Enter your Email Address to subscribe to our newsletters

Thrissur, 04 ജൂലൈ (H.S.)
തൃശ്ശൂര്‍ നെടുപുഴ കരിമ്പറ്റ കോള്‍പ്പാടത്ത് ബോട്ട് മുങ്ങി കാണാതായവരുടെ മൃതദേഹം കണ്ടെത്തി. രണ്ടുപേരുടെ മൃതദേഹമാണ് ഇന്ന് രാവിലെ നടത്തിയ തിരച്ചിലില്‍ കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം ആറ് മണിയോടെയായിരുന്നു അപകടം. അഞ്ചുപേരടങ്ങുന്ന സംഘമായിരുന്നു ബോട്ടില്‍ ഉണ്ടായിരുന്നത്. കോളില്‍ വളര്‍ത്തിയിരുന്ന മീനിന് തീറ്റ കൊടുക്കാന്‍ പോയവരാണ് അപകടത്തില്‍പ്പെട്ടത്.
കോള്‍ പാട്ടത്തിനെടുത്ത ചാഴൂര്‍ സ്വദേശി സുനില്‍ ഉള്‍പ്പെടെയുള്ളവരാണ് ബോട്ടിലുണ്ടായിരുന്നത്. പാടത്തിനു നടുവില്‍വെച്ച് ബോട്ട് മുങ്ങുകയായിരുന്നു.അപകടസമയത്ത് ബോട്ടില്‍ ഉണ്ടായിരുന്ന അഞ്ചുപേരില്‍ മൂന്നുപേര്‍ നീന്തി രക്ഷപ്പെട്ടിരുന്നു.തൊഴിലാളികളായ നിഷാദ് അറയ്ക്കല്‍ മാളിയേക്കല്‍ (42), ഗിരീഷ് കിഴക്കൂട്ട് (48) എന്നിവരാണ് നീന്തി കരയിലെത്തിയത്.
സുനിലിനെ പടവില്‍ തളര്‍ന്നുകിടക്കുന്ന നിലയില്‍ തിരച്ചില്‍ സംഘം കണ്ടെത്തുകയായിരുന്നു. സുനിലിനൊപ്പം ഉണ്ടായിരുന്ന മറ്റു രണ്ടുപേരെ പരിചയം ഇല്ലെന്നാണ് തൊഴിലാളികള്‍ പറയുന്നത്. സ്‌കൂബാ സംഘത്തിന്റെ നേതൃത്വത്തില്‍ അഗ്‌നി രക്ഷാസേനയും പോലീസും മൂന്നു മണിക്കൂറോളം തിരച്ചില്‍ തുടര്‍ന്നെങ്കിലും ഫലമുണ്ടായിരുന്നല്ല. രാത്രി മഴ കൂടി ശക്തമായതോടെ രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവച്ചു.
തുടര്‍ന്ന് രാവിലെ വീണ്ടും നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. നെടുപുഴ പോലീസും തൃശ്ശൂര്‍ അഗ്‌നി രക്ഷാസേനയും തിരച്ചിലില്‍ പങ്കാളികളായി. നെടുപുഴ എസ്.ഐ. പി. രാജനാരായണന്‍, അഗ്‌നി രക്ഷാസേന സ്റ്റേഷന്‍ ഓഫീസര്‍ ബി. വൈശാഖ്, സീനിയര്‍ ഫയര്‍ ഓഫീസര്‍ പി.എസ്. ബിനു, ശ്രീഹരി, ദിനേശ്, ഗോകുല്‍, ഷാജന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
---------------
Hindusthan Samachar / Sreejith S