോൺ 3, സോൺ 4 എന്നിവിടങ്ങളിൽ പുതിയതായി താമസത്തിനെത്തിയ 33 കുടുംബങ്ങളാണ് ഈ ദുരിതം നേരിടുന്നത്. വലിയ പ്രതീക്ഷകളോടെ പുതിയ ജീവിതം കെട്ടിപ്പടുക്കാൻ എത്തിയ തങ്ങളെ അധികൃതർ അവഗണിക്കുകയാണെന്ന് ഇവർ പരാതിപ്പെടുന്നു.
ദുരിതത്തിലായി വിദ്യാർത്ഥികളും പ്രായമായവരും
റോഡുകളിൽ മുട്ടൊപ്പം ചെളി നിറഞ്ഞതോടെ ടൗൺഷിപ്പിലെ കുട്ടികൾക്ക് സ്കൂളിൽ പോകാൻ വലിയ പ്രയാസമാണ് നേരിടുന്നത്. കനത്ത മഴ പെയ്യുമ്പോൾ ചെളിയിലൂടെ നടന്ന് പ്രധാന റോഡിലെത്തുക എന്നത് വലിയ വെല്ലുവിളിയാണ്. ടൗൺഷിപ്പിനകത്തേക്ക് വരാൻ ഓട്ടോറിക്ഷകൾ വിസമ്മതിക്കുന്നതാണ് മറ്റൊരു പ്രധാന പ്രശ്നം. വരാൻ തയ്യാറാകുന്നവർ തന്നെ ഇരട്ടിയിലധികം കൂലിയാണ് ഈടാക്കുന്നത്.
സ്കൂൾ ബസുകൾ ടൗൺഷിപ്പിനുള്ളിലേക്ക് പ്രവേശിക്കാതെ ബൈപാസിലെ പ്രധാന റോഡിലാണ് നിർത്തുന്നത്. അതുകൊണ്ടുതന്നെ കൊച്ചുകുട്ടികളെയുമെടുത്ത് രക്ഷിതാക്കൾക്ക് ഈ ചെളിയിലൂടെ ദൂരം നടക്കേണ്ടി വരുന്നു. പ്രായമായവർക്കും രോഗികൾക്കും അടിയന്തര ഘട്ടങ്ങളിൽ ആശുപത്രികളിൽ പോകാൻ പോലും വാഹനങ്ങൾ കിട്ടാത്ത അവസ്ഥയാണ് നിലവിലുള്ളത്.
പുനരധിവാസം വേഗത്തിലാക്കിയ സർക്കാർ നടപടിയെ ഞങ്ങൾ സ്വാഗതം ചെയ്തിരുന്നു. എന്നാൽ അടിസ്ഥാന സൗകര്യമായ വഴി പോലും ശരിയാക്കാതെ ഇങ്ങോട്ട് താമസം മാറ്റിയതോടെ ഞങ്ങളുടെ ജീവിതം വീണ്ടും ദുരിതത്തിലായിരിക്കുകയാണ്. - ഒരു പ്രദേശവാസി പറഞ്ഞു.
അധികൃതരുടെ അനാസ്ഥക്കെതിരെ പ്രതിഷേധം
ടൗൺഷിപ്പിൻ്റെ നിർമ്മാണം പൂർണ്ണമായി വിലയിരുത്താതെയും, റോഡുകളുടെ ടാറിംഗോ കോൺക്രീറ്റിംഗോ പൂർത്തിയാക്കാതെയും കുടുംബങ്ങളെ താമസിപ്പിച്ചതാണ് ഈ പ്രതിസന്ധിക്ക് കാരണം. പ്രശ്നം രൂക്ഷമായതോടെ ദുരിതബാധിതർ മന്ത്രിയോടും മറ്റ് ജനപ്രതിനിധികളോടും നേരിട്ട് സംസാരിച്ച് പരാതി ബോധിപ്പിച്ചിട്ടുണ്ട്.
താമസം തുടങ്ങിയ ആളുകളുടെ വീടുകളിലേക്കുള്ള വഴികൾ അടിയന്തരമായി ഗതാഗതയോഗ്യമാക്കണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം. കാലവർഷം കനക്കുന്നതിന് മുൻപ് തന്നെ റോഡിൻ്റെ നിർമ്മാണം പൂർത്തിയാക്കിയില്ലെങ്കിൽ ടൗൺഷിപ്പിലെ ജീവിതം കൂടുതൽ ദുസ്സഹമാകുമെന്നും, അനുകൂല നടപടിയുണ്ടായില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികളിലേക്ക് നീങ്ങുമെന്നും ദുരന്തബാധിതരായ കുടുംബങ്ങൾ മുന്നറിയിപ്പ് നൽകുന്നു.
---------------
Hindusthan Samachar / Roshith K