Enter your Email Address to subscribe to our newsletters

Idukki, 04 ജൂലൈ (H.S.)
ഇടുക്കി: നിക്ഷേപകരുടെ പണം തിരികെ നൽകാതെ വഞ്ചിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്യുന്ന സഹകരണ ബാങ്ക് ഭരണസമിതികളുടെ ക്രൂരതയ്ക്ക് ഇരയായി ജീവനൊടുക്കേണ്ടി വന്ന ഇടുക്കി കട്ടപ്പനയിലെ നിക്ഷേപകൻ സാബു തോമസിന്റെ മരണത്തിൽ നിർണായക തിരുമാനം. സാബു തോമസിന്റെ ആത്മഹത്യയെക്കുറിച്ചുള്ള അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് വിട്ടുകൊണ്ട് സർക്കാർ ഉത്തരവായി. സാബുവിന്റെ കുടുംബം ഉന്നയിച്ച ശക്തമായ ആവശ്യത്തെയും പരാതികളെയും തുടർന്നാണ് കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറാൻ ആഭ്യന്തര വകുപ്പ് തയ്യാറായത്. പ്രാദേശിക പൊലീസിന്റെ അന്വേഷണത്തിൽ തൃപ്തരല്ലെന്നും, ഭരണകക്ഷി നേതാക്കൾ ഉൾപ്പെട്ട കേസ് ആയതിനാൽ അട്ടിമറിക്കാൻ സാധ്യതയുണ്ടെന്നും കാണിച്ച് കുടുംബം സർക്കാരിനെ സമീപിച്ചിരുന്നു.
2024 ഡിസംബർ 20-നാണ് കേരളത്തെയാകെ നടുക്കിയ ദാരുണമായ സംഭവം അരങ്ങേറിയത്. കട്ടപ്പന റൂറൽ സർവീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുന്നിൽ സാബു തോമസിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. താൻ ചോരനീരാക്കി സമ്പാദിച്ച പണം ബാങ്കിൽ നിന്നും തിരികെ ലഭിക്കാത്തതിലുള്ള കടുത്ത മാനസിക വിഷമത്തിലായിരുന്നു സാബു. ഭാര്യയുടെ അടിയന്തര ശസ്ത്രക്രിയയ്ക്കും, വീട്ടിൽ കിടപ്പുരോഗിയായ പ്രായമായ അമ്മയുടെ ചികിത്സാ ആവശ്യങ്ങൾക്കും വേണ്ടിയാണ് സാബു ബാങ്കിനെ സമീപിച്ചത്. തന്റെ നിക്ഷേപ തുകയിൽ നിന്നും വെറും രണ്ട് ലക്ഷം രൂപ മാത്രം പിൻവലിക്കാനാണ് അദ്ദേഹം ബാങ്കിൽ എത്തിയത്.
എന്നാൽ പണം നൽകാൻ തയ്യാറാകാതിരുന്ന സൊസൈറ്റിയിലെ ജീവനക്കാർ സാബുവിനെ ക്രൂരമായി അപമാനിക്കുകയും തരംതാഴ്ത്തി സംസാരിക്കുകയും ചെയ്തതായി കുടുംബം പരാതിപ്പെടുന്നു. ഇതിന് പുറമെ, ബാങ്ക് ഭരിക്കുന്ന സിപിഐഎം നേതൃത്വത്തിലുള്ള ഭരണസമിതിയിലെ ഒരു പ്രമുഖ നേതാവ് സാബുവിനെ ഫോണിലൂടെയും നേരിട്ടും കടുത്ത ഭാഷയിൽ ഭീഷണിപ്പെടുത്തുകയും ചെയ്തു. പണം ചോദിച്ച് ഇനി ബാങ്കിലേക്ക് വരരുതെന്നും, എവിടെപ്പോയി പരാതിപ്പെട്ടാലും ഒന്നും നടക്കാൻ പോകുന്നില്ലെന്നുമായിരുന്നു നേതാവിന്റെ ഭീഷണി. തനിക്കും കുടുംബത്തിനും അർഹതപ്പെട്ട പണം ചോദിച്ചതിന് ഭരണകക്ഷി നേതാക്കളിൽ നിന്നും ജീവനക്കാരിൽ നിന്നും ഉണ്ടായ ഈ കടുത്ത മാനസിക പീഡനത്തിലും ഭീഷണിയിലും മനംനൊന്താണ് സാബു ഒടുവിൽ സൊസൈറ്റിയുടെ മുന്നിൽ തന്നെ ജീവനൊടുക്കാൻ തീരുമാനിച്ചത്.
സൊസൈറ്റിയുടെ അനാസ്ഥയ്ക്കും ഭരണസമിതിയുടെ രാഷ്ട്രീയ സമ്മർദ്ദങ്ങൾക്കും എതിരെയുള്ള സാബുവിന്റെ പ്രതിഷേധം കൂടിയായിരുന്നു ആത്മഹത്യ. സിപിഐഎം നേതൃത്വത്തിലുള്ള ഭരണസമിതിയാണ് കട്ടപ്പന റൂറൽ സർവീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഭരിക്കുന്നത്. അതുകൊണ്ടുതന്നെ പാർട്ടി സ്വാധീനം ഉപയോഗിച്ച് കേസ് ഒതുക്കിതീർക്കാൻ തുടക്കം മുതൽ ശ്രമങ്ങൾ നടന്നിരുന്നതായി ആക്ഷേപമുണ്ട്. സാബുവിന്റെ മരണത്തിന് ഉത്തരവാദികളായ ബാങ്ക് അധികൃതർക്കും സിപിഐഎം നേതാക്കൾക്കുമെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണമെന്നാണ് കുടുംബത്തിന്റെയും നാട്ടുകാരുടെയും ആവശ്യം. കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയതോടെ, സാബുവിനെ ഭീഷണിപ്പെടുത്തിയ രാഷ്ട്രീയ നേതാക്കളിലേക്കും ബാങ്ക് ഉദ്യോഗസ്ഥരിലേക്കും അന്വേഷണം നീളുമെന്നാണ് പ്രതീക്ഷിക്കുന്നത്.
---------------
Hindusthan Samachar / Roshith K