Enter your Email Address to subscribe to our newsletters

Idukki , 05 ജൂലൈ (H.S.)
കനത്ത മണ്ണിടിച്ചിൽ ഭീഷണിയുയർത്തി പഴയ മൂന്നാറിൽ ഭൂമിയിൽ വൻ വിള്ളൽ രൂപപ്പെട്ടു. പഴയ മൂന്നാർ സിഎസ്ഐ പള്ളിക്ക് സമീപമാണ് പ്രദേശവാസികളെയാകെ ആശങ്കയിലാഴ്ത്തിക്കൊണ്ട് വലിയ തോതിൽ വിള്ളൽ വീണിരിക്കുന്നത്. വൻ മലയിടിച്ചിലിനുള്ള സാധ്യത മുന്നിൽക്കണ്ട് മേഖലയിൽ റവന്യൂ വകുപ്പ് അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
ദേശീയപാതയ്ക്ക് മുകളിൽ വിള്ളൽ; വൻ ദുരന്തസാധ്യത
കൊച്ചി - ധനുഷ്കോടി ദേശീയ പാത കടന്നുപോകുന്ന മലനിരകൾക്ക് തൊട്ടുമുകളിലായാണ് വിള്ളൽ രൂപപ്പെട്ടിരിക്കുന്നത്. നിലവിൽ ഈ മേഖലയിൽ ദേശീയപാതയുടെ വീതികൂട്ടൽ അടക്കമുള്ള നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. കനത്ത മഴയോ നേരിയ മണ്ണൊലിപ്പോ ഉണ്ടായാൽ പോലും വിള്ളൽ വീണ വൻ മലയിടുക്ക് നേരെ നിർമ്മാണം നടക്കുന്ന ദേശീയ പാതയിലേക്ക് പതിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.
ഇത് വലിയൊരു ദുരന്തത്തിന് കാരണമായേക്കാമെന്ന ആശങ്കയിലാണ് അധികൃതർ. ദേശീയപാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചതിന് ശേഷമാണ് ഈ ഭാഗത്ത് ഇത്തരത്തിൽ വിള്ളലുകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങിയതെന്നാണ് പ്രദേശവാസികളുടെ ആരോപണം.
വൈദിക മന്ദിരം അതീവ അപകടാവസ്ഥയിൽ
സിഎസ്ഐ പള്ളിക്ക് സമീപം വൈദികനും കുടുംബവും താമസിക്കുന്ന വീടിനോട് ചേർന്നാണ് പ്രധാനമായും ഭൂമി പിളർന്നിരിക്കുന്നത്. ഏതുനിമിഷവും തകർന്നു വീഴാവുന്ന തരത്തിൽ അതീവ അപകടാവസ്ഥയിലാണ് നിലവിൽ ഈ കെട്ടിടം. നിലവിൽ സ്കൂളുകൾക്ക് അവധിയായതിനാൽ വലിയൊരു അപകടസാധ്യത താത്ക്കാലികമായി ഒഴിവായിട്ടുണ്ടെന്ന് നാട്ടുകാർ വ്യക്തമാക്കി. ഇവിടെ താമസിക്കുന്ന പാസ്റ്ററുടെയും കുടുംബത്തിൻ്റെയും സുരക്ഷയെ മുൻനിർത്തി ഇവരെ അടിയന്തരമായി മാറ്റുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ അധികൃതരുടെ പരിഗണനയിലാണ്.
തുടർനടപടികൾ ആവശ്യപ്പെട്ട് നാട്ടുകാർ
ദേശീയപാത റോഡ് പണി തുടങ്ങിയത് മുതലാണ് ഇവിടെ പ്രശ്നം ആരംഭിച്ചത്. ഇന്നലെ മുതൽ ചർച്ചിൻ്റെ പാസ്റ്ററും കുടുംബവും താമസിക്കുന്ന വീടിൻ്റെ ഭാഗത്ത് വലിയ വിള്ളൽ വീണിരിക്കുകയാണ്. ഏത് നിമിഷവും ഇത് ഇടിഞ്ഞു താഴേക്ക് വീഴാവുന്ന അവസ്ഥയിലാണ്. സബ് കളക്ടർ വന്ന് സ്ഥലം കണ്ടിട്ടുണ്ട്. പാസ്റ്റർ താമസിക്കുന്ന വീടിന് ഇപ്പോൾ വലിയ ഭീഷണിയാണ് നിലനിൽക്കുന്നതെന്ന് നാട്ടുകാർ പറഞ്ഞു.
സബ് കളക്ടറുടെ നേതൃത്വത്തിൽ അടിയന്തര പരിശോധന; രാത്രികാല നിയന്ത്രണം
സ്ഥിതിഗതികൾ ഗൗരവതരമായതോടെ ദേവികുളം സബ് കളക്ടർ വി എം ആര്യയുടെ നേതൃത്വത്തിലുള്ള റവന്യൂ സംഘം പ്രദേശത്ത് അടിയന്തര സന്ദർശനം നടത്തി പരിശോധന പൂർത്തിയാക്കി. തഹസിൽദാർ, വില്ലേജ് ഓഫിസർമാർ എന്നിവരടങ്ങുന്ന ഉന്നതതല സംഘമാണ് സ്ഥലത്തെത്തിയത്. മുൻകരുതലിൻ്റെ ഭാഗമായി പ്രദേശത്ത് കർശന ജാഗ്രത പുലർത്താനും രാത്രികാലങ്ങളിൽ ഈ പാതയിലൂടെയുള്ള യാത്ര ഒഴിവാക്കാനും സബ് കളക്ടർ നിർദേശം നൽകിയിട്ടുണ്ട്.
ജില്ലാ ഭരണകൂടത്തിന് റിപ്പോർട്ട് നൽകും
നിലവിലെ സാഹചര്യവും സുരക്ഷാ ഭീഷണിയും സംബന്ധിച്ച് റവന്യൂ വകുപ്പ് ജില്ലാ ഭരണകൂടത്തിന് ഉടൻ തന്നെ അടിയന്തര റിപ്പോർട്ട് സമർപ്പിക്കും. ജിയോളജി വകുപ്പിൻ്റെ വിദഗ്ധ പരിശോധനയ്ക്ക് ശേഷം മാത്രമായിരിക്കും ഈ ഭാഗത്തെ തുടർ നിർമ്മാണ പ്രവർത്തനങ്ങളും സുരക്ഷാ മതിലുകളുടെ നിർമ്മാണവും സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുക.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR