Enter your Email Address to subscribe to our newsletters

Thiruvanathapuram, 04 ജൂലൈ (H.S.)
തിരുവനന്തപുരം: പി.എസ്.സി. പരീക്ഷാ ക്രമക്കേടിലെ അന്വേഷണവും അട്ടിമറിച്ചു. ആസൂത്രണബോര്ഡ് ചീഫ് പരീക്ഷയിലെ ക്രമക്കേടിനെ കുറിച്ചുള്ള അന്വേഷണത്തിലാണ് തട്ടിപ്പ് നടന്നിരിക്കുന്നത്. പരീക്ഷാ നടത്തിപ്പിന്റെ ചുമതലയുള്ള പരീക്ഷാ കണ്ട്രോളറെത്തന്നെയാണ് ക്രമക്കേടിനെക്കുറിച്ചുള്ള അന്വേഷണവും കമ്മിഷന് ഏല്പ്പിച്ചത്.
ഗുരുതര ക്രമക്കേടിന്റെ അന്വേഷണം പോലീസിനോ ഡെപ്യൂട്ടേഷനില് പ്രവര്ത്തിക്കുന്ന പി.എസ്.സി.യുടെ വിജിലന്സ് വിഭാഗത്തിനോ കൈമാറും എന്നാണ് ബോര്ഡ് യോഗം തീരുമാനിച്ചത്. എന്നാല് അത് പാലിക്കാതെയാണ് പരീക്ഷ കണ്ട്രോളറെത്തന്നെ അന്വേഷണം ഏല്പ്പിച്ചത്.
ഇത് അന്വേഷണം അട്ടിമറിക്കാനുള്ള നീക്കമായാണ് ആരോപണം ഉയരുന്നത്.
ആസൂത്രണബോര്ഡിലെ ഉയര്ന്ന തസ്തികയായ ചീഫിന്റെ നിയമനത്തിന് നടത്തിയ പരീക്ഷയുടെ മൂല്യനിര്ണയത്തിലാണ് ക്രമക്കേടുണ്ടായത്. പത്ത് ചോദ്യങ്ങള്ക്ക് മാര്ക്കിടാതെ റാങ്ക്പട്ടിക പ്രസിദ്ധീകരിച്ച് നിയമനം നടത്തുകയായിരുന്നു. നിയമനം നേടിയയാള് ഇടതു സംഘടനാ നേതാവാണെന്ന് ആരോപണമുണ്ട്. സംഭവം വിവാദമായതോടെ തിങ്കളാഴ്ച കമ്മിഷന് യോഗംചേര്ന്ന് പി.എസ്.സി.യുടെ ഇന്റേണല് വിജിലന്സ് ഓഫീസറെ അന്വേഷണം ഏല്പ്പിക്കുന്ന വിചിത്രമായ തീരുമാനമാണ് ഉണ്ടായത്.
പി.എസ്.സി.യുമായി ബന്ധപ്പെട്ട ക്രമക്കേടുകള് അന്വേഷിക്കാന് സംസ്ഥാന പോലീസില്നിന്ന് ഡെപ്യൂട്ടേഷനില് എസ്.പി. റാങ്കിലുള്ള ഉദ്യോഗസ്ഥനുണ്ടായിട്ടും അന്വേഷണം അദ്ദേഹത്തെ ഏല്പ്പിച്ചില്ല. ആദ്യം മുതല് സംഭവത്തെ ലഘൂകരിക്കാനുള്ള ശ്രമമാണ് പി.എസ്.സി.യുടെ ഭാഗത്തുനിന്നുണ്ടായത്. വിവാദമുയര്ന്നിട്ടും റാങ്ക്പട്ടിക റദ്ദാക്കാന് തീരുമാനിച്ചിട്ടില്ല. വിട്ടുപോയ ഉത്തരങ്ങള്ക്ക് മൂല്യനിര്ണയം നടത്തി റാങ്ക്പട്ടിക അതിനനുസൃതമായി പരിഷ്കരിക്കാനാണ് ഇപ്പോഴത്തെ തീരുമാനം. ഗുരുതര ക്രമക്കേട് ശ്രദ്ധയില്പ്പെട്ട് ഒരാഴ്ചയായിട്ടും ഉത്തരവാദികളെ കണ്ടെത്താനോ ബന്ധപ്പെട്ടവര്ക്കെതിരേ നടപടിയെടുക്കാനോ തയ്യാറായതുമില്ല.
വിഷയത്തില് ഇടപെടാനാണ് നീക്കം. പി.എസ്.സിയുടെ വീഴ്ചകള് ചൂണ്ടികാട്ടി നിരവധി പരാതികളാണ് സര്ക്കാരിന് ലഭിച്ചിരിക്കുന്നത്. ഇത് ഗൗരവമായി എടുത്ത് അന്വേഷണത്തിനാണ് നീക്കം. ഇതിന്റെ നിയമവശങ്ങള് പരിശോധിച്ചു വരികയാണ്. ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തില് ഇക്കാര്യത്തില് തീരുമാനം ഉണ്ടാകാനാണ് സാധ്യത.
---------------
Hindusthan Samachar / Sreejith S