Enter your Email Address to subscribe to our newsletters

Thiruvananthapuram , 04 ജൂലൈ (H.S.)
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ പാർട്ടി നിലപാടുകളിലും സ്ഥാനാർഥി നിർണയത്തിലും പരസ്യ വിമർശനവുമായി സിപിഎം കേന്ദ്ര കമ്മിറ്റിയംഗം പുത്തലത്ത് ദിനേശൻ രംഗത്ത്. കണ്ണൂർ ജില്ലയിലെ പയ്യന്നൂർ, തളിപ്പറമ്പ് മണ്ഡലങ്ങളിലെ സ്ഥാനാർഥി നിർണയത്തിൽ പാർട്ടി സ്വീകരിച്ച തീരുമാനങ്ങൾ വേണ്ടത്ര ഗുണം ചെയ്തില്ലെന്ന് അദ്ദേഹം തുറന്നടിച്ചു. ‘തിരഞ്ഞെടുപ്പു രംഗത്തു വന്ന ചില പോരായ്മകൾ’ എന്ന തലക്കെട്ടിൽ സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിലാണ് പാർട്ടി നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കുന്ന കടുത്ത ആത്മവിമർശനം അദ്ദേഹം ഉന്നയിച്ചിരിക്കുന്നത്.
വിവാദങ്ങൾ ഉയർന്ന പയ്യന്നൂരിലും തളിപ്പറമ്പിലും പാർട്ടി എടുത്ത തീരുമാനങ്ങൾ രാഷ്ട്രീയമായി ഗുണകരമായില്ല. ഇതിനുപുറമേ, തിരഞ്ഞെടുപ്പിൽ എൽഡിഎഫ് മുന്നോട്ടുവെച്ച പ്രധാന മുദ്രാവാക്യങ്ങൾ ജനങ്ങളെ ആകർഷിക്കുന്നതിൽ പരാജയപ്പെട്ടുവെന്നും തിരഞ്ഞെടുപ്പ് കാലത്തുണ്ടായ ചില പ്രസ്താവനകൾ തിരിച്ചടിയായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. പാർട്ടിയുടെ വിവിധ ഘടകങ്ങളിൽ സജീവമായി പ്രവർത്തിച്ചിരുന്ന ആറുപേർ എൽഡിഎഫ് സ്ഥാനാർഥികൾക്കെതിരെ വിമതരായി മത്സരരംഗത്തിറങ്ങിയത് ജനങ്ങൾക്കിടയിൽ വലിയ തോതിൽ അവമതിപ്പുണ്ടാക്കാൻ ഇടയാക്കിയെന്നും പുത്തലത്ത് ദിനേശൻ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കുന്നു.
അയ്യപ്പസംഗമവും യോഗിയുടെ സന്ദേശവും വലിയ പോരായ്മ
തിരഞ്ഞെടുപ്പ് കാലത്ത് ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ നടന്ന 'അയ്യപ്പസംഗമം' പോലുള്ള പരിപാടികൾ വലിയ ജനസ്വാധീനത്തെ ബാധിച്ചതായാണ് വിലയിരുത്തൽ. ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നതിൽ തെറ്റില്ല. എന്നാൽ, ഇതൊരു സർക്കാർ പരിപാടിയാണെന്ന തരത്തിൽ വലിയ തോതിൽ പ്രചാരണമുണ്ടായെന്നും അത് സാധാരണ ജനങ്ങളെ സ്വാധീനിക്കാൻ ഇടയാക്കിയെന്നും അദ്ദേഹം കുറിപ്പിൽ ഓർമ്മിപ്പിക്കുന്നു. ആർഎസ്എസ് പശ്ചാത്തലമുള്ള ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സന്ദേശം ഈ സമ്മേളനത്തിൽ വായിക്കാൻ ഇടയായത് ഗുരുതരമായ പോരായ്മയും തെറ്റായ നടപടിയുമായിരുന്നു.
കൂടാതെ, വിവാദമായ സ്വർണപ്പാളി കേസിൽ പ്രതിയായ എ. പത്മകുമാർ ജയിലിൽ കഴിയുന്ന സമയത്ത് അദ്ദേഹത്തിനെതിരെ സംഘടനാപരമായ നടപടിയെടുക്കുന്നതിൽ പാർട്ടിക്ക് ചില സാങ്കേതിക പരിമിതികൾ ഉണ്ടായിരുന്നു എന്നത് യാഥാർത്ഥ്യമാണ്. എന്നാൽ വിഷയത്തിന്റെ അടിയന്തര പ്രാധാന്യവും തിരഞ്ഞെടുപ്പ് പശ്ചാത്തലവും കണക്കിലെടുത്ത് അടിയന്തരമായി നടപടി സ്വീകരിക്കാതിരുന്നത് വലിയ വീഴ്ചയായിപ്പോയെന്നും പുത്തലത്ത് ദിനേശൻ വിലയിരുത്തുന്നു.
വെള്ളാപ്പള്ളിക്കെതിരായ വിമർശനത്തിൽ വ്യക്തത കുറഞ്ഞു
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നടത്തിയ മുസ്ലിം വിരുദ്ധ പരാമർശങ്ങളോട് പാർട്ടിക്കുള്ള കടുത്ത വിയോജിപ്പ് വ്യക്തമാക്കിയിരുന്നു. എന്നാൽ, ആ വിഷയത്തിൽ കുറെക്കൂടി വ്യക്തതയോടെയും ശക്തമായ വിമർശന സ്വഭാവത്തോടെയും പ്രസ്താവനകൾ ഇറക്കുന്നതിൽ പാർട്ടിക്ക് പോരായ്മ സംഭവിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇത്തരം പരസ്യമായ തിരുത്തലുകളും തുറന്നുപറച്ചിലുകളും വരുംദിവസങ്ങളിൽ സിപിഎമ്മിനുള്ളിൽ വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറക്കുമെന്നുറപ്പാണ്.
---------------
Hindusthan Samachar / Roshith K