അമ്മത്തൊട്ടിലിൽ ഉപേക്ഷിച്ച കുഞ്ഞിനെ തിരികെ വേണം: അമ്മയുടെയും കുഞ്ഞിന്റെയും ഡിഎൻഎ പരിശോധന നടത്താൻ പൊലീസ് റിപ്പോർട്ട്
Kozhikode, 04 ജൂലൈ (H.S.) കോഴിക്കോട്: കോഴിക്കോട് ബീച്ച് ആശുപത്രിയിലെ അമ്മത്തൊട്ടിലിൽ മൂന്ന് മാസം മുൻപ് ഉപേക്ഷിക്കപ്പെട്ട ആൺകുഞ്ഞിനെ തിരികെ ലഭിക്കണമെന്ന ആവശ്യവുമായി അമ്മ രംഗത്തെത്തി. താൻ തന്നെയാണ് കുഞ്ഞിന്റെ അമ്മയെന്ന് അവകാശപ്പെട്ട് യുവതി നൽകിയ അപേ
അമ്മത്തൊട്ടിലിൽ ഉപേക്ഷിച്ച കുഞ്ഞിനെ തിരികെ വേണം: അമ്മയുടെയും കുഞ്ഞിന്റെയും ഡിഎൻഎ പരിശോധന നടത്താൻ പൊലീസ് റിപ്പോർട്ട്


Kozhikode, 04 ജൂലൈ (H.S.)

കോഴിക്കോട്: കോഴിക്കോട് ബീച്ച് ആശുപത്രിയിലെ അമ്മത്തൊട്ടിലിൽ മൂന്ന് മാസം മുൻപ് ഉപേക്ഷിക്കപ്പെട്ട ആൺകുഞ്ഞിനെ തിരികെ ലഭിക്കണമെന്ന ആവശ്യവുമായി അമ്മ രംഗത്തെത്തി. താൻ തന്നെയാണ് കുഞ്ഞിന്റെ അമ്മയെന്ന് അവകാശപ്പെട്ട് യുവതി നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിൽ, കുഞ്ഞിന്റെയും അമ്മയുടെയും ഡിഎൻഎ (DNA) പരിശോധന നടത്തണമെന്ന് വെള്ളയിൽ പൊലീസ് ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് (സിഡബ്ല്യുസി - CWC) റിപ്പോർട്ട് സമർപ്പിച്ചു. സംഭവത്തിൽ ജില്ലാ ശിശുസംരക്ഷണ വിഭാഗവും ചൈൽഡ് വെൽഫെയർ കമ്മിറ്റിയും സംയുക്തമായി വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഏതാനും മാസങ്ങൾക്ക് മുൻപാണ് നവജാത ശിശുവിനെ അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. തുടർന്ന് ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലായിരുന്നു കുഞ്ഞ്. എന്നാൽ കഴിഞ്ഞ മാസം, കുഞ്ഞിനെ തിരികെ വേണമെന്ന ആവശ്യവുമായി ഒരു യുവതി അധികൃതരെ സമീപിക്കുകയായിരുന്നു. സാഹചര്യം മൂലം കുഞ്ഞിനെ ഉപേക്ഷിക്കേണ്ടി വന്നതാണെന്നും ഇപ്പോൾ കുഞ്ഞിനെ വളർത്താൻ താൻ സന്നദ്ധയാണെന്നും യുവതി അപേക്ഷയിൽ വ്യക്തമാക്കിയിരുന്നു. ഈ വിഷയം പൊതുശ്രദ്ധയിൽ വന്നതോടെയാണ് അധികൃതർ നടപടികൾ വേഗത്തിലാക്കിയത്.

അപേക്ഷ നൽകിയ യുവതിയെ കണ്ടെത്തിയ വെള്ളയിൽ പൊലീസ് ഇവരുടെ വിശദമായ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. യുവതിയുടെ മൊഴിയിലെ വിവരങ്ങളും സാഹചര്യങ്ങളും പരിശോധിച്ച ശേഷമാണ്, ശാസ്ത്രീയമായ തെളിവ ഉറപ്പാക്കുന്നതിനായി ഡിഎൻഎ പരിശോധന അത്യാവശ്യമാണെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിയത്. കുഞ്ഞിന്റെ യഥാർത്ഥ അവകാശി ഈ യുവതി തന്നെയാണോ എന്ന് നിയമപരമായി സ്ഥിരീകരിക്കുന്നതിനാണ് പരിശോധന നടത്താൻ സിഡബ്ല്യുസിക്ക് ശുപാർശ നൽകിയത്.

പൊലീസ് സമർപ്പിച്ച ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റി തുടർനടപടികൾ ആരംഭിച്ചു കഴിഞ്ഞു. ഡിഎൻഎ പരിശോധനയ്ക്കുള്ള അനുമതി നൽകുന്നതും സാമ്പിളുകൾ ശേഖരിക്കുന്നതുമായ നടപടികളിലേക്ക് സിഡബ്ല്യുസി ഉടൻ കടക്കും. ഇതിനൊപ്പം ജില്ലാ ശിശുസംരക്ഷണ വിഭാഗം യുവതിയുടെ സാമൂഹിക പശ്ചാത്തലവും കുട്ടിയെ വളർത്താനുള്ള സാഹചര്യങ്ങളും അന്വേഷിക്കുന്നുണ്ട്.

ശാസ്ത്രീയ പരിശോധന ഫലം പുറത്തുവന്ന ശേഷമായിരിക്കും കുഞ്ഞിനെ യുവതിക്ക് കൈമാറുന്ന കാര്യത്തിൽ സിഡബ്ല്യുസി അന്തിമ തീരുമാനമെടുക്കുക. നിയമപരമായ എല്ലാ വശങ്ങളും പാലിച്ച്, കുഞ്ഞിന്റെ സുരക്ഷിതത്വവും അവകാശവും മുൻനിർത്തി മാത്രമായിരിക്കും തുടർന്നുള്ള നടപടികളെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വ്യക്തമാക്കി.

---------------

Hindusthan Samachar / Roshith K


Latest News