കരുവന്നൂർ സഹകരണ ബാങ്ക് വായ്പാ തട്ടിപ്പ് കേസിൽ കോടതിയിൽ ഹാജരായ സിപിഎം നേതാക്കൾ ജാമ്യമെടുത്തു.
Ernakulam , 04 ജൂലൈ (H.S.) കരുവന്നൂർ സഹകരണ ബാങ്ക് വായ്പാ തട്ടിപ്പ് കേസിൽ കോടതിയിൽ ഹാജരായ സിപിഎം നേതാക്കൾ ജാമ്യമെടുത്തു. കൊച്ചിയിലെ പ്രത്യേക പിഎംഎൽഎ (കള്ളപ്പണ നിരോധന നിയമം) കോടതിയിൽ നിന്നാണ് ഇവർ ജാമ്യമെടുത്ത് മടങ്ങിയത്. തങ്ങൾ പ്രതികളായത് തെറ്റ് ചെയ
KARUVANNUR BLACK MONEY CASE


Ernakulam , 04 ജൂലൈ (H.S.)

കരുവന്നൂർ സഹകരണ ബാങ്ക് വായ്പാ തട്ടിപ്പ് കേസിൽ കോടതിയിൽ ഹാജരായ സിപിഎം നേതാക്കൾ ജാമ്യമെടുത്തു. കൊച്ചിയിലെ പ്രത്യേക പിഎംഎൽഎ (കള്ളപ്പണ നിരോധന നിയമം) കോടതിയിൽ നിന്നാണ് ഇവർ ജാമ്യമെടുത്ത് മടങ്ങിയത്. തങ്ങൾ പ്രതികളായത് തെറ്റ് ചെയ്തത് കൊണ്ടല്ലെന്നും സിപിഎം പ്രവർത്തകരായതിനാലാണെന്നും കെ രാധാകൃഷണൻ എംപി പ്രതികരിച്ചു. പാർട്ടിയെ തകർക്കാനുള്ള നീക്കത്തിൻ്റെ ഭാഗമാണന്നും അദ്ദേഹം ആരോപിച്ചു.

അഭിഭാഷകരുമായി ആലോചിച്ചു തുടർ നടപടികൾ സ്വീകരിക്കും. അടുത്ത 21ന് ഹാജരാകാനാണ് കോടതി നിർദേശിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇഡി രജിസ്റ്റർ ചെയ്ത കേസിലെ പ്രതികളായ മുന് മന്ത്രിമാരും സിപിഎം നേതാക്കളുമായ എ സി മൊയ്തീൻ എംഎൽഎ, കെ രാധാകൃഷ്ണൻ എംപി, സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസ് എന്നിവരാണ് ഇന്ന് കോടതയില് ഹാജരായത്. വിചാരണ നടപടികളിലേക്ക് കടക്കുന്നതിൻ്റെ ഭാഗമായാണ് കോടതിയില് നേതാക്കൾ നേരിട്ടെത്തിയത്.

അനുബന്ധ കുറ്റപത്രത്തിൽ പ്രതിചേർക്കപ്പെട്ട എ.സി മൊയ്തീൻ ഉൾപ്പെടെയുള്ള 28 പ്രതികളോടും ഇന്ന് ഹാജരാകാൻ കോടതി നിർദേശിച്ചിരുന്നു. കേസിൽ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് നിരീക്ഷിച്ച കോടതി, കുറ്റപത്രത്തിലെ കണ്ടെത്തലുകൾ വിചാരണയിലേക്ക് കടക്കാൻ പര്യാപ്തമാണെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് മുതിർന്ന നേതാക്കൾ ഉൾപ്പെടെയുള്ളവർക്ക് കള്ളപ്പണ നിരോധന നിയമപ്രകാരം വിചാരണ നേരിടേണ്ടി വരുന്നത്.

കേസിലെ അനുബന്ധ കുറ്റപത്രത്തിൽ എ സി മൊയ്തീൻ എംഎൽഎ 67-ാം പ്രതിയും കെ രാധാകൃഷ്ണൻ എംപി 70-ാം പ്രതിയുമാണ്. വ്യക്തികൾക്ക് പുറമെ സിപിഎം എന്ന രാഷ്ട്രീയ പാർട്ടിയെയും എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) ഈ കേസിൽ പ്രതി ചേർത്തിട്ടുണ്ട്. ബാങ്കിൽ നിന്ന് തട്ടിയെടുത്ത പണം പാർട്ടി ഫണ്ടിലേക്ക് എത്തിയതായും വിവിധ ആവശ്യങ്ങൾക്കായി പാർട്ടി ഇത് കൈപ്പറ്റിയതായും ഇഡി കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

ബാങ്കിലെ ബിനാമി ഇടപാടുകളിലും വായ്പാ ക്രമക്കേടുകളിലും നേതാക്കൾക്ക് പങ്കുണ്ടെന്ന നിഗമനത്തിൽ ഇഡി ഇവരെ മുൻപ് പലതവണ ചോദ്യം ചെയ്തിരുന്നു. അന്വേഷണത്തിൻ്റെ ഭാഗമായി സിപിഎമ്മിൻ്റെ പൊറത്തിശേരി ലോക്കൽ കമ്മിറ്റി ഓഫീസ് നിർമിക്കാൻ വാങ്ങിയ ഭൂമി ഉൾപ്പെടെ, പാർട്ടിയുടെയും സ്വകാര്യ വ്യക്തികളുടെയും കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കളും ബാങ്ക് അക്കൗണ്ടുകളും ഇഡി നേരത്തെ കണ്ടുകെട്ടുകയും മരവിപ്പിക്കുകയും ചെയ്തിരുന്നു.

കേരള രാഷ്ട്രീയത്തിൽ വലിയ ചർച്ചയായ കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ, പാർട്ടി ഘടകങ്ങൾക്കും മുതിർന്ന നേതാക്കൾക്കുമെതിരെയുള്ള ഇഡിയുടെ വാദങ്ങൾ കോടതി വിചാരണ നടപടികളിലേക്ക് നീങ്ങുന്നത് സിപിഎമ്മിന് രാഷ്ട്രീയമായി വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം നേതാക്കൾ അടക്കമുള്ളവര്ക്കെതിരെ അന്വേഷണം വേണമെന്നും ആരെയും രക്ഷിക്കാൻ ശ്രമിക്കരുതെന്നും പൊലീസിനോട് ഹൈക്കോടതി നേരത്തെ നിര്ദേശിച്ചിരുന്നു. ബാങ്ക് തട്ടിപ്പ് കേസ് സിബിഐയ്ക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലായിരുന്നു അന്വേഷണ ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തിക്കൊണ്ടുള്ള ഹൈക്കോടതി നിര്ദേശം.

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണ പരിധിയിലുള്ള മുഴുവൻ ആളുകളുടെയും പങ്ക് പൊലീസ് അന്വേഷിക്കണം. സിപിഎം നേതാക്കൾക്കെതിരെയടക്കം അന്വേഷണം വേണം. മൂന്ന് മാസത്തിനുള്ളിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചിരുന്നു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News